Agriculture
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തിൽ കേരളത്തിലെ പരമ്പരാഗത കൃഷികൾ പലതും പ്രതിസന്ധി നേരിടുന്ന കാലമാണിത്. മഴയുടെ ക്രമം തെറ്റുന്നു. വേനൽ കനക്കുന്നു. രോഗങ്ങളും കീടബാധയും വർധിക്കുന്നു.
കർഷകർക്കു കൃഷിയോടുള്ള ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ദീർഘകാല വരുമാനം ഉറപ്പാക്കുന്ന ഒരു കാർഷിക മാതൃക വയനാട്ടിൽ വളർന്നുവരുകയാണ്. ആ മാതൃകയുടെ പിന്നിൽ നിൽക്കുന്നത് തൃക്കപ്പറ്റ സ്വദേശിയായ മുല്ലത്തൊടിയിൽ എം. ബാബുരാജ് എന്ന കർഷകനാണ്.
"വേൾഡ് ഓഫ് ബാംബു’ എന്ന സംരംഭത്തിലൂടെ മുളയുടെ ഉത്പാദനം, വിവിധ ഇനങ്ങളുടെ പ്രചരണം, ഗുണമേന്മയുള്ള തൈകളുടെ വിതരണം, കർഷകർക്ക് പരിശീലനം, വിപണി കണ്ടെത്തൽ തുടങ്ങി സമഗ്രമായ ഒരു കാർഷിക ശൃംഖല രൂപപ്പെടുത്തുകയാണ് അദ്ദേഹം.
ഇന്ന് അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും അറുപതിലധികം മുളവർഗങ്ങൾ വളരുന്നു. ഓരോ ഇനത്തിനും വ്യത്യസ്തമായ ഉപയോഗവും വിപണി സാധ്യതയുമുണ്ട്.
കാലാവസ്ഥയെ തോൽപിക്കുന്ന കൃഷി
കാലാവസ്ഥ എത്രമാത്രം മാറിയാലും അതിനെ അതിജീവിച്ച് വളരാൻ കഴിയുന്ന ചുരുക്കം ചില സസ്യങ്ങളിൽ ഒന്നാണ് മുള. കടുത്ത ചൂടും കനത്ത മഴയും താരതമ്യേന കുറഞ്ഞ ജലലഭ്യതയും അതിജീവിക്കാൻ മുളയ്ക്ക് കഴിയും.
ആഴത്തിൽ വ്യാപിക്കുന്ന വേരുകൾ മണ്ണിനെ ശക്തമായി പിടിച്ചുനിർത്തുന്നതിനാൽ മണ്ണൊലിപ്പും മണ്ണിടിച്ചിലും കുറയ്ക്കാനും ഇത് സഹായിക്കുന്നു.
"മറ്റു പല കൃഷികളും നഷ്ടത്തിലേക്ക് പോകുമ്പോഴും മുളക്കൃഷി കർഷകന് പ്രതീക്ഷ നൽകുന്ന വിളയാണ്. ഒരിക്കൽ നട്ടാൽ പതിറ്റാണ്ടുകളോളം വരുമാനം ലഭിക്കും,’- ബാബുരാജ് പറയുന്നു.
അറുപത് ഇനങ്ങളുടെ ജീവനുള്ള ശേഖരം
ബാബുരാജിന്റെ തോട്ടത്തിൽ ആനമുള, കല്ലൻമുള, ബാംബൂസ ബാല്കോവ, ഡെൻഡ്രോകാലമസ് അസ്പർ, ജയന്റ് ബാംബൂ, തോണ്ലെസ് ഇനങ്ങൾ തുടങ്ങി നിരവധി മുളവർഗങ്ങൾ വളരുന്നു. ഓരോ ഇനത്തിനും പ്രത്യേകം ഉപയോഗമുണ്ട്.
നിർമ്മാണ മേഖല, ഫർണിച്ചർ വ്യവസായം, പേപ്പർ വ്യവസായം, അഗർബത്തി നിർമാണം, കൈത്തറി ഉത്പന്നങ്ങൾ, ബയോപ്ലാസ്റ്റിക്, ബയോ എനർജി, ടെക്സ്റ്റൈൽ ഫൈബർ, കാർബണ് ഉത്പന്നങ്ങൾ, ഭക്ഷ്യയോഗ്യമായ മുളങ്കാന്പ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലേക്കാണ് ഇവ എത്തുന്നത്.
മുളയുടെ സാമ്പത്തിക ശക്തി
ഇന്ത്യയിൽ മുളയുടെ ആവശ്യകത വർഷംതോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ പദ്ധതികൾ, ദേശീയ പാതകൾ, റിസോർട്ടുകൾ, പ്രകൃതി സൗഹൃദ കെട്ടിടങ്ങൾ, ഇക്കോ ടൂറിസം പദ്ധതികൾ എന്നിവയിൽ മുളയുടെ ഉപയോഗം വർധിച്ചതോടെ അസംസ്കൃത മുളയുടെ വിപണിയും വ്യാപകമായി.
നിർമാണത്തിനുപയോഗിക്കുന്ന മുളയുടെ വില ഗുണനിലവാരമനുസരിച്ച് 100 മുതൽ 200 രൂപ വരെ ലഭിക്കുന്നു. ചില പ്രത്യേക ഇനങ്ങൾക്ക് അതിലേറെയും വില ലഭിക്കുന്നുണ്ട്. റണ്ണിംഗ് ഫീറ്റിന് 10 രൂപ മുതൽ വില ലഭിക്കുന്ന വിപണികളും നിലവിലുണ്ട്.
ഒരേക്കർ മുളത്തോട്ടത്തിൽ അഞ്ചാം വർഷം മുതൽ ശരാശരി 1500 മുളകൾ വരെ ലഭിക്കും. ഇതിലൂടെ വർഷംതോറും ലക്ഷങ്ങൾ വരുമാനം നേടാൻ കഴിയുമെന്ന് ബാബുരാജ് പറയുന്നു.
Agriculture
പച്ചപ്പിന്റെ സമൃദ്ധിയിൽ തുടിച്ചുനിൽക്കുന്ന തൊടിയിലേക്ക് അതിരാവിലെ ഇറങ്ങുന്പോൾ എഴുപത്തെട്ടാം വയസിലും സീതാലക്ഷ്മി അമ്മാളിന് ചെറുപ്പത്തിന്റെ ചുറുചുറുക്കാണ്.
ആറു പതിറ്റാണ്ടിലേറെയായി മണ്ണിനോടു ചേർന്നുനിന്ന് കൃഷി ചെയ്യുന്ന സി.വി. സീതാലക്ഷ്മി മണ്ണിൽ പൊന്നുവിളയിക്കുകയാണ്. കൃഷിയോടുള്ള ആത്മാർഥതയും മണ്ണിനോടുള്ള സ്നേഹവുമാണ് പ്രായത്തെ മറികടന്ന് ഇന്നും അവരെ കൃഷിയിടത്തിലെത്തിക്കുന്നത്.
തൃശൂർ ചേലക്കര ചേലക്കോട് വടക്കേമഠം രാമലിംഗയ്യരുടെ പത്നിയായി എത്തിയതോടെയാണ് സീതാലക്ഷ്മിയുടെ കാർഷികജീവിതം കൂടുതൽ സജീവമാകുന്നത്.
കൃഷിക്കാരനായ ഭർത്താവിന്റെ താത്പര്യങ്ങൾക്കൊപ്പം ചേർന്നതോടെ കൃഷി അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറി. പിന്നീട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മണ്ണുമായുള്ള ആ ബന്ധം തുടർന്നുപോരുന്നു.
റബറും പച്ചക്കറി കൃഷിയും
ഏകദേശം 25 ഏക്കർ സ്ഥലത്താണ് സീതാലക്ഷ്മി അമ്മാളിനും കുടുംബത്തിനും റബർ കൃഷിയുള്ളത്. ഇതിൽ ആറേക്കറോളം വരുന്ന പ്രദേശത്ത് റബർ റീപ്ലാന്റിങ്ങിനൊപ്പം ഇടവിളയായി വിവിധ കാർഷികവിളകളും കൃഷി ചെയ്യുന്നു.
പച്ചക്കറികൾക്കും കിഴങ്ങുവർഗങ്ങൾക്കും പഴവർഗങ്ങൾക്കും ഒരുപോലെ ഇടം നൽകിയിരിക്കുന്ന ഈ കൃഷിയിടം വൈവിധ്യത്തിന്റെ മികച്ച മാതൃകയാണ്. എല്ലാ ദിവസവും രാവിലെ ഏഴരയോടെ തൊഴിലാളികൾക്കൊപ്പം സീതാലക്ഷ്മി അമ്മാളും കൃഷിയിടത്തിലെത്തും.
പണിക്കാർ പറമ്പിൽനിന്നു കയറുന്നതുവരെ അവർക്കൊപ്പം ജോലികളിൽ മുഴുകും. പ്രായം 78 പിന്നിട്ടെങ്കിലും കൃഷിയിടത്തിലെ ഓരോ കാര്യത്തിലും നേരിട്ട് ഇടപെടുന്ന ശീലം ഇന്നും തുടർന്നു പോരുന്നു.
മത്തൻ, എളവൻ, വെള്ളരി തുടങ്ങിയ പച്ചക്കറികൾക്കൊപ്പം വാഴ, ചേന്പ്, ചേന, മഞ്ഞൾ, ഇഞ്ചി, കുരുമുളക് തുടങ്ങിയ വിളകളും തെങ്ങും കവുങ്ങും കൃഷിയിടത്തിന്റെ കാർഷിക വൈവിധ്യം വർധിപ്പിക്കുന്നു.
ഇടവിളയിൽ മികച്ച വിളവ്
റബർ തോട്ടത്തിൽ ഇടവിളയായി ഏകദേശം 600 ഞാലിപ്പൂവൻ വാഴകളും കൃഷി ചെയ്യുന്നുണ്ട്. ഇതിനൊപ്പം ചേനയും ചേന്പും ഉൾപ്പെടെയുള്ള കൃഷിയിടത്തിലുണ്ട്. ഒരേക്കറോളം സ്ഥലത്ത് മാവും നട്ടുപിടിപ്പിച്ചിട്ടുണ്ട്.
കൃഷിയിൽനിന്നുള്ള ഉത്പന്നങ്ങൾ പ്രധാനമായും മൊത്തക്കച്ചവടക്കാർ വഴിയാണ് വിപണിയിലെത്തിക്കുന്നത്. പച്ചക്കറികളും ഇതേ രീതിയിൽ വിൽക്കുന്നു.
തൃശൂരിൽ ധനലക്ഷ്മി സെക്യൂരിറ്റീസ് എന്ന സ്ഥാപനം നടത്തുന്ന മകൻ വൈത്തീശ്വരൻ അയ്യരാണ് കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രധാനമായും സഹായിക്കുന്നത്.
Agriculture
പഴയകാല ഗ്രാമീണ ജീവിതത്തിന്റെ മധുരസ്മരണകളിൽ ഒന്നാണ് നാട്ടിപ്പാട്ടിന്റെ ഈണവും നെൽവയലിലെ ചെളി മണക്കുന്ന പകലുകളും. കാലം മാറിയതോടെ കുട്ടികൾക്ക് ആ അനുഭവങ്ങൾ പുസ്തകത്തിലെ ചിത്രങ്ങളായി മാത്രം മാറിക്കൊണ്ടിരിക്കുന്പോൾ, വയനാട്ടിലെ ബീനാച്ചി ഗവണ്മെന്റ് ഹൈസ്കൂൾ അതിന് വേറിട്ടൊരു മറുപടി കണ്ടെത്തിയിരിക്കുകയാണ്.
മൂന്നാം വർഷവും വിദ്യാർഥികളെ ചെളിയിലിറക്കി നെൽകൃഷിയുടെ പാഠങ്ങൾ ജീവിതാനുഭവമാക്കി മാറ്റുകയാണ് ഈ വിദ്യാലയം. സുൽത്താൻബത്തേരിക്കു സമീപം പഴുപ്പത്തൂർ ചപ്പക്കൊല്ലിയിലെ 40 സെന്റ് നെൽപ്പാടമാണ് ഇത്തവ ണയും കുട്ടികളുടെ കാർഷിക പരീക്ഷണശാല.
ഞാറ് നട്ടും മീൻപിടിച്ചും ചിരിച്ചും കളിച്ചും കുട്ടികൾക്ക് അത് ഒരു പഠനദിനം മാത്രമായിരുന്നില്ല; പ്രകൃതിയോടൊപ്പം ചെലവഴിച്ച മറക്കാനാകാത്ത ഉത്സവദിനം കൂടിയായിരുന്നു.
പുസ്തകത്തിൽനിന്ന് പാടത്തേക്ക്
നെൽകൃഷിയെക്കുറിച്ച് ക്ലാസ്മുറിയിൽ പഠിപ്പിക്കാം. വിത്തിടൽ, ഞാറ് തയാറാക്കൽ, നടീൽ, വളപ്രയോഗം, കളപറിക്കൽ, കൊയ്ത്ത് എല്ലാം പുസ്തകത്തിൽ വിശദീകരിക്കാനും കഴിയും. പക്ഷേ ചെളിയിലിറങ്ങി സ്വന്തം കൈകൊണ്ട് ഞാറ് നട്ടപ്പോഴാണ് വിദ്യാർഥികൾക്ക് യഥാർഥ കൃഷിയുടെ അനുഭവം ലഭിച്ചത്.
ബീനാച്ചി ഗവ. ഹൈസ്കൂളിലെ കൃഷി ക്ലബ്ബിന്റെ നേതൃത്വത്തിൽ നാല്പതോളം വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് നാട്ടിപ്പണി നടത്തിയത്. ഓരോ ഞാറും മണ്ണിലേക്ക് പതിയുന്പോൾ കുട്ടികളുടെ മുഖത്ത് നിറഞ്ഞത് കൗതുകവും സന്തോഷവുമായിരുന്നു.
അധ്യാപകർ കൃഷിരീതികൾ വിശദീകരിച്ചുകൊടുക്കുന്പോൾ പരിചയസന്പന്നരായ നാട്ടുകാർ കുട്ടികൾക്ക് നാട്ടിപ്പണിയുടെ ചെറു സൂത്രങ്ങൾ പറഞ്ഞു കൊടുത്തു. വരികൾ നേരെയാക്കുന്നതുമുതൽ തൈയുടെ അകലം വരെ ഓരോ കാര്യവും അവർ ശ്രദ്ധയോടെ പഠിച്ചു.
ചെളിയിലിറങ്ങിയപ്പോൾ പുസ്തകങ്ങൾ മറന്നു
വയലിൽ കാൽവെച്ച നിമിഷം മുതൽ കുട്ടികൾക്ക് അത് മറ്റൊരു ലോകമായിരുന്നു. കാൽ മുഴുവൻ ചെളിയിൽ പൂണ്ടിട്ടും ആരും മടിച്ചില്ല. കൂട്ടുകാരുമായി തമാശ പറഞ്ഞും പരസ്പരം സഹായിച്ചും കുട്ടികൾ ഞാറ് നട്ടു.
നാട്ടിപ്പണി കഴിഞ്ഞപ്പോൾ പാടത്ത് ശേഷിച്ച വെള്ളത്തിൽ മീൻപിടിക്കാനും അവർ ഇറങ്ങി. കൈയിൽ കിട്ടിയ കുഞ്ഞുമീനുകളേക്കാൾ വിലപ്പെട്ടത് അവർക്കു ലഭിച്ച അനുഭവമായിരുന്നു.
മൊബൈൽ സ്ക്രീനുകളിലും ഡിജിറ്റൽ ഗെയിമുകളിലും സമയം ചെലവഴിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് പ്രകൃതിയുമായി ചേർന്നുനിൽക്കുന്ന ഇത്തരം അനുഭവങ്ങൾ അപൂർവമാണ്.
അതുകൊണ്ടുതന്നെ ഈ കാർഷിക ദിനം കുട്ടികളുടെ മനസ്സിൽ ഏറെക്കാലം നിലനിൽക്കുന്ന ഓർമയായി മാറും.
Agriculture
കേരളത്തിന്റെ കാർഷിക സമ്പദ്വ്യവസ്ഥയിലും സംസ്കാരത്തിലും തെങ്ങിന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. എന്നാൽ, പല തെങ്ങിൻതോട്ടങ്ങളിലും വർഷങ്ങളായി ഒരേ രീതിയിലുള്ള രാസവളപ്രയോഗം, ജൈവവസ്തുക്കളുടെ കുറവ്, മണ്ണിലെ പോഷക അസന്തുലിതാവസ്ഥ, അമിതമായ കളനാശിനി ഉപയോഗം, ജലലഭ്യതയിലെ വ്യതിയാനം തുടങ്ങിയ കാരണങ്ങളാൽ മണ്ണിന്റെ സ്വാഭാവിക ഫലഭൂയിഷ്ഠത കുറയുന്നതായി കാണുന്നു.
തെങ്ങ് ഒരു ദീർഘകാല വിളയായതിനാൽ, ഒരു വർഷത്തെ വളപ്രയോഗം മാത്രം കണക്കിലെടുത്തല്ല പോഷകപരിപാലനം നടത്തേണ്ടത്. മണ്ണിന്റെ ആരോഗ്യം സംരക്ഷിച്ചുകൊണ്ട് വർഷങ്ങളോളം സ്ഥിരതയുള്ള ഉയർന്ന വിളവ് നേടുക എന്നതായിരിക്കണം ലക്ഷ്യം.
ഇതിനുള്ള ഏറ്റവും ശാസ്ത്രീയമായ സമീപനമാണ് സംയോജിത പോഷക മാനേജ്മെന്റ് (Integrated Nutrient Management - INM). INM എന്നത് രാസവളങ്ങൾ ഒഴിവാക്കുക എന്നതല്ല.
മറിച്ച് ജൈവവളങ്ങൾ + രാസവളങ്ങൾ+ജൈവവളപ്രയോഗം+ഗുണകരമായ സൂക്ഷ്മജീവികൾ+വിളാവശിഷ്ടങ്ങളുടെ പുനരുപയോഗം+മണ്ണ് പരിശോധന+ശരിയായ ജലപരിപാലനം എന്നിവ ശാസ്ത്രീയമായി സംയോജിപ്പിച്ച് ചെടിക്ക് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുന്ന രീതിയാണ്.
എന്തുകൊണ്ടാണ് തെങ്ങിന് INM ആവശ്യമായത്?ഒരു പ്രായപൂർത്തിയായ തെങ്ങ് വർഷം മുഴുവൻ തുടർച്ചയായി ഇലകൾ, പൂങ്കുലകൾ, തേങ്ങകൾ എന്നിവ ഉത്പാദിപ്പിക്കുന്നു. അതിനാൽ മണ്ണിൽനിന്ന് വലിയ അളവിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും കാൽസ്യം, മഗ്നീഷ്യം, സൾഫർ, ബോറോണ്, സിങ്ക്, ഇരുന്പ് തുടങ്ങിയ ദ്വിതീയ-സൂക്ഷ്മ പോഷകങ്ങളും സ്വീകരിക്കുന്നു.
വളപ്രയോഗത്തിലൂടെ എടുത്തുപോകുന്ന പോഷകങ്ങൾ തിരികെ നൽകാത്ത പക്ഷം കാലക്രമേണ മണ്ണിലെ പോഷകശേഖരം കുറയും.
INM സ്വീകരിക്കുന്നതിലൂടെ:
മണ്ണിലെ ജൈവവസ്തു വർധിപ്പിക്കാം, മണ്ണിന്റെ ഘടന മെച്ചപ്പെടുത്താം, വെള്ളം പിടിച്ചുനിർത്താനുള്ള ശേഷി വർധിപ്പിക്കാം, വേരുകളുടെ വളർച്ച മെച്ചപ്പെടുത്താം, പോഷകങ്ങളുടെ ലഭ്യത വർധിപ്പിക്കാം, വളങ്ങളുടെ ഉപയോഗക്ഷമത വർധിപ്പിക്കാം, അമിതമായ രാസവളപ്രയോഗം ഒഴിവാക്കാം, മണ്ണിലെ ഗുണകരമായ സൂക്ഷ്മജീവികളുടെ പ്രവർത്തനം വർധിപ്പിക്കാം, ദീർഘകാലം മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്താം, ഒടുവിൽ സ്ഥിരതയുള്ള ഉയർന്ന തേങ്ങാ ഉത്പാദനം നേടാം.
INMന്റെ പ്രധാന ഘടകങ്ങൾ
തെങ്ങിന്റെ സംയോജിത പോഷക മാനേജ്മെന്റിനെ പ്രധാനമായും അഞ്ച് ഘടകങ്ങളായി കാണാം.
1. ജൈവവള പ്രയോഗം
തെങ്ങിന്റെ വേരുകളുടെ വളർച്ചയ്ക്കും മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും ജൈവവളങ്ങൾ അത്യന്താപേക്ഷിതമാണ്.
കാലിവളം/കമ്പോസ്റ്റ്: ഒരു തെങ്ങിന് വർഷത്തിൽ 25-50 കിലോഗ്രാം കന്പോസ്റ്റോ ചാണകമോ നൽകണം.
പച്ചിലവളങ്ങൾ: തടങ്ങളിൽ ശീമക്കൊന്ന, ഡയഞ്ച എന്നിവ വളർത്തി പൂക്കുന്നതിന് മുൻപ് മണ്ണിൽ ചേർത്തുകൊടുക്കുക.
ചകിരിച്ചോറ് കമ്പോസ്റ്റ്: മണ്ണിലെ ജലസംഭരണ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
2. രാസവള പ്രയോഗം
തെങ്ങിന് കൃത്യമായ അളവിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ആവശ്യമാണ്.
യൂറിയ: ഇലകളുടെ വളർച്ചയ്ക്കും ഉന്മേഷത്തിനും സഹായിക്കുന്നു.
രാജ്ഫോസ്: വേരുകളുടെ മികച്ച വളർച്ച ഉറപ്പാക്കുന്നു.
മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്: തേങ്ങയുടെ വലുപ്പവും കാമ്പും കൂട്ടാൻ ഏറ്റവും പ്രധാനം.
മഗ്നീഷ്യം സൾഫേറ്റ്: ഇല മഞ്ഞളിപ്പ് തടയാൻ ഒരു തെങ്ങിന് വർഷത്തിൽ 500 ഗ്രാം വീതം നൽകുക.
3. ജൈവ ഉത്തേജകവും സൂക്ഷ്മജീവികളും
മണ്ണിലെ പോഷകങ്ങളെ തെങ്ങിന് വലിച്ചെടുക്കാൻ പാകത്തിലാക്കുന്നത് സൂക്ഷ്മജീവികളാണ്. രാസ-ജൈവ വളങ്ങൾ നൽകുന്ന പോഷകങ്ങൾ ചെടിക്ക് ലഭ്യമാകുന്ന രീതിയിൽ മാറ്റുന്നതിലും മണ്ണിലെ പോഷകചക്രം സജീവമാക്കുന്നതിലും ചില ഗുണകരമായ സൂക്ഷ്മജീവികൾക്ക് വലിയ പങ്കുണ്ട്.
അസോസ്പറില്ലം: അന്തരീക്ഷത്തിലെ നൈട്രജനെ മണ്ണിൽ ലയിപ്പിക്കുന്നു.
ഫോസ്ഫോബാക്ടീരിയ: മണ്ണിൽ ലയിക്കാതെ കിടക്കുന്ന ഫോസ്ഫറസിനെ വേരുകൾക്ക് ലഭ്യമാക്കുന്നു.
Potassium-solubilizing micro- organisms (KSB): മണ്ണിലെ ചില സ്ഥിരപ്പെട്ട പൊട്ടാസ്യം രൂപങ്ങൾ ലഭ്യമാകുന്നതിന് സഹായിക്കുന്നു.
എന്നാൽ Biofertilizers രാസ/ജൈവ വളത്തിന് പൂർണ്ണമായ പകരക്കാരല്ല. ഇവയെ ജൈവവളങ്ങളോടൊപ്പം സംയോജിപ്പിച്ച് ഉപയോഗിക്കുന്നതാണ് INMന്റെ അടിസ്ഥാന ആശയം.
മൈക്കോറൈസ (AMF): തെങ്ങിന്റെ വേരുപടലം വർധിപ്പിച്ച് വെള്ളവും പോഷകങ്ങളും വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. മണ്ണിലെ ഫോസ്ഫറസ് തെങ്ങിനു ലഭ്യമാക്കുന്നു. മണ്ണിലൂടെ വരുന്ന രോഗങ്ങൾക്കെതിരേ പ്രധിരോധ ശക്തി നൽകുന്നു.
പ്രയോഗ രീതി: ഒരു തെങ്ങിന് 50-100 ഗ്രാം ജൈവ ഉത്തേജകങ്ങൾ/ സൂക്ഷ്മജീവികൾ കന്പോസ്റ്റിനൊപ്പം ചേർത്ത് തടത്തിലിടുക.
4. ഗുണകരമായ സൂക്ഷ്മജീവികൾ
ട്രൈക്കോഡർമ, സ്യൂഡോമോണസ്, ബാസിലസ് തുടങ്ങിയവ വേരുകളുടെ ആരോഗ്യത്തിനും രോഗനിയന്ത്രണത്തിനും സഹായകരമാണ്.
തെങ്ങിന്റെ വേരുപ്രദേശത്തെ rhizosphere ആരോഗ്യകരമായി നിലനിർത്തുന്നതിൽ ഗുണകരമായ സൂക്ഷ്മജീവികൾക്ക് വലിയ പ്രാധാന്യമുണ്ട്.
ട്രൈക്കോഡർമ
വേരുപ്രദേശത്തെ ചില മണ്ണ് രോഗകാരികളായ ഫംഗസുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
സ്യൂഡോമോണസ്
ചെടിയുടെ പ്രതിരോധശേഷി ഉത്തേജിപ്പിക്കുന്നതിലും ചില രോഗകാരികളായ സൂക്ഷ്മജീവികളുടെ വളർച്ച തടയുന്നതിലും സഹായകരമാണ്.
ഇവയെ ഉപയോഗിക്കുന്പോൾ വിശ്വാസ്യതയുള്ള ഗുണമേ·യുള്ള ഉത്പന്നങ്ങളും ശരിയായ പ്രയോഗരീതിയും തെരഞ്ഞെടുക്കണം.
5. വിളാവശിഷ്ടങ്ങളുടെ പുനരുപയോഗം
തെങ്ങോല, ചകിരി, തൊണ്ട്, കളകൾ, മറ്റ് ജൈവാവശിഷ്ടങ്ങൾ എന്നിവ തോട്ടത്തിൽ തന്നെ കന്പോസ്റ്റാക്കി ഉപയോഗിക്കുന്നത് മണ്ണിലെ ജൈവവസ്തു വർധിപ്പിക്കും.
ജൈവവളങ്ങളുടെ പ്രാധാന്യം തെങ്ങിന് ജൈവവളം നൽകുന്നതിന്റെ പ്രധാന ലക്ഷ്യം പോഷകങ്ങൾ മാത്രം നൽകുക എന്നതല്ല. മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ്. ഒരു പ്രായപൂർത്തിയായ തെങ്ങിന് സാധാരണയായി 2550 സഴ വരെ ജൈവവളം/ചാണകവളം/കന്പോസ്റ്റ് നൽകുന്നത് പ്രയോജനകരമാണ്.
മണ്ണിന്റെ സ്വഭാവം, ജൈവവസ്തുവിന്റെ അളവ്, ലഭ്യത എന്നിവ അനുസരിച്ച് അളവിൽ മാറ്റം വരുത്താം.
ജൈവവളം നൽകുന്നതിലൂടെ:
മണ്ണിന്റെ ജൈവവസ്തു വർധിക്കുന്നു, മണ്ണിന്റെ ജലധാരണശേഷി മെച്ചപ്പെടുന്നു, മണൽമണ്ണിൽ പോഷകങ്ങൾ പിടിച്ചുനിർത്താനുള്ള ശേഷി വർധിക്കുന്നു, മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനം മെച്ചപ്പെടുന്നു, പോഷകങ്ങൾ ക്രമേണ ലഭ്യമാകുന്നു, വേരുകളുടെ വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു.
എന്നാൽ, ജൈവവളം മാത്രം നൽകി ഉയർന്ന വിളവ് സ്ഥിരമായി നേടാമെന്ന് കരുതുന്നത് ശരിയല്ല. തെങ്ങിന്റെ പോഷക ആവശ്യം കണക്കിലെടുത്ത് ജൈവവും രാസവുമായ വളങ്ങൾ സംയോജിപ്പിക്കുന്നതാണ് കൂടുതൽ ശാസ്ത്രീയമായ സമീപനം.
രാസവളങ്ങളുടെ പങ്ക്
തെങ്ങിന് ആവശ്യമായ പ്രധാന പോഷകങ്ങൾ കൃത്യമായ അളവിൽ ലഭ്യമാക്കുന്നതിന് രാസവളങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.
ഒരു പ്രായപൂർത്തിയായ തെങ്ങിന് പൊതുവായ ശുപാർശയായി വർഷത്തിൽ ഏകദേശം:N -500gP2O5 - 320 gK2O - 1200 g
എന്ന പോഷക അളവുകൾ പരിഗണിക്കാം.
എന്നാൽ ഇത് എല്ലാ തോട്ടങ്ങൾക്കും ഒരേ രീതിയിൽ ബാധകമായ ഒരു സ്ഥിരസംഖ്യയായി കാണരുത്. മണ്ണ് പരിശോധന, തെങ്ങിന്റെ പ്രായം, വിളവ്, മണ്ണിന്റെ സ്വഭാവം, ജലലഭ്യത എന്നിവ അനുസരിച്ച് യഥാർഥ വളപ്രയോഗം ക്രമീകരിക്കണം.
വളപ്രയോഗം എങ്ങനെ കണക്കാക്കാം?വളത്തിന്റെ അളവ് കണക്കാക്കുന്പോൾ വളത്തിൽ അടങ്ങിയിരിക്കുന്ന യഥാർഥ പോഷകത്തിന്റെ ശതമാനം മനസിലാക്കണം.ഉദാഹരണത്തിന്, MOP-ൽ ഏകദേശം 60% K2O ഉണ്ടെങ്കിൽ,1200 g K2O നൽകാൻ ആവശ്യമായ mop:1200 ÷ 0.60 = 2000 ഴഅതായത് 1200 g K2O നൽകാൻ, ഏകദേശം 2 kg MOP/തെങ്ങ്/വർഷം കൊടുക്കണം.
അതുപോലെ ഫാക്ടംഫോസ് പോലുള്ള ഫോസ്ഫറസ് വളം ഉപയോഗിക്കുന്പോൾ അതിലെ ജ2ഛ5 ശതമാനം പരിഗണിച്ചാണ് ആവശ്യമായ അളവ് കണക്കാക്കേണ്ടത്.
ഇതാണ് ന്ധന്ധവളത്തിന്റെ അളവ്’’ എന്നതും ന്ധന്ധപോഷകത്തിന്റെ അളവ്’’ എന്നതും തമ്മിലുള്ള പ്രധാന വ്യത്യാസം.
വിളവിന്റെ അടിസ്ഥാനത്തിൽ വളപ്രയോഗം
എല്ലാ തെങ്ങുകളും ഒരേ അളവിൽ തേങ്ങ നൽകുന്നില്ല. ഒരു വർഷം 40 തേങ്ങ നൽകുന്ന തെങ്ങിനും 150 തേങ്ങ നൽകുന്ന തെങ്ങിനും ഒരേ രീതിയിൽ പോഷകപരിപാലനം നടത്തുന്നത് ശാസ്ത്രീയമല്ല.വിളവ് കൂടുതലായാൽ തെങ്ങ് മണ്ണിൽ നിന്നും വലിച്ചെടുക്കുന്ന പോഷകങ്ങൾ കൂടുതലായിരിക്കും.
അതിനാൽ ഉയർന്ന വിളവുള്ള തോട്ടങ്ങളിൽ മണ്ണ് പരിശോധനയ്ക്കൊപ്പം വിളവിന്റെ അടിസ്ഥാനത്തിലും പോഷകപരിപാലനം ക്രമീകരിക്കേണ്ടതുണ്ട്. അതിനാൽ രാസവളങ്ങൾ മാത്രമല്ല, ജൈവവളം, ചാരം, NaCl, Mg, Zn, B തുടങ്ങിയവയും വിളവിനനുസരിച്ച് വർധിപ്പിക്കേണ്ടി വരാം. എന്നാൽ ഇത് മണ്ണുപരിശോധന, ഇലപ്പരിശോധന, വളർച്ച, ജലലഭ്യത എന്നിവ കൂടി പരിഗണിച്ചായിരിക്കണം.
ഇവ മാർഗനിർദ്ദേശപരമായ വിളവ് വിഭാഗങ്ങളാണ്; കൃത്യമായ വളത്തിന്റെ അളവ് വിളവിന്റെ എണ്ണം മാത്രം നോക്കി നിശ്ചയിക്കരുത്. ഒരു തെങ്ങിന് എത്ര കായ് ഉണ്ടോ, അതനുസരിച്ച് അതിന്റെ പോഷക ആവശ്യം മാറും.
അതുകൊണ്ട് ഭാവിയിലെ തെങ്ങുകൃഷി:
Yield Based NutritionSite Specific NutritionIntegrated Nutrient Management
എന്നതിലേക്കാണ് പോകേണ്ടത്. മണ്ണ് പരിശോധനയും ചെടിയുടെ വളർച്ചയും കൂടി പരിഗണിക്കണം.
വളം എവിടെ നൽകണം?
തെങ്ങിന്റെ തണ്ടിനോട് ചേർന്ന് വളം കൂന്പാരമായി ഇടുന്നത് ഒഴിവാക്കണം. സജീവമായ വേരുകൾ വ്യാപിച്ചിരിക്കുന്ന (തെങ്ങിന്റെ തടിയിൽനിന്ന് 1 മീറ്റർ വിട്ട്, അതായത്, 75cm നും 1.25m നും ഇടക്ക്), തെങ്ങിൻതടത്തിന് ചുറ്റുമുള്ള വളയപ്രദേശത്താണ് വളം വിതറി കൊടുക്കേണ്ടത്.
അതിന് ശേഷം വളം മണ്ണുമായി നന്നായി കൂട്ടി കലർത്തി മുകളിൽ പുത ഇടണം. പുത ഇടുന്നത് മണ്ണിൽ ഈർപ്പം നിലനിർത്താനും വളം നഷ്ടപെടാതിരിക്കാനും മണ്ണിന്റെ താപനില നിയന്ത്രിക്കാനും സൂക്ഷ്മജീവികളുടെ വംശവർധനവിനും അവയുടെ സുഗമമായ ആക്ടിവിറ്റിക്കും സഹായിക്കും. വളപ്രയോഗത്തിനുശേഷം മണ്ണിൽ ആവശ്യമായ ഈർപ്പം ഉണ്ടായിരിക്കണം.
വളപ്രയോഗം + ശരിയായ ജലലഭ്യത = മികച്ച പോഷക ഉപയോഗക്ഷമത എന്നത് ഓർക്കണം.മണ്ണ് പരിശോധന
INMന്റെ അടിസ്ഥാനംന്ധന്ധഎല്ലാ തെങ്ങിനും ഒരേ വളം, ഒരേ അളവ്’’ എന്ന സമീപനം ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞു.മണ്ണ് പരിശോധനയിലൂടെ:
*pH * Organic Carbon *Available N *Available P *Available K *Calcium *Magnesium *Sulphur
ആവശ്യമായ സൂക്ഷ്മപോഷകങ്ങൾ എന്നിവയെക്കുറിച്ച് ധാരണ നേടാം. പ്രത്യേകിച്ച് ഇലകളിൽ മഞ്ഞനിറം, വളർച്ച കുറവ്, കായ്കൾ കൊഴിയൽ, ഉത്പാദനം കുറയൽ തുടങ്ങിയ പ്രശ്നങ്ങൾ കാണുന്പോൾ അനുമാനിച്ച് വളം നൽകുന്നതിനു പകരം മണ്ണ് പരിശോധനയും ആവശ്യമായാൽ ഇല/ടിഷ്യു പരിശോധനയും നടത്തുന്നത് കൂടുതൽ ശാസ്ത്രീയമാണ്.
തെങ്ങിന്റെ മികച്ച വളർച്ചയ്ക്കും സ്ഥിരമായ ഉത്പാദനത്തിനും N, P, K മാത്രമല്ല, Ca, Mg, S, B, Zn, Fe, Mn, Cu തുടങ്ങിയ പോഷകങ്ങളും ആവശ്യമാണ്. എന്നാൽ, എല്ലാ തോട്ടങ്ങളിലും എല്ലാ സൂക്ഷ്മപോഷകങ്ങളും ഒരേ അളവിൽ നൽകേണ്ടതില്ല.
കുറവ് സ്ഥിരീകരിച്ചാൽ മാത്രം ആവശ്യമായ പോഷകം നൽകുക എന്നതാണ് ശാസ്ത്രീയ സമീപനം. പ്രത്യേകിച്ച് ബോറോണ് പോലുള്ള സൂക്ഷ്മപോഷകങ്ങളിൽ അമിതപ്രയോഗം വിഷലക്ഷണങ്ങൾക്ക് കാരണമാകുന്നതിനാൽ മണ്ണ് പരിശോധനയും ശുപാർശയും പരിഗണിക്കണം.
INMൽ ജലപരിപാലനത്തിന്റെ പ്രാധാന്യം
വളം നൽകിയിട്ടും മണ്ണിൽ ആവശ്യമായ ഈർപ്പം ഇല്ലെങ്കിൽ ചെടിക്ക് പോഷകങ്ങൾ ഫലപ്രദമായി സ്വീകരിക്കാൻ കഴിയില്ല. അതുകൊണ്ട്: Nutrient Management + Water Management + Soil Management എന്നിവ പരസ്പരം ബന്ധിപ്പിച്ചാണ് കാണേണ്ടത്.
ജലസേചനം ലഭിക്കുന്ന തോട്ടങ്ങളിൽ ഡ്രിപ്പ് ഇറിഗേഷൻ ഉപയോഗിച്ച് ആവശ്യാനുസരണം ജലം നൽകുന്നത് ജല ഉപയോഗക്ഷമത വർധിപ്പിക്കാൻ സഹായിക്കും.
ഒരു മാതൃകാ INM പദ്ധതി
ഒരു പ്രായപൂർത്തിയായ തെങ്ങിന് ഒരു വർഷത്തേക്കുള്ള പൊതുവായ INM പദ്ധതി ഇങ്ങനെ ക്രമീകരിക്കാം:
മേയ് - ജൂണ്
മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ NPK വളങ്ങളുടെ ആദ്യ ഗഡു* ജൈവവളം/കന്പോസ്റ്റ്* ആവശ്യമായ Biofertilizer* Trichoderma/Pseudomonas പോലുള്ള ഗുണകരമായ സൂക്ഷ്മജീവികൾ
ആവശ്യമായ മൾച്ചിംഗ്
സെപ്റ്റംബർ - ഒക്ടോബർ
NPK വളങ്ങളുടെ രണ്ടാം ഗഡു* മണ്ണ് പരിശോധനയിൽ കുറവ് കണ്ടെത്തിയാൽ ആവശ്യമായ secondary/micronutrients* ജൈവമൾച്ച് പുതുക്കുക* ജലലഭ്യത ഉറപ്പാക്കുക വർഷം മുഴുവൻ* തെങ്ങോലയും ജൈവാവശിഷ്ടങ്ങളും പുനരുപയോഗിക്കുക* കളനിയന്ത്രണം* മണ്ണിലെ ഈർപ്പം നിരീക്ഷിക്കുകകീട-രോഗ നിരീക്ഷണംവിളവ് രേഖപ്പെടുത്തുക.
Agriculture
കേരളീയർക്ക് പരിചിതമായ തെങ്ങിന്റെ കാറ്റുവീഴ്ചയെ ശാസ്ത്രലോകം കേരള കോക്കനട്ട് റൂട്ട് വിൽറ്റ് ഡിസീസ് (Coconut root (wilt) disease) എന്നാണു വിളിക്കുന്നത്.
ലോകത്തിൽ ആദ്യമായി തെങ്ങിന്റെ വേര് ചീയൽ രോഗം കണ്ടെത്തിയത് തിരുവിതാംകൂറിൽ 1902ൽ ബ്രിട്ടീഷ് മൈക്കോളജിസ്റ്റ് മിസ്റ്റർ ബട്ലറാണ്.
വേര് ചീയൽ ബാധിച്ച തെങ്ങിൽ അദ്ദേഹം ബോട്രോപോഡിയ ഉൾപ്പെടെയുള്ള കുമിളുകളുടെ സാന്നിധ്യം സ്ഥീരീകരിച്ചു.
പിന്നീടുള്ള 70 വർഷത്തെ കേരളത്തിലെയും വിദേശത്തെയും ഗവേഷണങ്ങളിൽ മിസ്റ്റർ ബട്ലറുടെ പാത പിന്തുടർന്ന് രോഗാണുക്കളെയും ഫംഗസുകളെയും കണ്ടെത്തുകയായിരുന്നു.
കാറ്റുവീഴ്ച അഥവാ വേരു വാടൽ
കേരളത്തിലെ കാറ്റുവീഴ്ച രോഗം തമിഴ്നാടിന് വേര് വാടൽ ആണ്. കോക്കനട്ട് റൂട്ട് വിൽറ്റ് ഡിസീസിന്റെ തമിഴ് പരിഭാഷ അവർ നൽകി. കോയന്പത്തൂർ, തേനി, തെങ്കാശി, ദിണ്ഡുഗൽ, കന്യാകുമാരി തുടങ്ങിയ അതിർത്തി ജില്ലകൾ വഴി കേരളത്തിൽനിന്ന് രോഗം അതിവേഗം ഉൾനാടുകളിലേക്കു പടരുകയാണ്.
കാറ്റുവീഴ്ച രോഗം ഒരു വർഷം ആറുമുതൽ എട്ടു കിലോമീറ്റർ വ്യാപിക്കുന്നതായാണ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ പഠനത്തിൽ പറയുന്നത്. എന്നാൽ, പഴയ സ്ഥിതിയല്ല ഇപ്പോഴുള്ളത്.
രോഗബാധിത വിത്തുതേങ്ങയിലൂടെ രോഗമില്ലാത്ത ഇടങ്ങളിലേക്ക് അതിവേഗം രോഗം പടരുകയാണ്.
കാറ്റുവീഴ്ച രോഗലക്ഷണം
ആദ്യലക്ഷണം മഞ്ഞളിപ്പ്
മഞ്ഞളിപ്പാണ് (യെല്ലോയിംഗ്) രോഗത്തിന്റെ ആദ്യലക്ഷണം. ഓലകളെ ആദ്യഘട്ടത്തിൽ ചെറിയ തോതിൽ മഞ്ഞ നിറം ബാധിക്കുന്നു. പിന്നീട് മഞ്ഞ നിറം കൂടിവരുന്നു.
ഓല ചീയൽ
രോഗത്തിന്റെ രണ്ടാംഘട്ടത്തിൽ ഓലപ്പൊളികളിൽ പുള്ളി വീഴും. ഓലക്കാലുകൾക്ക് ബലക്ഷയമുണ്ടാകുന്നതിനൊപ്പം ഓല കരിച്ചിലും ഉണ്ടാകും. ഈർക്കിലുകൾക്ക് ബലം കുറയും. മൃഗങ്ങളുടെ വാരിയെല്ലുപോലെ ഉള്ളിലേക്ക് വളയും. ഓല കുറുകും.
പൂങ്കുലകളുടെ അബോർഷൻ
തെങ്ങോലകളുടെ മഞ്ഞളിപ്പിനു പിന്നാലെ മച്ചിങ്ങ കൊഴിച്ചിൽ ആരംഭിക്കും. 20ഉം 30ഉം മച്ചിങ്ങ പിടിച്ചാലും ക്രമേണ കൊഴിഞ്ഞുപോകും. കായ്ക്കുന്ന തേങ്ങയിൽ കുറേയെണ്ണം പേടാകും.
പേടിന്റെ കൊപ്രയിൽനിന്ന് എണ്ണ കുറവായിരിക്കും. പൂങ്കുല കരിങ്കുലയാകുന്നതാണ് പൂങ്കുലകളുടെ അബോർഷൻ. ഇതോടെ തെങ്ങ കായ്ക്കുന്നത് ഏതാണ്ട് അവസാനിക്കും.
വേരു ചീയൽ
മഞ്ഞളിപ്പ് ലക്ഷണം തെങ്ങിന്റെ മണ്ടയിൽ പ്രത്യക്ഷപ്പെടുന്നതിനു മുന്പേ വേരുകൾ ചീഞ്ഞു തുടങ്ങും. എന്നാൽ, കർഷകരുടെ ശ്രദ്ധയിൽപെടാറില്ല. ആദ്യഘട്ടത്തിൽ വേരിന്റെ തുന്പ് അഴുകുകയും ബാക്കി വേര് നിലനിൽക്കുകയും ചെയ്യും.
പിന്നീടു മുളയ്ക്കുന്ന വേര് നീളത്തിൽ വളരാതെ അഴുകിയും വാടിയും നശിക്കും. തെങ്ങിനെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്ന താങ്ങു വേരുകൾ, വളവും വെള്ളവും പോഷകങ്ങളും വലിച്ചെടുക്കുന്ന ഫീഡിംഗ് വേരുകൾ, പുറം വേരുകൾ എന്നിവ നശിക്കും.
ഇതോടെ തെങ്ങ് പൂർണമായും വേര് ചീയൽ രോഗത്തിന് അടിമയാകുന്നു. കായ്ഫലം കുറയുകയും മണ്ട ഉണങ്ങിപ്പോകുകയും ചെയ്യുന്നു. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലെ തെങ്ങിന്റെ വേരുകളെല്ലാം അഴുകുന്നതോടെ മറിഞ്ഞു വീഴുകയും ചെയ്യുന്നു.
ഓല ചീയൽ രോഗം
വേരു ചീയൽ രോഗം ബാധിക്കുകയും ആരോഗ്യം നശിക്കുകയും ചെയ്യുന്പോൾ തെങ്ങിന്റെ മണ്ടയ്ക്ക് ഫംഗസ് ബാധിച്ചാണ് ഓല ചീയൽ രോഗം ഉണ്ടാകുന്നത്.
ഗുരുതരാവസ്ഥയിൽ രോഗം എത്തിയാൽ മണ്ടയ്ക്ക് മരുന്നടിച്ചില്ലെങ്കിൽ കൂന്പ് അഴുകുന്നതോടെ തെങ്ങ് നശിക്കാറുണ്ട്. ഓല ചീയൽ രോഗത്തിന്റെ അടിസ്ഥാന കാരണം വേരു ചീയലാണ്.
ശ്വസനവും പാചകവും തടസപ്പെടുന്നു
വേര് ചീയൽ ബാധിക്കുന്നതിനൊപ്പം വേര് കട്ടിയാകും. തെങ്ങിന്റെ വേരിന്റെ അഗ്രത്തിലെ ദ്വാരം വഴിയാണ് വെള്ളവും വളവും വലിച്ചെടുക്കുന്നത്. വേരിന്റെ തുന്പ് അഴുകുന്നതോടെ വളവും വെള്ളവും വലിച്ചെടുക്കാനുള്ള കഴിവ് നഷ്ടമാകും.
വേര് കട്ടിയാകുകയും വേരിലെ സുഷിരങ്ങൾ അടഞ്ഞു പോകുകയും ചെയ്യും. അതിനാൽ ഓക്സിജൻ വലിച്ചെടുക്കാൻ കഴിയാതാകും. ചെറിയതോതിലെങ്കിലും വലിച്ചെടുക്കുന്ന പോഷകങ്ങൾ ഉപയോഗിച്ചുള്ള പ്രകാശ സംശ്ലേഷണം അഥവാ പാചകം മുടങ്ങും.
തെങ്ങിന്റെ എല്ലാ ഭാഗത്തേക്കും ആവശ്യത്തിന് പാചകം ചെയ്ത വിഭവങ്ങൾ എത്തിക്കാൻ കഴിയാതാകും. ഈ അവസ്ഥയിൽ തെങ്ങ് സ്വയം രക്ഷയ്ക്കായി മച്ചിങ്ങ കൊഴിച്ചിലും പൂങ്കുലകളുടെ അബോർഷനും ഉണ്ടാക്കും.
മരുന്ന് കണ്ടുപിടിച്ചില്ല
കോക്കനട്ട് റൂട്ട് വിൽറ്റ് ഡിസീസ് (കാറ്റുവീഴ്ച) രോഗത്തിനു ഇതേവരെ ഗവേഷകർ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. രോഗബാധിത തെങ്ങുകൾക്ക് ചില പരിചരണങ്ങൾ നൽകി തെങ്ങ് നശിക്കാതെ മുന്നോട്ടുകൊണ്ടുപോകാമെന്നു മാത്രം.
എലൈറ്റ് തെങ്ങ് പരിഹാരം
രോഗബാധിത മേഖലയിലെ രോഗം ബാധിക്കാത്ത തെങ്ങിന്റെ തേങ്ങ മുളപ്പിച്ചെടുത്ത് നട്ടുപിടിപ്പിച്ചാൽ പുതിയ തെങ്ങിൻ തൈകകളിൽ രോഗം ബാധിക്കുന്നില്ലെന്നു തിരിച്ചറിഞ്ഞത് തൃശൂരിലെ കർഷകരാണ്.
കായംകുളം ഗവേഷണ കേന്ദ്രം കർഷകന്റെ അറിവ് ശാസ്ത്രീയമായി തെളിയിക്കുകയും എലൈറ്റ് തെങ്ങ് പുറത്തിറക്കുകയും ചെയ്തു.
കാറ്റുവീഴ്ച ഗവേഷണം സിപിസിആർഐയുടെ സംഭാവന
തെങ്ങിന്റെ കാറ്റുവീഴ്ച, കീടങ്ങൾ, പുതിയ ഉത്പന്നങ്ങൾ, പുതിയ തെങ്ങിൻതൈ ഗവേഷണം തുടങ്ങിയവ സംബന്ധിച്ച പരീക്ഷണളെല്ലാം കാസർഗോഡ്, കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സംഭാവനകളാണ്.
500 ലേറെ ഗവേഷണ പദ്ധതികളും അത്രയും ഗവേഷണ പ്രബന്ധങ്ങളും അതിന്റെ എത്രയോ ഇരട്ടി റിസർച്ച് പേപ്പറുകളും സിപിസിആർഐ സംഭാവന ചെയ്തു. അതേസമയം കേരള കാർഷിക സർവകലാശാല വിരലിൽ എണ്ണാവുന്ന ഗവേഷണങ്ങൾ മാത്രമാണ് നടത്തിയിട്ടുള്ളത്.
നിയമസഭയിലെ തെങ്ങിന്റെ റിപ്പോർട്ട്
നിയമസഭയിലെ എല്ലാ തെങ്ങിനും റൂട്ട് വിൽറ്റ് ഡിസീസാണ്. വേരു ചീയൽ ബാധിച്ച തെങ്ങിന് വൃക്ഷായുർവേദ മരുന്നു നൽകിയപ്പോൾ പുതിയ വേരു മുളച്ചതായും അവ നിലനിൽക്കുന്നതായും കായ്ക്കാതെ നിന്ന തെങ്ങിൽ 13 മുതൽ 17 തേങ്ങവരെ കായ്ച്ചു നിൽക്കുന്നതായും കൃഷി ഓഫീസർ ഷെല്ലി നിയമസഭാ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
മുൻ കൃഷി ഡയറക്ടർ ആർ. ഹേലിയുടെ നിർദേശപ്രകാരമാണ് മരുന്നു നൽകിയതും ഇതു സത്യമാണെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചതും. ഇതേക്കുറിച്ചു പഠിക്കാൻ മുഖ്യമന്ത്രി കാർഷിക സർവകലാശാലയെ നിയോഗിച്ചു.
നിയമസഭയിലെ തെങ്ങുകളിൽ ഓലചീയൽ രോഗമാണെന്ന റിപ്പോർട്ടാണ് കാർഷിക സർവകലാശാലയുടെ ബാലരാമപുരം തെങ്ങ് ഗവേഷണ കേന്ദ്രം സമർപ്പിച്ചത്. തെങ്ങ് രോഗത്തിൽ വേര് ചീയലിന്റെ കാര്യം ഒഴിവാക്കുന്ന രീതി ഇവിടേയും കാർഷിക സർവകലാശാല നടപ്പാക്കി.
കുറ്റ്യാടിയിലും വേര്
ചീയൽ രോഗം
കേരളത്തിലെ വിത്തുതേങ്ങ സംഭരണ കേന്ദ്രമാണ് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മേഖല. നാദാപുരം, കുറ്റ്യാടി നിയോജക മണ്ഡലങ്ങളിൽ നിന്നാണ് കാർഷിക സർവകലാശാലയും കൃഷി വകുപ്പും വിത്തു തേങ്ങ സംഭരിക്കുന്നത്.
അവിടെ തെങ്ങുകൾ മഞ്ഞളിക്കുകയും കായ്ഫലം തീരെ കുറയുകയും ചെയ്തു. കർഷകരുടെ മുറവിളിയെ തുടർന്ന് നിയോഗിക്കപ്പെട്ട കാർഷിക സർവകലാശാലയിലെ അധ്യാപകർ റിപ്പോർട്ട് ചെയ്തതും കൃഷി ഓഫീസർമാർക്ക് നൽകിയ നിർദേശവും തെങ്ങിന് മഞ്ഞളിപ്പ് രോഗമെന്നാണ്.
കർഷകർ വേര് ചീയലിന് മരുന്നു നൽകി മടുത്തു. കുറ്റ്യാടിയിലും വേര് ചീയലിന്റെ കാര്യം മനപൂർവം ഒഴിവാക്കി.
കണ്ണൂരിലെ തെങ്ങിന്റെ പരിശോധന
കണ്ണൂരിലെ തെങ്ങുകൾക്ക് വേരുചീയലും മഞ്ഞളിപ്പും ബാധിച്ചതോടെ കായ്ഫലം തീരെ കുറഞ്ഞു. കർഷകരുടെ ആവശ്യപ്രകാരം മുൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ പഠനത്തിന് നിയോഗിച്ചു. മഞ്ഞളിപ്പ് രോഗമാണെന്നു ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകി.
അവിടേയും അടിസ്ഥാന രോഗമായ വേരുചീയലിന്റെ കാര്യം ഒഴിവാക്കി മുഖ്യമന്ത്രിയെ ഉദ്യോഗസ്ഥർ പറ്റിച്ചു.
പഠന റിപ്പോർട്ട് മറച്ചുവച്ചു
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും കൃഷിവകുപ്പും 2014-15ൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ തെങ്ങു രോഗം സംബന്ധിച്ച് സമഗ്ര പഠനവും സംസ്ഥാനത്തെ റൂട്ട് വിൽറ്റ് ഡിസീസ് ഉൾപ്പെടെയുള്ള രോഗങ്ങളുടെ അവലോകനവും നടത്തുകയും പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.
കണ്ണൂർ, ധർമ്മടം എന്നിവിടങ്ങളിലെ 50 ശതമാനത്തിലേറെ തെങ്ങുകളിൽ റൂട്ട് വിൽറ്റ് ഡിസീസ് ആണെന്നും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ തെങ്ങുകളിൽ 100 ശതമാനവും രോഗബാധിതമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ, തെങ്ങുകളിൽ ഓല മഞ്ഞളിപ്പാണ് എന്ന തെറ്റായ റിപ്പോർട്ടാണ് മുൻമുഖ്യമന്ത്രിക്ക് പഠനത്തിൽ പങ്കാളികളായ ജില്ലാ കൃഷി ഓഫീസർ സമർപ്പിച്ചത്. കേരളത്തിന്റെ കള്ളറയായ ചിറ്റൂരിൽ 100 ശതമാനം തെങ്ങിനും റൂട്ട് വിൽറ്റ് ഡിസീസ് ആണ്. അതിനാലാണ് ചിറ്റൂരിൽ കള്ളും തേങ്ങയും കിട്ടാത്ത സാഹചര്യമുണ്ടായത്.
വിത്തുതേങ്ങ വഴി വേര് ചീയൽ രോഗം പടർത്തുന്നു
കേരളത്തിൽ തെങ്ങിന്റെ വേര് ചീയൽ രോഗം ഭയാനകമായി ബാധിക്കാത്ത എത്രയോ തുരുത്തുകളുണ്ട്. അവിടേക്കെല്ലാം സർക്കാർ ചെലവിൽ കേരള കാർഷിക സർവകലാശാലയും കൃഷി വകുപ്പും ചേർന്ന് വിത്തു തേങ്ങ വഴി രോഗം പടർത്തുകയാണ്.
രോഗബാധിത തെങ്ങിന്റെ തേങ്ങയുടെ ഭ്രൂണത്തിൽ രോഗാണു ഉണ്ടെന്നും തൈ മുളച്ചാലും അവ തെങ്ങിന്റെ വളർച്ചയ്ക്കൊപ്പം പെറ്റുപെരുകുമെന്നും തെളിയിച്ച് കേന്ദ്ര തോട്ടവിള ഗവേഷണം എത്രയോ ഗവേഷണ പ്രബന്ധങ്ങൾ പുറത്തിറക്കിട്ടുണ്ട്.
ഈ ഗവേഷണ ഫലങ്ങൾ നിലനിൽക്കേ, വെള്ളായണി കാർഷിക കോളജും ബാലരാമപുരം തെങ്ങ് ഗവേഷണ കേന്ദ്രവും സ്വന്തം പറന്പിലേയും രോഗബാധിതമായ പൊള്ളാച്ചിയിലേയും 100 ശതമാനം രോഗബാധിത തെങ്ങുകളുടെ തേങ്ങ മുളപ്പിച്ച് നേരിട്ടും പഞ്ചായത്തുകൾ വഴിയും തൈ വിതരണം തുടരുകയാണെന്ന് വിവരാവകാശ അപേക്ഷയിൽ മറുപടി ലഭ്യമാക്കിയിട്ടുണ്ട്.
രോഗം പടർത്തുന്ന സ്ഥാപനങ്ങളായി കാർഷിക സർവകലാശാലയും ബാലരാമപുരം തെങ്ങ് ഗവേഷണ കേന്ദ്രവും പ്രവർത്തിക്കുകയാണ്. കേരളത്തിന്റെ കള്ളറയാണ് പാലക്കാട്ടെ ചിറ്റൂർ. ഈമേഖലയിൽ 100 ശതമാനം വേരുചീയൽ രോഗമാണ്.
ചിറ്റൂരിനോടു ചേർന്നു കിടക്കുന്ന കോയന്പത്തൂർ ജില്ലയിൽ പെടുന്ന പൊള്ളാച്ചിയാണ് കാർഷിക സർവകലാശാലയുടെയും കൃഷിവകുപ്പിന്റെറയും രണ്ടാമത്തെ വിത്തുതേങ്ങ സംഭരണ കേന്ദ്രം. കാർഷിക സർവകലാശാല സംസ്ഥാനമൊട്ടാകെ രോഗം പടർത്തുകയാണ്.
ഫൈറ്റോപ്ലാസ്മയുടെ പേരിൽ ഉടക്ക്
ഫൈറ്റോപ്ലാസ്മയെന്ന സൂക്ഷ്മ ജീവിയുടെ പേരിലാണ്, കാറ്റുവീഴ്ചയെന്നു പേരു നൽകിയ വേരു ചീയൽ രോഗത്തിന്റെ പേരിൽ കേരള കാർഷിക സർവകലാശാല, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ കണ്ടുപിടിത്തങ്ങളെ തള്ളിപ്പറഞ്ഞ് കേരളത്തിലെ തെങ്ങു കൃഷിക്കാരെ കബളിപ്പിക്കുന്നത്.
റൂട്ട് വിൽറ്റ് ഡിസീസ് ബാധിതമായ എല്ലാ തെങ്ങിന്റെയും വേരിൽ ഫൈറ്റോപ്ലാസ്മയില്ല. സിപിസിആർഐയിൽ നിന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്ര ( സിടിസിആർഐ) ത്തിലേക്കു മാറിയ ഡോ. പത്മനാഭൻ പോറ്റിയാണ് റൂട്ട് വിൽറ്റ് ഡിസീസ് ബാധിത തെങ്ങുകളുടെ വേരിൽ ഫൈറ്റോപ്ലാസ്മയെന്ന സൂക്ഷാണുവിനെ കണ്ടെത്തിയത്. കാറ്റുവീഴ്ചയ്ക്കു കാരണമായ രോഗാണുവിനെ കണ്ടെത്തിയെന്നു സിപിസിആർഐ പ്രഖ്യാപിക്കുകയും ചെയ്തതാണ് ഉടക്കിന്റെ കാരണം.
ഒരു തൈ നട്ടാൽ കർഷകന് നഷ്ടം പതിനായിരം രൂപ
ഒരു തെങ്ങിൻ തൈ വാങ്ങി നട്ട് കായ്പിക്കാൻ കർഷകന് 10,000 മുതൽ 15,000 രൂപ ചെലവാകും. 10 തെങ്ങ് നട്ടത്രോഗം ബാധിച്ച് നശിച്ചാൽ കർഷകന്റെ നഷ്ടം ഒന്നു മുതൽ ഒന്നര ലക്ഷം രൂപയാണ്.
കാർഷിക സർവകലാശാലയും കൃഷി വകുപ്പും നൽകുന്ന തെങ്ങിൻ തൈകൾ നട്ട് രോഗബാധിതമാകുന്നതോടെ തെങ്ങ് കൃഷി തന്നെ വേണ്ടെന്നുവയ്ക്കുകയാണ് പലയിടത്തേയും കർഷകർ.
മറ്റ് രോഗങ്ങൾ
ഫംഗസ് ബാധമൂലമുണ്ടാകുന്ന കൂന്പുചീയൽ, ചെന്നീരൊലിപ്പ്, തഞ്ചാവൂർ വാട്ടം എന്നീ രോഗങ്ങൾക്കും കീടബാധമൂലമുണ്ടാകുന്ന കൊന്പൻ ചെല്ലി, എറിയോഫിഡ് മണ്ഡരി, മച്ചിങ്ങയുടെ നീര് കുടിക്കുന്ന പൂങ്കുല ചാഴി എന്നിവയുമായി റൂട്ട് വിൽറ്റ് ഡിസീസിന് നേരിട്ടു ബന്ധമില്ല.
അതേസമയം റൂട്ട് വിൽറ്റ് ഡിസീസ് ബാധിച്ച് ആരോഗ്യം ക്ഷയിച്ച തെങ്ങുകളിലേക്കാണ് ഇപ്പറഞ്ഞ രോഗാണുക്കൾ പെട്ടെന്നു ബാധിക്കുന്നതെന്ന് തെളിയിക്കുന്ന പഠന റിപ്പോർട്ട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം 2014-15ൽ പുറത്തിറക്കിയിട്ടുണ്ട്.
ഗവേഷണ ഫലം അംഗീകരിക്കാതെ കാർഷിക സർവകലാശാല
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ഗവേഷണ ഫലങ്ങളെ കേരള കാർഷിക സർവകലാശാല അംഗീകരിക്കുകയോ കാർഷിക കോളജുകളിൽ പഠിപ്പിക്കുകയോ ചെയ്യുന്നില്ല. കാറ്റുവീഴ്ച എന്നൊരു രോഗം ഇല്ലെന്നു പോലും സംസ്ഥാനത്തെ കാർഷിക കോളജുകളിൽ പല അധ്യാപകരും പഠിപ്പിക്കുന്നു.
സംശയം ചോദിക്കുന്ന കൃഷി ഓഫീസർമാർക്ക് തെങ്ങിന്റെ രോഗം മഞ്ഞളിപ്പ് (എല്ലോയിംഗ്) ആണെന്ന് തെറ്റായ വിവരം കൈമാറുന്നു. റൂട്ട് വിൽറ്റിന്റെ കാര്യം പൂർണമായി ഒഴിവാക്കുന്നു.
കാറ്റുവീഴ്ച പരിചരണം
കാറ്റുവീഴ്ച ബാധിച്ച തെങ്ങുകൾക്കായി കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ നിർദേശങ്ങൾ ചുവടെ. ഈ നിർദേശങ്ങളാണ് കാർഷിക സർവകലാശാലയും നൽകുന്നത്.
1 രാസവളം: തെങ്ങിന് വർഷം തോറും 220 ഗ്രാം യൂറിയ, 200 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 230 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ വർഷത്തിൽ രണ്ടു തവണയായി (മഴയ്ക്കു മുന്പും ശേഷവും നൽകുക). രോഗബാധിത പ്രദേശങ്ങളിൽ ഒരു കിലോഗ്രാം സൂപ്പർ ഫോസ്ഫേറ്റ് അധികമായി നൽകുക.
2 ജൈവ വളങ്ങൾ: തെങ്ങൊന്നിന് 12 കിലോ വീതം കമ്പോസ്റ്റും പച്ചില വളവും നൽകുക. മണ്ണിന്റെ അമ്ലത്വം കുറയ്ക്കുന്നതിന് മേയ് ജൂണ് മാസങ്ങളിൽ തെങ്ങൊന്നിന് ഒരു കിലോഗ്രാം എന്ന തോതിൽ കുമ്മായം, രാസവളം എന്നിവ ചേർക്കുക.
3. ഓല ചീയൽ ബാധിച്ച തെങ്ങുകളിൽ അഴുകിത്തുടങ്ങിയ ഭാഗം വെട്ടിമാറ്റിയശേഷം കോണ്ടാഫ് എന്ന കീടനാശിനി രണ്ട് മില്ലി ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി നാന്പോലകളിൽ ഒഴിച്ചു കൊടുക്കുക.
4. റൂട്ട് വിൽറ്റ് ഡീസീസ് ബാധിച്ച തെങ്ങുകളിൽനിന്ന് വെള്ളം വേരുവഴി പെട്ടെന്നു നീരാവിയായി പോകും. അതിനാൽ വേനൽകാലത്ത് വെള്ളം നൽകുക.
5. ഇടവിള കൃഷിയിറക്കി മണ്ണിൽ വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക.
6. പ്രതിരോധശേഷിയുള്ള എലൈറ്റ് ഇനങ്ങളായ കല്പരക്ഷ, കല്പശ്രീ തുടങ്ങിയ സിപിസിആർഐ ഇനങ്ങൾ വച്ചു പിടിപ്പിക്കുക.
Agriculture
കേരളത്തിന്റ കല്പവൃക്ഷമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തെങ്ങും ഇതര കാർഷിക വിളകളും നെഞ്ചോടു ചേർത്തുപിടിക്കുന്ന കർഷകനാണ് ജോസഫ് തോമസ് കുളത്തിനാൽ.
വിത്തുഗുണം പത്തുഗുണം എന്ന ചൊല്ലിന്റെ പൊരുൾ തിരിച്ചറിഞ്ഞപ്പോൾ ഗുണമേന്മയുള്ള തെങ്ങിൻ തൈ വാങ്ങാൻ മധുരയ്ക്ക് പോയ ചരിത്രമാണ് ഈ കർഷകന്റെ ജീവിതത്തെ വേറിട്ടതാക്കുന്നത്.
കൃഷിയും കാർഷിക സംസ്കാരവും ജോസഫിന് ഉണർത്തുപാട്ടാണ്. ഇടുക്കിജില്ലയിൽ അറക്കുളം പഞ്ചായത്തിലെ പുത്തൻ പള്ളി ജംഗ്ഷനിലാണ് ജോസഫിന്റെ കൃഷിയിടം.
ഒന്നരയേക്കറിൽ ഹൈബ്രീഡ് ഇനമായ ഡിഃടി തെങ്ങാണ് കൃഷിചെയ്തിരിക്കുന്നത്. കായ്ഫലം നൽകുന്ന അഞ്ചുവർഷമായ നൂറോളം തെങ്ങാണ് തോട്ടത്തിൽ തഴച്ചു വളർന്നു നിൽക്കുന്നത്.
മൂന്നാം വർഷം മുതൽ കായ്ഫലം ലഭിച്ചു തുടങ്ങി. തെങ്ങിന്റെ ഓലകൾ തമ്മിൽ കൂട്ടിമുട്ടാതെ സൂര്യപ്രകാശം നന്നായി ലഭിക്കാൻ എട്ടു മീറ്റർ അകലത്തിലാണ് തൈകൾ നട്ടിരിക്കുന്നത്.
നടീലും പരിചരണവും
കൃഷിവകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് ശാസ്ത്രീയമായ തൈ നടീലും പരിചരണ മാർഗങ്ങളുമുണ് ഇദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഒരു മീറ്റർ സമചതുരത്തിലുള്ള കുഴിയാണ് തൈ നടാൻ സജ്ജമാക്കുന്നത്.
ഇലകൾക്ക് കനവും മുളക്കരുത്തുമുള്ള തൈകളാണ് നടാൻ തെരഞ്ഞെടുക്കുന്നത്. ഏപ്രിൽ-മേയ് മാസങ്ങളാണ് നടീൽ കാലം. നട്ടശേഷം തണലും നനയും നൽകും.
മണ്ണു പരിശോധന നടത്തിയശേഷം സൂക്ഷ്മ മൂലകങ്ങൾ ഉൾപ്പെടെയുള്ള വളപ്രയോഗമാണ് നൽകുന്നത്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയടങ്ങിയ കൂട്ടുവളം വർഷത്തിൽ രണ്ടു പ്രാവശ്യം ഇടും.
ഇതിനു പുറമെ മഗ്നീഷ്യം-250 ഗ്രാം, ബോറോണ് - 100 ഗ്രാം, സിങ്ക് സൾഫേറ്റ്-50 ഗ്രാം എന്നിവയും മണ്ണിൽ ചേർത്തു നൽകും. മച്ചിങ്ങ പൊഴിച്ചിൽ ഇല്ലാതാക്കാനും തേങ്ങയ്ക്കു വലുപ്പം കിട്ടുന്നതിനുമാണ് ബോറോണും സിങ്ക് സൾഫേറ്റും ഉപയോഗിക്കുന്നത്.
പ്രതിരോധമാർഗം
കീടബാധ ഒഴിവാക്കുന്നതിനായി തെങ്ങിന്റെ ചുവട്ടിലും കവിളിലും വേപ്പിൻ പിണ്ണാക്ക് ഇട്ടു കൊടുക്കും. ഫിറോമോണ് കെണിയും കീടങ്ങളെ ചെറുക്കാൻ ഉപയോഗിച്ചു വരുന്നു.
ഇതുവഴി, കൊന്പൻചെല്ലി, ചെന്പൻ ചെല്ലി എന്നിവയുടെ ആക്രമണത്തിൽനിന്ന് ഒരു പരിധിവരെ തെങ്ങിനെ സംരക്ഷിക്കാൻ കഴിയുന്നുണ്ടെന്ന് ജോസഫ് പറയുന്നു. തോട്ടം നനയ്ക്കുന്നതിനായി സ്പ്രിംഗ്ളർ സ്ഥാപിച്ചിട്ടുണ്ട്.
വിപണനം
കിലോയ്ക്ക് 45 രൂപനിരക്കിൽ പ്രാദേശിക മാർക്കറ്റിലാണ് തേങ്ങ വിൽക്കുന്നത്. അടുത്ത വർഷം മുതൽ കരിക്കുവില്പനയും ആരംഭിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്ന് കരിക്കിന് നല്ല ഡിമാന്റുള്ളതിനാൽ ഇത് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
സമീപകാലത്തായി തെങ്ങിന്റെ ചിരട്ടയ്ക്കും ആവശ്യക്കാർ ഏറെയാണ്. കിലോയ്ക്ക് 25-30 രൂപയ്ക്കാണ് ചിരട്ടവിൽക്കുന്നത്.
Agriculture
കേരളത്തിലെ 440 തദ്ദേശീയ മാവിനങ്ങൾ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള 150 ഇനങ്ങളും അത്രയും തന്നെ വിദേശ ഇനങ്ങളും കൂട്ടിയാൽ പാലക്കാട് ശ്രീകൃഷ്ണപുരത്തിനു സമീപം വലന്പിലിമംഗലം മൂർത്തിയേടത്ത് മനയ്ക്കൽ ശങ്കരൻ നന്പൂതിരിയുടെ കൃഷിയിടത്തിൽ 740 മാവ് വൈവിധ്യങ്ങൾ കാണാം.
ഭൗമസൂചികാ പദവി ലഭിച്ച 22 ഇനം മാങ്ങകളിൽ 18 എണ്ണവും ഈ കർഷകന്റെ ശേഖരത്തിലുണ്ട്. തലമുറകളായുള്ള കാർഷിക പാരമ്പര്യമാണ് മാവിനോട് ഇത്രയേറെ കമ്പത്തിന് കാരണമായത്. മാവിനങ്ങളുടെ ഒരു വലിയ ജീൻ ബാങ്ക് തയാറാക്കുകയാണ് പതിറ്റാണ്ടിലേറെയായി ശങ്കരൻ നന്പൂതിരിയുടെ ലക്ഷ്യം.
കർഷകർക്കും കാർഷിക ഗവേഷകർക്കും അറിവും അനുഭവവും പകർന്നു നൽകുന്ന വിസ്മയമാണ് ഈ നാലര ഏക്കർ പ്രദർശന തോട്ടം.
അന്യം നിന്നുപോകുന്ന നാടൻ മാവുകളെ സംരക്ഷിക്കുകയാണ് ഈ ജൈവ കർഷകന്റെ ലക്ഷ്യം. പലയിടങ്ങളിലും യാത്രകൾ നടത്തിയും പലരിൽനിന്നും അയച്ചു വാങ്ങിയുമാണ് തൈകൾ ശേഖരിക്കുന്നത്.
നടുശാല, ഒളോർ, ചേലൻ, കുറ്റ്യാട്ടൂർ തുടങ്ങിയ തദ്ദേശീയ ഇനങ്ങൾ മാത്രമല്ല ആഫ്രിക്കയിൽനിന്നുള്ള ഗ്രഹാം, അമേരിക്കൻ ഇനം റെഡ് പൾമർ, ഓസ്ട്രേലിയയിലെ ജംബോ റെഡ് തുടങ്ങിയവയൊക്കെയുണ്ട്. ബഡ്ഡ് ചെയതും ഗ്രാഫ്റ്റ് ചെയതുമാണ് പുതിയ തൈകൾ വികസിപ്പിക്കുന്നത്.
വലിയ അകലം പാലിക്കാതെ ചെറിയ സ്ഥലത്തും മാവും പ്ലാവും കൃഷി ചെയ്ത് വിളവെടുക്കാമെന്ന് ഇവിടെ കാണാം. വിവിധയിനം നാടൻ പ്ലാവുകളും ശങ്കരൻ നന്പൂതിരിയുടെ തോട്ടത്തിലുണ്ട്. നന്നായി വിളവു തരുന്ന തെങ്ങും കവുങ്ങും ജാതിയുമൊക്കെ തോട്ടത്തിന് അഴകു സമ്മാനിക്കുന്നു.
നാൽപതോളം ഇനം പഴവർഗങ്ങളുടെയും ഇടമാണ് ഈ കൃഷിയിടം. സമ്മിശ്രകൃഷിയാണ് ആദായകരമെന്നും ഇത്തരത്തിൽ അടുക്കളയെ സ്വയംപര്യാപ്തമാക്കാമെന്നുമാണ് ഇദ്ദേഹം അനുഭവം പറയുന്നത്.
വെച്ചൂർ, കപില, കൃഷ്ണ, കാസർഗോട് കുള്ളൻ തുടങ്ങിയ പശു ഇനങ്ങളെയും ശങ്കരൻ നമ്പൂതിരി പരിപാലിക്കുന്നു. നാടിനു കൈമോശം വന്നുകൊണ്ടിരിക്കുന്ന മാവിനങ്ങളെ എങ്ങനെയും സംരക്ഷിച്ചു നിലനിറുത്തുകയാണ് ഈ ശ്രമത്തിനു പിന്നിലുള്ളത്.
ഭാര്യ റിട്ടയേഡ് അധ്യാപിക നിർമലയും മകൾ ധന്യയും പേരക്കുട്ടികളായ ആദിദേവും അഭിനവുമൊക്കെ കൃഷിയിൽ നൽകുന്ന പിന്തുണയും സഹായവുമാണ് ഇത്രയും വലിയ നേട്ടത്തിന് അടിസ്ഥാനമെന്ന് ശങ്കരൻ നന്പൂതിരി പറയും.
Kerala
കോഴിക്കോട്: ഇക്കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് വ്യാപകമായി കൃഷിനാശം സംഭവിച്ച സാഹചര്യത്തില് മണ്ണൊലിപ്പുണ്ടായ സ്ഥലങ്ങളില് വീണ്ടും കൃഷി സാധ്യമാണോ, മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടിട്ടുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ച് പഠിക്കാന് കൃഷി വകുപ്പ്. കൃഷിവകുപ്പ് രൂപവത്കരിച്ച സ്പെഷ്യല് ടാസ്ക് ഫോഴ്സ് ഇതടക്കം മറ്റു വിഷയങ്ങളും പഠനവിധേയമാക്കും.
കൃഷിനാശം കണക്കാക്കലും പുനഃകൃഷി ആസൂത്രണം ചെയ്യലും ടാസ്ക് ഫോഴ്സിന്റെ ചുമതലയാണ്. കൃഷിവകുപ്പ് സ്പെഷ്യല് സെക്രട്ടറി ടി.വി. സുഭാഷ് ചെയര്മാനായ സമിതിയില് കൃഷി, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികളും കാര്ഷിക സര്വകലാശാല വിദഗ്ധരും അംഗങ്ങളാണ്.
മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടോ എന്നറിയാന് ടാസ്ക്ഫോഴ്സ് മണ്ണ് പരിശോധന നടത്തും. ഫലഭൂയിഷ്ഠത തിരിച്ചുപിടിക്കാനുള്ള മാര്ഗങ്ങള് നിര്ദേശിക്കും. കര്ഷകര്ക്ക് ആവശ്യമായ വിത്തുകള്, നടീല് വസ്തുക്കള്, ഡോളമൈറ്റ്, കുമ്മായം തുടങ്ങിയവ ലഭ്യമാക്കുന്നതിനുള്ള ചെലവുകള് കണക്കാക്കും.
അഗ്രിസ്റ്റാക്ക് ഡാറ്റ മാപ്പിംഗ് തടസങ്ങള് കാരണം വിള ഇന്ഷ്വറന്സ് നേടാന് കഴിയാത്ത കര്ഷകരുടെ പ്രശ്നങ്ങള് പരിശോധിക്കണമെന്നും ടാസ്ക്ഫോഴ്സിന് നിര്ദ്ദേശം നല്കിയിട്ടുണ്ട്. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം നേരിട്ട കര്ഷകര്ക്ക് അര്ഹമായ ധനസഹായവും ഇന്ഷ്വറന്സ് പരിരക്ഷയും ലഭ്യമാക്കുന്നതിനൊപ്പം കൃഷി പുനരാരംഭിക്കുന്നതിനാവശ്യമായ സഹായം നല്കുമെന്നും കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.
പ്രാഥമിക കണക്കുകള് പ്രകാരം സംസ്ഥാനത്ത് 129 കോടിയിലധികം രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് വിലയിരുത്തല്.45,000ത്തിലധികം കര്ഷകരെയാണ് പ്രകൃതിക്ഷോഭം നേരിട്ടു ബാധിച്ചത്.
Agriculture
കൃഷി ചെയ്ത് അതിൽനിന്നു കിട്ടുന്ന വരുമാനം കാരുണ്യ പ്രവർത്തനങ്ങൾക്കു നൽകുകയാണ് കണ്ണൂർ ജില്ലയിലെ മാതമംഗലം കൂട്ടായ്മ.
2018ലെ പ്രളയത്തിൽ ദുരിതം അനുഭവിച്ചവരെ സഹായിക്കാൻ വയനാട്ടിലും ആലുവയിലും എത്തി സഹായങ്ങൾ നൽകിയായിരുന്നു രമേശൻ ഹരിതയുടെ നേതൃത്വത്തിൽ മാതമംഗലത്തെ ഒരു കൂട്ടം നല്ല മനുഷ്യർ.
അതിനു ശേഷമാണു നാട്ടിൽ തന്നെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ മാതമംഗലം കൂട്ടായ്മ രൂപീകരിച്ചത്. കക്ഷി രാഷ്ട്രീയത്തിനും ജാതി ചിന്തകൾക്കും അതീതമായാണ് കൂട്ടായ്മയുടെ പ്രവർത്തനം.
കൂട്ടായ്മയുടെ പ്രവർത്തകർ നൽകുന്ന സഹായവും കൃഷിചെയ്ത്, അതിൽനിന്നു കിട്ടുന്ന വരുമാനവുമാണ് കാരുണ്യ പ്രവർത്തനങ്ങൾക്കു നൽകുന്നത്.
കൃഷി ജോലികൾ കൂട്ടായ്മയിലെ അംഗങ്ങൾ തന്നെയാണ് ചെയ്തുവരുന്നത്. കോവിഡ് കാലത്ത് 5,000 ഭക്ഷ്യകിറ്റുകൾ, കുട്ടികൾക്ക് ഫോണ്, ടിവി എന്നിവ നൽകി.
അതിനുശേഷം ഇപ്പോഴും അസുഖ ബാധിതർക്ക് മരുന്ന്, സഹായധനം എന്നിവ നൽകിവരുന്നു. ഓണം, റംസാൻ, വിഷു, നബിദിനം, ക്രിസ്മസ് അവസരങ്ങളിൽ അർഹരായ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ, സഹായധനം എന്നിവ വിതരണം ചെയ്യുന്നു.
വീട് ഇല്ലാത്തവർക്ക് അതിന് സൗകര്യങ്ങൾ നൽകാനുള്ള ശ്രമവും കൂട്ടായ്മ നടത്തി. രോഗികൾക്കുവേണ്ടി സാന്ത്വന യാത്രകൾ നടത്തിയും സഹായങ്ങൾ നൽകി.
Agriculture
പാട്ടത്തിനെടുത്ത ഭൂമിയിൽ ഭാര്യ പ്രസന്നയ്ക്കൊപ്പം പച്ചക്കറി കൃഷി നടത്തി വിജയഗാഥ രചിക്കുകയാണ് കരിമണ്ണൂർ പഞ്ചായത്തിലെ പന്നൂർ പനച്ചിക്കുന്നേൽ രാജേന്ദ്രൻ നായർ.
ഇരുപതാം വയസിലാണ് ഇദ്ദേഹം കാർഷിക രംഗത്തേയ്ക്കു കാലെടുത്തു വച്ചത്. 36 വർഷമായി മണ്ണിനെയും കൃഷിയെയും സ്നേഹിച്ച് ഈ രംഗത്തു തുടരുകയാണ്.
പലപ്പോഴും പ്രതികൂല കാലാവസ്ഥ മൂലം പച്ചക്കറി കൃഷി നഷ്ടമായിട്ടുണ്ടെങ്കിലും ഈ രംഗത്തോടു വിട പറയാതെ കൃഷിയിൽ ഉറച്ചു നിൽക്കുന്നതാണ് രാജേന്ദ്രൻ നായരുടെ വിജയ രഹസ്യം.
വർഷങ്ങളോളം വാടക വീട്ടിൽ കഴിഞ്ഞിരുന്ന രാജേന്ദ്രൻ നായർ ഭൂമി സ്വന്തമാക്കിയതും വീടുവച്ചതും പച്ചക്കറി കൃഷിയിൽനിന്നു ലഭിച്ച വരുമാനത്തിലൂടെയാണ്.
വിഎഫ്പിസികെയുടെ ഉടുന്പന്നൂരിലെ കർഷക വിപണി വഴി പ്രതിവർഷം 25 ടണ്ണോളം പച്ചക്കറിയാണ് ഇദ്ദേഹം വിറ്റഴിക്കുന്നത്. വർഷം തോറും നേടുന്നത് ആറു ലക്ഷത്തിലധികം രൂപയുടെ വരുമാനം.
ഓണം ഉൾപ്പെടെയുള്ള സീസണുകളിലാണ് കൂടുതൽ വരുമാനം. ഈ വർഷം 12 ലക്ഷം രൂപയുടെ വരുമാനമാണ് പയർ കൃഷിയിലൂടെ ലക്ഷ്യമിടുന്നത്.
കൃഷി പാട്ടഭൂമിയിൽ മാത്രം
ഇരുപതു വയസു മുതൽ രാജേന്ദ്രൻ നായർ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. അന്നു മുതൽ ഇന്നു വരെ പലരിൽനിന്നും പാട്ടത്തിനെടുക്കുന്ന ഭൂമിയിലാണ് കൃഷി. ചെറിയ തോതിൽ ഭൂമി പാട്ടത്തിനെടുത്തായിരുന്നു പച്ചക്കറി കൃഷിയാരംഭിച്ചത്.
ആദ്യഘട്ടത്തിൽ കൃഷിയിൽനിന്നു കാര്യമായ വരുമാനം ലഭിച്ചില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ കൂടുതൽ ഊർജസ്വലമായി കൃഷിയിലേയ്ക്ക് മുന്നിട്ടിറങ്ങുകയായിരുന്നു.
ഇപ്പോൾ വിവിധയിടങ്ങളിലായി മൂന്നേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് പച്ചക്കറിയും വാഴയും കൃഷി ചെയ്യുന്നത്.
പന്തൽകൃഷി
പാവൽ കൃഷിയിലായിരുന്നു തുടക്കം. ഇതിനു പിന്നാലെ പയറും പടവലവും കൃഷി ചെയ്തു തുടങ്ങി. പാവൽ വർഷത്തിൽ ഒന്നും പയറും പടവലവും രണ്ടു സീസണിലും കൃഷി ചെയ്യും.
പാട്ടത്തിനെടുക്കുന്ന ഭൂമിയിൽ വെള്ളം ഒഴുകി പോകാനുള്ള ചാലുകൾ തീർത്ത് കൃഷിക്ക് ഉപയുക്തമാക്കും. ഇരുമ്പു പൈപ്പുകളിലാണ് പന്തൽ നിർമിക്കുന്നത്.
ആറു ലക്ഷത്തോളം രൂപയുടെ പൈപ്പുകളിലാണ് ഇപ്പോൾ പന്തലുകൾ തീർത്തിരിക്കുന്നത്. മരത്തിന്റെ കാലുകളേക്കാൾ ബലവത്തായതിനാൽ കൂടുതൽ വർഷം ഈ പന്തൽ ഉപയോഗിക്കാനാകും എന്നതാണ് മെച്ചം.
കൂടാതെ മറ്റിടങ്ങളിലേയ്ക്ക് എളുപ്പത്തിൽ മാറ്റി സ്ഥാപിക്കാനുമാകും. ഇതിനു പുറമെ വാഴയും കൃഷി ചെയ്യുന്നുണ്ട്. നേന്ത്രവാഴയും റോബസ്റ്റയുമാണ് സാധാരണ കൃഷി ചെയ്യുന്നത്.
നേന്ത്രവാഴയുടെ ടിഷ്യു കൾച്ചർ വിത്താണ് ഉപയോഗിക്കുന്നത്. വാഴയിൽനിന്നു മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നുണ്ട്. ഓരോ വർഷവും ഭൂമിയുടെ പാട്ടം പുതുക്കിയാണ് അടുത്ത കൃഷിയാരംഭിക്കുന്നത്.
Kerala
തിരുവനന്തപുരം: ഓണവിപണിയിൽ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. ഓണക്കനി, നിറപ്പൊലിമ പദ്ധതികളുടെ ഭാഗമായി വനിതാ കർഷകർ ഉൽപ്പാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ച് 10.07 കോടിരൂപയാണ് കുടുംബശ്രീ സ്വന്തമാക്കിയത്. ഓഗസ്റ്റ് അവസാനം വരെ സംസ്ഥാനത്തുടനീളം കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടായിരത്തിലേറെ ഓണം വിപണന മേളകളിലൂടെയാണ് ഈ വിറ്റുവരവ്.
വിൽപ്പനയിൽ 2.85 കോടി രൂപയുമായി തൃശൂർ ജില്ല ഒന്നാമതെത്തി. 1.62 കോടി രൂപയുടെ വിൽപ്പനയുമായി പാലക്കാട് രണ്ടാമതും 85.50 ലക്ഷം രൂപയുമായി കണ്ണൂർ മൂന്നാമതുമെത്തി. ഓണക്കനി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 33,000ലേറെ കർഷക സംഘങ്ങൾ ഉൽപ്പാദിപ്പിച്ച 1,580.88 മെട്രിക് ടൺ നാടൻ പച്ചക്കറികളാണ് ഓണവിപണിയിലെത്തിയത്. ഇതിലൂടെ 8.91 കോടി രൂപയുടെ വിറ്റുവരവുണ്ടായി.
പൂക്കളുടെ ആഭ്യന്തര ഉൽപ്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ നിറപ്പൊലിമ പദ്ധതിയും മികച്ച നേട്ടം കൈവരിച്ചു. കുടുംബശ്രീയുടെ കീഴിലുള്ള 5,500 കർഷക സംഘങ്ങൾ കൃഷി ചെയ്ത 113.17 മെട്രിക് ടൺ പൂക്കൾ വിപണിയിലെത്തിച്ച് 1.16 കോടി രൂപയുടെ വിറ്റുവരവുണ്ടാക്കി.
Agriculture
ഗ്രന്ഥശാലാപ്രവർത്തനത്തിന്റെ പരന്പരാഗത സങ്കൽപങ്ങളിൽ പൊളിച്ചെഴുത്തുമായി കൽപ്പറ്റ നെൻമേനി പഞ്ചായത്തിലെ ചെറുകഴമ്പ് രാഗ് രംഗ് ലൈബ്രറി. വിശ്വസാഹിത്യത്തിലേതടക്കം കൃതികൾ വായിക്കുകയും വായിപ്പിക്കുകയും ശിൽപശാലകളും സെമിനാറുകളും കലാകായിക മത്സരങ്ങളും സംഘടിപ്പിക്കുകയും മാത്രമല്ല ഗ്രന്ഥശാലാപ്രവർത്തനമെന്ന് തെളിയിക്കുകയാണു രാഗ് രംഗിലെ അക്ഷരപ്രണയികൾ.
കർമരംഗം ഗ്രന്ഥശാലയ്ക്കു പുറത്തേക്കു പറിച്ചുനാട്ടിയ അവർ പാടങ്ങൾ പാട്ടത്തിനെടുത്ത് പൊന്നു വിളയിക്കുകയാണ്. 12 വർഷം മുന്പ് നാല് ഏക്കറിൽ തുടങ്ങിയ നെൽകൃഷി ഇന്ന് എത്തിനിൽക്കുന്നത് 40 ഏക്കറിൽ.
ഓരോ വർഷവും പാടങ്ങളിൽനിന്നു കൊയ്തെടുക്കുന്നത് ക്വിന്റൽ കണക്കിന് നെല്ലും അളവില്ലാത്ത സന്തോഷവും. ആദായകരമല്ലെന്നു മുദ്രകുത്തി ജില്ലയിൽ പലയിടത്തും കർഷകർ നെല്ലുത്പാദനത്തിൽനിന്നു പിൻവാങ്ങുന്പോഴാണ് ഈ വേറിട്ട കാഴ്ച.
22 അംഗ കർഷക സംഘം
രാഗ് രംഗിന് കീഴിലുള്ള കർഷക സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിലാണ് നെൽകൃഷി. നാലു സ്ത്രീകളടക്കം 22 പേർ സംഘാംഗങ്ങളാണ്. എം.വി. യെൽദോയാണ് ഇപ്പോൾ സംഘം പ്രസിഡന്റ്. സത്യജിത്ത് റേ സെക്രട്ടറിയാണ്.
ചെറുമാട് ഗ്രാമത്തിലാണ് സംഘം ആദ്യമായി വയൽ പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയത്. ഇത് വിജയമായതോടെ തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ പാടത്ത് കൃഷി നടത്തുകയായിരുന്നു.
കഴിഞ്ഞവർഷം ചെറുമാട്, കോളിയാടി, മലവയൽ മണ്ടോക്കര, മാനിവയൽ എന്നിവിടങ്ങളിലായി 36 ഏക്കറിലായിരുന്നു കൃഷി. നഞ്ചക്കൃഷി മാത്രമാണ് രാഗ്രംഗ് നടത്തുന്നത്.
ഏക്കറിന് അഞ്ച് ക്വിന്റൽ നെല്ലാണ് പാടം ഉടമകൾക്ക് വാർഷിക പാട്ടം. ഉടമകൾ തരിശിടുന്നതും ജലലഭ്യതയുള്ളതും കാർഷിക യന്ത്രങ്ങൾ ഇറക്കാൻ കഴിയുന്നതുമായ പാടങ്ങളാണ് സംഘം കൃഷിക്ക് തെരഞ്ഞെടുക്കുന്നത്.
സംഘത്തിന് നിലവിൽ രണ്ട് ട്രാക്ടറും ഒരു പുല്ലുചെത്ത് യന്ത്രവും വരന്പ് അരിയുന്നതിനുള്ള യന്ത്രസംവിധാനവും സ്വന്തമായുണ്ട്. ലൈബ്രറി അംഗങ്ങളായ നാലു പേരാണ് ട്രാക്ടറുകളിൽ ജോലി ചെയ്യുന്നത്.
സംഘാംഗങ്ങളെല്ലാം വയൽപ്പണിക്കിറങ്ങും. അത്യാവശ്യഘട്ടങ്ങളിൽ മാത്രമാണ് പുറമേനിന്നുള്ള തൊഴിലാളികളെ ഉപയോഗപ്പെടുത്തുന്നത്. പണിക്കിറങ്ങുന്ന ഓരോ സംഘാംഗത്തിനും അന്നന്ന് കൂലി നൽകുന്നതാണ് രീതി.
ഏക്കറിൽ ശരാശരി 16 ക്വിന്റൽ വിളവാണ് രംഗ് രംഗിന് ലഭിക്കുന്നതെന്ന് ലൈബ്രറി സെക്രട്ടറി പദ്മനാഭൻ പറഞ്ഞു. കഴിഞ്ഞവർഷം സംഘാംഗങ്ങൾ വീട്ടാവശ്യത്തിന് വിലയ്ക്കുവാങ്ങിയതു കിഴിച്ച് എട്ട് ലക്ഷം രൂപയുടെ നെല്ല് പൊതുവിപണിയിൽ വിറ്റു.
വലിച്ചൂരി, കുഞ്ഞുണ്ണി ഇനം നെല്ലാണ് സംഘം പ്രധാനമായും കൃഷി ചെയ്യുന്നത്. അഞ്ചര മാസം മൂപ്പുള്ളതാണ് ഈ ഇനങ്ങൾ. ഏക്കറിന് ശരാശരി 20,000 രൂപയാണ് കൃഷിച്ചെലവ്.
ചാണകവും യൂറിയയുമാണ് കൃഷിയിൽ പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. രാസവള- കീടനാശിനി പ്രയോഗം പരിമിതമായതിൽ മെച്ചപ്പെട്ടതാണ് നെല്ലിന്റെയും വൈക്കോലിന്റെയും ഗുണനിലവാരം.
നെൽവയലുകളുടെ സംരക്ഷണത്തിനൊപ്പം ചെറുപ്പക്കാരിൽ കാർഷിക സംസ്കൃതിയിൽ ബോധ്യം ഉളവാക്കുകയും നെൽക്കൃഷിയിലൂടെ ഉന്നമിടുന്നുണ്ടെന്ന് രാഗ് രംഗ് പ്രവർത്തകർ പറഞ്ഞു. കൃഷിയിൽ സർക്കാർ സഹായം സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.
കൃഷി ഉദ്യോഗസ്ഥർ ഉപദേശങ്ങൾ നൽകാറുണ്ട്. വിത്തേറും വിളവെടുപ്പും ഓരോ വർഷവും പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് ആഘോഷമായാണ് നടത്തുന്നത്.
രാഗ് രംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
നെൻമേനി പഞ്ചായത്തിലെ നമ്പിക്കൊല്ലിയിൽനിന്നു ഒന്നര കിലോമീറ്റർ അകലെയാണ് ചെറുകഴമ്പ്. പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാർ 1980ലാണ് രാഗ് രംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് രൂപം നൽകിയത്. 2010ലാണ് ലൈബ്രറി പ്രവർത്തനമാരംഭിച്ചത്.
നിലവിൽ 260 പുരുഷൻമാരടക്കം 437 അംഗങ്ങളുണ്ട്. 56 ബാലവേദി അംഗങ്ങൾ പുറമേ. 8,137 പുസ്തകങ്ങൾ ഗ്രന്ഥപ്പുരയിലുണ്ട്. ലൈബ്രറി കൗണ്സിൽ അംഗീകാരത്തോടെയാണ് ഗ്രന്ഥശാല പ്രവർത്തനം.
ജില്ലയിലെ മികച്ച ഗ്രന്ഥാലയത്തിനുള്ള ജില്ലാ ലൈബ്രറി കൗണ്സിലിന്റെ 2024ലെ പുരസ്കാരം രാഗ് രംഗിനാണ് ലഭിച്ചത്. ഗ്രാമീണ മേഖലയിലുള്ള മികച്ച ലൈബ്രറിക്കുള്ള ഈ വർഷത്തെ സംസ്ഥാന ലൈബ്രറി കൗണ്സിൽ പുരസ്കാരത്തിന് ജില്ലാ ലൈബ്രറി കൗണ്സിൽ രാഗ് രംഗിനെ ശിപാർശ ചെയ്തിട്ടുണ്ട്.
പി.കെ. സന്തോഷ്കുമാർ പ്രസിഡന്റും സി.വി. പദ്മനാഭൻ സെക്രട്ടറിയുമായാണ് രാഗ്രംഗ് പ്രവർത്തനം. ഉദ്യോഗസ്ഥരടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ലൈബ്രറി അംഗങ്ങളാണ്.
District News
കോടഞ്ചേരി: കാട്ടാന കൃഷി നശിപ്പിച്ചു. തുഷാരഗിരി വട്ടച്ചിറ ടോമി ഇല്ലിമൂട്ടിലിന്റെ കൃഷിഭൂമിയിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാന ഇറങ്ങി വ്യാപക നാശം വിതച്ചത്. തെങ്ങ്, വാഴ, കമുക്, കൊക്കോ എന്നീ വിളകളാണ് നശിപ്പിച്ചത്. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്.
District News
കാഞ്ഞിരപ്പള്ളി: പ്രകൃതിക്ഷോഭങ്ങളില് കാര്ഷിക വിളകള്ക്കുണ്ടായ നഷ്ടപരിഹാര കുടിശിക ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആനക്കല്ല് ഫാര്മേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തില് കൃഷി മന്ത്രി ടി. സിദ്ദിഖിന് നിവേദനം നല്കി. കൃഷിനാശങ്ങള്ക്കുള്ള നഷ്ടപരിഹാരത്തുക ഉടന് ലഭ്യമാക്കുന്നതിനുള്ള നടപടികള് സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്കിയതായി ഭാരവാഹികള് അറിയിച്ചു.
കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക 2021 ഒക്ടോബര് 16 മുതലുള്ളത് നല്കുവാനുണ്ട്. സംസ്ഥാന വിള ഇന്ഷ്വറന്സ് പദ്ധതി പ്രകാരം കര്ഷകര്ക്ക് 32 കോടിയലധികം തുക നഷ്ടപരിഹാരമായി നല്കുവാനുണ്ടെന്നും സൊസൈറ്റി ഭാരവാഹികള് അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീറിന്റെ നേതൃത്വത്തില് ആനക്കല്ല് ഫാര്മേഴ്സ് സൊസൈറ്റി രക്ഷാധികാരി ജോളി മടുക്കക്കുഴി, സെക്രട്ടറി റെജി പടിഞ്ഞാറേമുറി, ട്രഷറര് മനോജ് കപ്പലുമാക്കല്, കാഞ്ഞിരപ്പള്ളി സഹകരണ കാര്ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ജോര്ഡിന് കിഴക്കേത്തലയ്ക്കല്, ജോസ് ജോര്ജ് താഴത്ത് തകടിയേല്, ബിജു ചക്കാല എന്നിവരാണ് നിവേദനം നല്കിയത്.
Agriculture
തൊടുപുഴ നെടിയശാല കുന്നപ്പിള്ളിയിൽ ഷിനോ മാത്യുവിന് എന്നും തിരക്കാണ്. ബിസിനസ് യാത്രകളുടെ ഭാഗമായി വിദേശരാജ്യങ്ങൾ സന്ദർശിക്കുന്പോൾ ഇദ്ദേഹത്തിന്റെ ചിന്ത നാട്ടിലെ റംബുട്ടാൻ, അവക്കാഡോ തോട്ടത്തെക്കുറിച്ചാണ്.
കൗതുകത്തിന് ഇദ്ദേഹം ഇരുപത്തിയഞ്ച് വർഷം മുന്പ് നട്ട ഒരു നാടൻ റംബുട്ടാനിൽനിന്ന് ലഭിച്ച പഴങ്ങളുടെ രുചി, ആ കൃഷി അഞ്ചേക്കറിലേക്ക് വ്യാപിപ്പിക്കാൻ കാരണമായി. 2014ൽ റബർ മരങ്ങൾ മുറിച്ചുമാറ്റിയ വീടിനോടു ചേർന്നുള്ള 50 സെന്റ് സ്ഥലത്ത് 28 റംബുട്ടാൻ തൈകൾ നട്ടാണ് ഷിനോ എക്സോടിക് ഫ്രൂട്ട് കൃഷിയിലേക്കിറങ്ങുന്നത്.
റബർ മരങ്ങൾ മുറിച്ചുമാറ്റിയ സ്ഥലത്തു റംബുട്ടാൻ നടാനുള്ള തീരുമാനത്തെ പിതാവ് കുര്യാക്കോസും പിന്തുണച്ചു. സീസണിൽ ഒരു മരത്തിൽനിന്നു പതിനായിരം രൂപയോളം വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ, റബർ മരങ്ങളുടെ കാലാവധി കഴിഞ്ഞ തോട്ടത്തിലേക്കു റംബുട്ടാൻ കൃഷി ആരംഭിച്ചു.
ഇപ്പോൾ അഞ്ചേക്കർ സ്ഥലത്തു ഷിനോയ്ക്കു റംബുട്ടാൻ കൃഷിയുണ്ട്. ഒരേക്കറിൽ കുരുമുളക് കൃഷിയും അന്പത് സെന്റ് സ്ഥലത്തു അവക്കാഡോ, അബിയുവും രണ്ട് ഏക്കറിൽ റബറും കൃഷി ചെയ്തുവരുന്നു.
റംബുട്ടാൻ; പരിസ്ഥിതിദിന സമ്മാനം
25 വർഷം മുന്പ് പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് പള്ളിയിൽനിന്ന് തൈ വിതരണം നടത്തിയിരുന്നു. ഷിനോയ്ക്കു ലഭിച്ചത് റംബുട്ടാൻ തൈ ആയിരുന്നു. നാടൻ മരമായിരുന്നെങ്കിലും മരത്തിൽനിന്ന് ലഭിച്ച ഫലം മികച്ചതായിരുന്നു.
ഈ പ്രചോദനത്തിലാണ് 2014ൽ അന്പതു സെന്റിൽ 28 റംബുട്ടാൻ നടുന്നത്. റംബുട്ടാനൊപ്പം ഇടവിളയായി കൊക്കോയും നട്ടിരുന്നു. കൊക്കോ ആദ്യം കായിച്ചു, വിലയില്ലാത്തതിനാൽ വെട്ടിക്കളഞ്ഞു. നാലാം വർഷം റംബുട്ടാൻ കായിച്ചു.
പ്രൂണിംഗ് കൃത്യമായി നടത്താത്തതിനാലാണ് കായ്ഫലം കുറഞ്ഞതെന്നും മരങ്ങൾക്ക് കൂടുതൽ ഉയരം വച്ചതെന്നും മറ്റു തോട്ടങ്ങൾ സന്ദർശിപ്പോൾ മനസിലായി. ഇതിനെത്തുടർന്ന് മരങ്ങൾ കൃത്യമായി പ്രൂണ് ചെയ്യാൻ ആരംഭിച്ചു.
ഇടയകലം കുറഞ്ഞുപോയതിനാൽ ചില മരങ്ങൾ മുറിച്ചുനീക്കേണ്ടിയും വന്നു. ഇപ്പോൾ 18 മരങ്ങളാണ് ഇവിടെയുള്ളത്. ഒരു മരത്തിൽനിന്നു ശരാശരി 100 കിലോ കായ് ലഭിക്കും.
റംബുട്ടാൻ പഴത്തിനു ഡിമാൻഡ് ഉണ്ടെന്നും കൃഷി വിജകരമാണെന്നും മനസിലാക്കിയതോടെ കൂടുതൽ സ്ഥലത്തേക്കു കൃഷി വ്യാപിപ്പിച്ചു. റബർ വെട്ടിമാറ്റിയ തോട്ടങ്ങളിൽ 2020, 2023ൽ റംബുട്ടാൻ കൃഷി ചെയ്തു. ഇപ്പോൾ ആറേക്കറോളം സ്ഥലത്തു കൃഷിയുണ്ട്.
പ്രൂണിംഗും ജലസേചനവും മുഖ്യം
ആറും മൂന്നും വർഷം പ്രായമായ മരങ്ങൾ കൃത്യമായി പ്രൂണ് ചെയ്തതിനാൽ, മികച്ച കായ്ഫലമാണ് ലഭിക്കുന്നത്. മികച്ച വിളവും കൂടുതൽ മധുരവുമുള്ള എൻ 18 ചെടികളാണ് തോട്ടത്തിൽ നട്ടിരിക്കുന്നത്.
ചുവന്ന പഴങ്ങൾക്കാണ് മാർക്കറ്റിൽ ഡിമാൻഡ് ഉള്ളതിനാൽ, മറ്റു വെറൈറ്റികൾ പരീക്ഷിച്ചിട്ടില്ലെന്നും ഷിനോ പറഞ്ഞു. റംബുട്ടാൻ കൃഷിയിൽ പ്രധാനമായും വേണ്ടത് ജലസേചനമാണ്. വീടിനോടു ചേർന്നുള്ള തോട്ടത്തിലേക്ക് ഒരുകിലോമീറ്റർ അകലെയുള്ള കുളത്തിൽനിന്നാണ് ജലം എത്തിക്കുന്നത്.
ഓരോ ചെടിക്കും ജലം കൃത്യമായി എത്തിക്കുന്നതിനായി ഡ്രിപ് ഇറിഗേഷനിൽ മൈക്രോ സ്പ്രിംഗ്ളർ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ജലലഭ്യത കുറഞ്ഞ തോട്ടത്തിൽ വെള്ളം സംഭരിക്കുന്നതിനായി വലിയ പടുതാക്കുളം നിർമിച്ചിട്ടുണ്ട്.
ആവശ്യത്തിനു വെള്ളവും വളവും നൽകിയാൽ മാത്രമേ പ്രതീക്ഷിച്ച വരുമാനം ലഭിക്കുകയുള്ളൂ. എന്നിരുന്നാലും ചീനിക്കുഴി മഞ്ചിക്കല്ലിൽ വേണ്ടത്ര ജലസേചന സൗകര്യമില്ലാത്ത തോട്ടത്തിൽ മികച്ച വിളവു ലഭിക്കുന്നതു കണ്ടിട്ടുണ്ട്.
മരങ്ങൾ നട്ട സമയത്തെ കേരളത്തിലെ കാലാവസ്ഥയാണ് ഇതിനു കാരണം. കേരളത്തിലെ മഴയുടെ രീതി മാറിയതിനാൽ ഇപ്പോൾ ജലസേചനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നല്ല കാലാവസ്ഥയും നല്ല കൃഷിയുമാണെങ്കിൽ ഒരു ഏക്കറിൽനിന്ന് എട്ടാം വർഷം മൂന്നു മുതൽ നാല് ടണ് കായ വരെ ലഭിക്കും. സ്വന്തം തൈകൾ ബഡ്ഡ് ചെയ്താണ് ഷിനോ ഉപയോഗിക്കുന്നത്.
12 വർഷം പ്രായമായ മികച്ച കായ് തരുന്ന മരത്തിൽനിന്നാണ് ബഡ്ഡ് മുകുളങ്ങൾ ശേഖരിക്കുന്നത്. ചുരുങ്ങിയത് ഒരേക്കറിൽനിന്ന് രണ്ടു ടണ് പഴവും കിലോയ്ക്കു ചുരുങ്ങിയത് 100 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ കൃഷി ലാഭകരമാകുകയുള്ളൂയെന്നും ഇദ്ദേഹം പറഞ്ഞു.
ഹിറ്റാച്ചിക്ക് കുഴിയെടുത്ത് അടി വളമായി കന്പോസ്റ്റ് ഇട്ടാണ് റംബുട്ടാൻ തൈകൾ നടുന്നത്. കൂടുതലും ജൈവമായാണ് കൃഷി ചെയ്യുന്നത്. രാസവളവും മൈക്രോ ന്യൂട്രിയന്റും ചെടികൾക്കു നൽകുന്നുണ്ട്. ഫംഗസ് രോഗങ്ങൾക്ക് എതിരേ മിത്ര ബാക്ടീരിയകൾ ആണ് പ്രയോഗിക്കുന്നത്.
റംബുട്ടാൻ മരത്തിൽനിന്ന് പഴുക്കേണ്ട ഒരു ഫലമാണ്. പറിച്ചുവച്ചു പഴുപ്പിക്കാൻ സാധിക്കില്ല. അതിനാൽ ഷെൽഫ് ലൈഫ് കുറവാണ്. ഉറുന്പ്, കിളി എന്നിവ കടിച്ചാലും കൃത്യസമയത്ത് പറിച്ചില്ലെങ്കിലും കാ കറുക്കാൻ സാധ്യതയുണ്ട്.
വിപണനം
തിമിഴ്നാട്ടിൽനിന്നുള്ള മൊത്തക്കച്ചവടക്കാർക്കാണ് റംബുട്ടാൻ കൊടുക്കുന്നത്. കച്ചവടക്കാർ തന്നെ വലയിട്ട് തോട്ടം എടുക്കും. പൂ ആകുന്പോൾ എത്തി അഡ്വാൻസ് തരും.
നല്ല കച്ചവടക്കാരനെ കൃഷിക്കാരൻ ശത്രു ആയി കാണരുതെന്നാണ് ഷിനോയുടെ പക്ഷം. തോട്ടത്തിൽ ഒരു വെറൈറ്റി റംബുട്ടാൻ നട്ടാൽ മാത്രമേ കച്ചവടക്കാർ എത്തുകയുള്ളൂ.
എൻ 18 ആണ് കൂടുതൽ ഡിമാൻഡ്. വലയിട്ട് കായ് എടുക്കുന്നവർ, തോട്ടത്തിൽനിന്ന് നേരിട്ട് കായെടുക്കുന്നവർ എന്നിങ്ങനെ രണ്ടു തരം കച്ചവടക്കാരുണ്ട്.
വലയിട്ട് കായെടുക്കുന്ന ധാരാളം കച്ചവടക്കാർ ഈ മേഖലയിലേക്ക് വന്നാലേ കർഷകർക്കു കൂടുതൽ പ്രയോജനം ലഭിക്കുകയുള്ളൂയെന്നും ഷിനോ പറഞ്ഞു.
പരീക്ഷണത്തിന് അവക്കാഡോയും
ലോറേഞ്ചിലെ കാലാവസ്ഥയിൽ അവക്കാഡോ മികച്ച വിളവ് തരില്ലെന്ന പ്രചാരണം തിരുത്താനാണ് അവക്കാഡോ കൃഷി ആരംഭിച്ചത്. വിവിധ തോട്ടങ്ങൾ സന്ദർശിച്ച് വിവിധതരം ചെടികളുടെ ഗുണവിശേഷങ്ങൾ പഠിച്ചു.
പല വെറൈറ്റിയിലുള്ള 50 തൈകൾ നട്ടു. അഞ്ചാം വർഷത്തോടെ 60 ശതമാനം ചെടികൾ കായ്ച്ചു. കായ്ക്കാത്ത ചെടികൾ വെട്ടിമാറ്റി. പല വെറൈറ്റികൾ നട്ടതിനാൽ എല്ലാ സീസണിലും കായുണ്ട്.
കായുടെ ഷെൽഫ് ലൈഫ്, കൊമേഴ്സ്യൽ വയബിലിറ്റി (അമിത വലുപ്പമുള്ള കാ വിറ്റു പോകില്ല-മീഡിയം സൈസ് ആണ് വേണ്ടത്), മാംസളത, ബട്ടർ ടേസ്റ്റ്, കാണാനുള്ള ആകർഷണത്വം, ഓയിൽ കണ്ടെന്റ് എന്നിവ നോക്കിയാണ് മാർക്കറ്റ് ഡിമാൻഡ്. 40 അബിയു മരങ്ങളാണ് ഉള്ളത്.
ഓഫ് സീസണ് ഫ്രൂട്ട്സ് ആയതിനാൽ വിറ്റു പോകുന്നുണ്ട്. ഇതു കൂടാതെ രണ്ടേക്കർ സ്ഥലത്തു കുരുമുളക് കൃഷി നടത്തുന്നു.
ബിസിനസും കുടുംബവും
എംബിഎ മാർക്കറ്റിംഗ് കഴിഞ്ഞ ഷിനോ ബാങ്കിംഗ് ജോലിക്കും അധ്യാപനത്തിനും ശേഷം ഇപ്പോൾ സ്വന്തമായി ബിസിനസ് ചെയ്യുന്നു. ട്രിപ്കോ എന്ന പേരിലുള്ള ട്രാവൽ ഏജൻസിക്ക് കേരളത്തിൽ ഉഴവൂർ, തൊടുപുഴ എന്നിവിടങ്ങളിലും അമേരിക്കയിലും ശാഖകളുണ്ട്.
വിദേശരാജ്യങ്ങളിലേക്കുള്ള ടൂറുകളും വിസിറ്റിംഗ് വീസ പ്രോസസിംഗുമാണ് നടത്തുന്നത്. പ്രൂണിംഗ് ടെക്നിക് കൂടുതലായി മനസിലാക്കിയത് ഇസ്രയേൽ യാത്രയിലാണെന്നും ഷിനോ പറഞ്ഞു.
അന്പതോളം വിദേശരാജ്യങ്ങൾ ഇദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. സ്വന്തം കൃഷി രീതികൾ ഷൂട്ട് ചെയ്തു സൂക്ഷിക്കാൻ ഷിനോ ആരംഭിച്ച സമൂഹമാധ്യമ ചാനൽ ഇന്നു വൈറലാണ്.
മല്ലു ഫാർമർ എന്ന ചാനലിന് ഒരുലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഷിനോയുടെ കൃഷിക്കും ബിസിനസിനും പിന്തുണയുമായി അമ്മ ഗ്രേസിയും ഭാര്യ ദിവ്യയും മക്കളായ തെരേസ, മെറീസ, ജെയ്ഡൻ, ജെസീക്ക എന്നിവരുമുണ്ട്.
Leader Page
രാജ്യം പദ്മശ്രീ നൽകി ആദരിച്ച വയനാട് സ്വദേശി ചെറുവയൽ രാമനെ കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ഉമ്മൻ ചാണ്ടി പുരസ്കാരം സമ്മാനിച്ച് കേരളവും ബഹുമാനിച്ചു. ഒരു കർഷകൻ എന്നതിലുപരി വയനാടിന്റെ പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരനാണ് രാമൻ. മണ്ണിനെയും പ്രകൃതിയെയും ഒരുപോലെ ചേർത്തുപിടിച്ച ജീവിതം. തലമുറകളായി കൈമാറിവന്ന വിത്തുകളുടെ സംരക്ഷണവും പ്രകൃതിയോട് ഇണങ്ങിച്ചേർന്ന കൃഷിരീതിയും ജീവിതചര്യയാക്കിയ രാമേട്ടൻ ഈ കർഷകദിനത്തിൽ തന്റെ അരിവും അനുഭവവും ദീപികയുമായി പങ്കുവച്ചു.
വയനാട്ടിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പാരമ്പര്യമായി കൃഷി ചെയ്തുവരുന്ന കർഷകരിൽനിന്ന് വിത്തുകൾ ശേഖരിച്ചാണ് അദ്ദേഹം തന്റെ വിത്തുശേഖരം വിപുലമാക്കിയത്. ഒരുകാലത്ത് വയനാടൻ വയലുകളിൽ സജീവമായിരുന്ന പല നെൽവിത്തുകളും കാലക്രമേണ അന്യമായപ്പോൾ അവയെ കണ്ടെത്തി സംരക്ഷിക്കുകയെന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തത്. ഇന്ന് അറുപതോളം പരമ്പരാഗത നെൽവിത്തുകൾ രാമൻ കൃഷിയിറക്കുന്നു.
പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിലേക്ക് എത്തിയത്?
പന്ത്രണ്ടാമത്തെ വയസുമുതൽ കൃഷിപ്പണി തുടങ്ങിയതാണ്. ഹരിതവിപ്ലവത്തിന്റെ ഭാഗമായി കാർഷികമേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിച്ച കാലം മുതൽതന്നെ പരമ്പരാഗത വിത്തുകൾ സംരക്ഷിക്കണമെന്ന ചിന്ത എന്റെ മനസിലുണ്ടായിരുന്നു. എന്നാൽ വിത്തുകൾ സംരക്ഷിക്കണമെന്ന ചിന്ത ശക്തമായി മനസിൽ വരുന്നത് ഏകദേശം 25 വർഷം മുമ്പാണ്. തുടർന്ന് 2000ത്തിന്റെ തുടക്കത്തോടെ, അന്യമായിക്കൊണ്ടിരുന്ന പല വിത്തുകളും വീണ്ടും കൃഷിയിറക്കാൻ തുടങ്ങി.
നമ്മുടെ പൈതൃകമായി കിട്ടിയ പല വിത്തുകളും ഓരോ കാലത്തും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ശ്രദ്ധയിൽപ്പെട്ടു. അപ്പോൾ ഇനിയെങ്കിലും കിട്ടാവുന്ന വിത്തുകളെങ്കിലും സംരക്ഷിക്കണമെന്ന തീരുമാനമെടുത്തു. അതിന്റെ ഭാഗമായാണ് എന്റെ കൈയിലുണ്ടായിരുന്ന നെൽവിത്തുകൾ സംരക്ഷിക്കുന്നതിനൊപ്പം വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ച് പാരമ്പര്യമായി കൃഷി ചെയ്യുന്ന ആളുകളെ നേരിൽ കണ്ട് വിത്തുകൾ ശേഖരിക്കാൻ തുടങ്ങിയത്.
അങ്ങനെ ശേഖരിച്ച വിത്തുകളിൽ 500 വർഷം വരെ പഴക്കമുള്ള പാരമ്പര്യവുമായി ബന്ധപ്പെട്ട വിത്തുകൾ എന്റെ കൈയിലുണ്ടെന്നാണ് വിശ്വാസം. അഞ്ചും ആറും തലമുറകളായി ഒരു കുടുംബം കൃഷി ചെയ്തുവരുന്ന വിത്തുകളും അതിലുണ്ട്. വിത്ത് ശേഖരിച്ചുവച്ചാൽ മാത്രം സംരക്ഷണമാകില്ല. അത് കൃഷിയിറക്കുകയും അടുത്ത തലമുറയ്ക്ക് കൈമാറുകയും വേണം. അതുകൊണ്ടാണ് ലഭിച്ച വിത്തുകൾ വീണ്ടും വയലിലിറക്കി പരിപാലിക്കാൻ ശ്രമിച്ചത്.
രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെയാണ് ഞാൻ കൃഷി ചെയ്യുന്നത്. ഇപ്പോൾ അറുപതോളം പരമ്പരാഗത നെൽവിത്തുകൾ കൃഷി ചെയ്തുവരുന്നുണ്ട്. പ്രകൃതിക്ക് ദോഷമുണ്ടാകാത്ത രീതിയിലാണ് കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്. വയനാടിന്റെ ആവാസവ്യവസ്ഥ നിലനിർത്തിക്കൊണ്ടുള്ള കൃഷിയും ജീവിതവുമാണ് എന്റെ ലക്ഷ്യം.
കൃഷിയുടെ ആദ്യനാളുകളിൽ നേരിട്ട പ്രധാന വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?
1970-75 കാലഘട്ടത്തിൽ കാർഷികമേഖലയിൽ വലിയ മാറ്റങ്ങളാണ് വന്നത്. അതിന്റെ ഭാഗമായി നെൽകൃഷിയിലും കാര്യമായ മാറ്റങ്ങളുണ്ടായി. പുതിയ ഇനം വിത്തുകളും പുതിയ കൃഷിരീതികളും ആ കാലഘട്ടത്തിൽ വ്യാപകമായി കടന്നുവന്നു. എനിക്ക് അതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. പാരമ്പര്യ കൃഷിരീതിതന്നെ പിന്തുടരണമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു.
അങ്ങനെ മുന്നോട്ടുപോകുമ്പോൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം വലിയ പ്രശ്നമായി. അതോടൊപ്പം തൊഴിലാളിക്ഷാമവും ഉണ്ടായി. നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ കൃഷി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യങ്ങൾ പലപ്പോഴും ഉണ്ടായി. പുതിയ ഇനം രോഗങ്ങളും കീടങ്ങളുടെ ആക്രമണവും ഉണ്ടായി. ഇതെല്ലാം അതിജീവിച്ചാണ് പരമ്പരാഗത കൃഷി ഇന്നും മുന്നോട്ടുകൊണ്ടുപോകുന്നത്. നമ്മുടെ മുൻതലമുറകൾ നമ്മളിലേക്ക് കൈമാറിയതാണ് ഈ വിത്തുകൾ. നമ്മൾ അത് നഷ്ടപ്പെടുത്തിയാൽ പിന്നെ തിരിച്ചുപിടിക്കാൻ കഴിയണമെന്നില്ല. അതുകൊണ്ട് എത്ര ബുദ്ധിമുട്ടുണ്ടായാലും സംരക്ഷിക്കണം.
കാലാവസ്ഥയിലെ മാറ്റം കൃഷിയെ എങ്ങനെ ബാധിക്കും?
ഓരോ വിത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ചാണ് കൃഷിയുടെ രീതിയും സമയവും നിശ്ചയിക്കേണ്ടത്. എന്നാൽ ഇപ്പോൾ കാലാവസ്ഥയിൽ വലിയ മാറ്റമാണ് സംഭവിക്കുന്നത്. ഇടവപ്പാതിയിലും കർക്കടകത്തിലും ലഭിക്കേണ്ട മഴ ചിങ്ങത്തിൽ ലഭിക്കുന്ന സാഹചര്യമുണ്ട്. മുമ്പ് കർക്കടകത്തിൽ നടത്തിയിരുന്ന പല കൃഷികളും ഇപ്പോൾ ചിങ്ങത്തിൽ നടത്തേണ്ടിവരുന്നു.
കാലാവസ്ഥ മാറുമ്പോൾ കൃഷിയുടെ സമയവും മാറും. കൃഷി ചെയ്യുന്ന സമയത്ത് കാലാവസ്ഥയുടെ സ്വഭാവം മാറിയാൽ ഉദ്ദേശിച്ച തരത്തിലുള്ള വിളവ് ലഭിക്കണമെന്നില്ല. പഴയകാലത്ത് ലഭിച്ചിരുന്ന ഗുണവും മേന്മയും ചിലപ്പോൾ ലഭിക്കാതെ പോകാനും സാധ്യതയുണ്ട്. പ്രകൃതിയുടെ മാറ്റങ്ങൾക്കനുസരിച്ച് കൃഷിയെയും മാറ്റേണ്ടിവരും.
പരമ്പരാഗത വിത്തിനങ്ങളുടെ പ്രചാരം ഭക്ഷ്യക്ഷാമത്തിനു പരിഹാരമാകുമോ?
തീർച്ചയായും കഴിയുമെന്നാണ് എന്റെ വിശ്വാസം. പണ്ടുകാലത്ത് കേരളത്തിലുണ്ടായിരുന്ന നെൽപ്പാടങ്ങളിൽ ഒരു തുണ്ടുപോലും ഉപയോഗശൂന്യമായി കിടന്നിരുന്നില്ല. ഓരോ പ്രദേശത്തും കൃഷി ചെയ്തിരുന്നു. നെൽകൃഷി നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അതുപോലെ, ഇന്ന് കേരളത്തിലെ 14 ജില്ലകളിലും ലഭ്യമായ വയലുകളിൽ നെൽകൃഷി ചെയ്യാൻ കഴിഞ്ഞാൽ ഭക്ഷ്യക്ഷാമം ഒഴിവാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സാധിക്കും. ഭക്ഷ്യസുരക്ഷ എന്നത് വിപണിയിൽ അരി ലഭിക്കുന്നതുകൊണ്ട് മാത്രം ഉറപ്പാകുന്ന ഒന്നല്ല. നമുക്ക് ആവശ്യമായ ഭക്ഷണം നമ്മുടെ മണ്ണിൽതന്നെ ഉത്പാദിപ്പിക്കാനുള്ള ശേഷി നിലനിർത്തണം.
കൃഷിയിടങ്ങൾ ഉപേക്ഷിച്ച് ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്ന സ്ഥിതി വന്നാൽ അത് വലിയ പ്രതിസന്ധിയാകും. അതുകൊണ്ട് ഓരോ കൃഷിയിടവും പരമാവധി ഉപയോഗപ്പെടുത്തണം. പരമ്പരാഗത നെൽവിത്തുകൾക്ക് ഓരോന്നിനും അതിന്റേതായ പ്രത്യേകതയുണ്ട്. അവയെ സംരക്ഷിക്കുകയും കൃഷിയിറക്കുകയും ചെയ്യുന്നതിനൊപ്പം നെൽകൃഷിയുടെ വിസ്തൃതി വർധിപ്പിക്കുകയും വേണം.
എന്തെല്ലാം പരമ്പരാഗത അറിവുകളാണ് പാടങ്ങളിൽ പ്രയോഗിക്കുന്നത്?
പരമ്പരാഗത വിത്തുകൾക്ക് നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ കൃഷിചെയ്ത് പരിപാലിച്ചാൽ ഒരു പരിധിവരെ കീടങ്ങളെ പ്രതിരോധിക്കാൻ സാധിക്കും. പ്രകൃതിയിൽനിന്നുതന്നെ ലഭിക്കുന്ന ഒരു ശേഷി ഈ നെൽവിത്തുകൾക്കുണ്ട്. അതുപോലെ തന്നെ അതിന്റെ ഗുണങ്ങളും ഈ അരി കഴിക്കുന്ന ആളുകളിൽ കാണാൻ കഴിയും എന്നാണ് എന്റെ വിശ്വാസം.
എന്റെ കൈയിലുള്ള അറുപതോളം വിത്തുകളും വയനാടിന്റെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ സാധിക്കുന്നവയാണ്. കൃഷിയിൽ പ്രകൃതിയെ എതിരാളിയായി കാണരുത്. പ്രകൃതിയോടൊപ്പം നിൽക്കുകയാണ് വേണ്ടത്.
പരമ്പരാഗത വിത്തുകളുടെ പ്രത്യേകത?
ഓരോ വിത്തിനും അതിന്റേതായ പ്രത്യേകതയുണ്ട്. ഒരു വിത്ത് മറ്റൊന്നിനെപ്പോലെയല്ല. ചില വിത്തുകൾക്ക് രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ടാകും. ചിലത് പ്രത്യേക കാലാവസ്ഥയ്ക്ക് അനുയോജ്യമായിരിക്കും. ചിലതിന് അരിയുടെ രുചിയിലും ഗുണത്തിലും പ്രത്യേകതയുണ്ടാകും. പാരമ്പര്യമായി കർഷകർ ഓരോ വിത്തും അതിന്റെ സ്വഭാവമനുസരിച്ചാണ് സംരക്ഷിച്ചിരുന്നത്. ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് വിത്തുകൾ കൈമാറിയത് വെറുതെയല്ല. ഇന്ന് ശാസ്ത്രവും സാങ്കേതികവിദ്യയും വളർന്നിട്ടുണ്ട്. അതെല്ലാം നല്ലതാണ്. എന്നാൽ നമ്മുടെ പാരമ്പര്യ അറിവിനെയും ഒപ്പം നിർത്തണം.
വിത്ത് എന്നത് കൃഷിക്കുള്ള ഒരു സാധനം മാത്രമല്ല. ഒരു പ്രദേശത്തിന്റെ ചരിത്രവും സംസ്കാരവും ജീവിതരീതിയും അതിനൊപ്പം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിത്തുകൾ നഷ്ടപ്പെടുന്നത് നമ്മുടെ പൈതൃകത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടുന്നതിന് തുല്യമാണ്.
District News
തിരുവല്ല: സമീപകാലത്തുണ്ടായ കനത്ത മഴയിലും പ്രളയത്തിലും വൻ കൃഷിനാശം സംഭവിച്ച തിരുവല്ല പുളിക്കീഴ് ബ്ലോക്കിലെ വിവിധ പ്രദേശങ്ങൾ മന്ത്രി ടി. സിദ്ദിഖ് സന്ദർശിച്ചു. പ്രളയബാധിത കൃഷിയിടങ്ങളിലെ സ്ഥിതിഗതികൾ നേരിൽ വിലയിരുത്തിയ മന്ത്രി, കർഷകർ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുകയും കാർഷിക പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.
കുറ്റൂർ, നിരണം, നെടുമ്പ്രം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലെയും തിരുവല്ല നഗരസഭാ പ്രദേശങ്ങളിലെയും പ്രളയബാധിത കൃഷിയിടങ്ങൾ മന്ത്രി സന്ദർശിച്ചു. വെള്ളക്കെട്ട് മൂലം നശിച്ച കൃഷിയിടങ്ങൾ, വിവിധ വിളകൾക്കുണ്ടായ നഷ്ടം, കാർഷിക അടിസ്ഥാനസൗകര്യങ്ങൾക്ക് സംഭവിച്ച കേടുപാടുകൾ എന്നിവ അദ്ദേഹം വിലയിരുത്തി.
നെടുമ്പ്രം പഞ്ചായത്തിലെ കല്ലുങ്കൽ ഒട്ടത്തിൽ വീട്ടിൽ സി. അമ്പിളിയുടെ കൃഷിയിടവും മന്ത്രി സന്ദർശിച്ചു. ഈ വർഷം കൃഷി ചെയ്തിരുന്ന 500 വാഴകൾ പ്രളയത്തിൽ നശിച്ചതായി അമ്പിളി മന്ത്രിയെ അറിയിച്ചു. വിളയ്ക്ക് ഇൻഷ്വറൻസ് എടുത്തിരുന്നതായും അവർ വ്യക്തമാക്കി. കൃഷിനാശത്തിന്റെ വ്യാപ്തിയും തുടർസഹായങ്ങളും സംബന്ധിച്ച് മന്ത്രി നേരിട്ട് വിവരങ്ങൾ ശേഖരിച്ചു.
പുളിക്കീഴ് ബ്ലോക്കിൽ നടന്ന കർഷക അവലോകനയോഗത്തിൽ പ്രളയബാധിത മേഖലകളിലെ കർഷകർ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും ആവശ്യങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൃഷിനാശം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി, പുനർകൃഷിക്കുള്ള സഹായം, കൃഷിയിടങ്ങളിലെ ചെളിയും എക്കലും നീക്കം ചെയ്യൽ, വിത്ത്, തൈ വിതരണം, നഷ്ടപരിഹാരം വേഗത്തിലാക്കൽ തുടങ്ങിയ ആവശ്യങ്ങൾ കർഷകർ ഉന്നയിച്ചു. കർഷകരെ പ്രതിനിധീകരിച്ച് ഡോ. രഘുനാഥൻ നായർ, പ്രമോദ് രാമചന്ദ്രൻ, കെ. അജോയ്, അലക്സ് കുര്യൻ എന്നിവർ പ്രസംഗിച്ചു
മന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാതല അവലോകനയോഗം കളക്ടറേറ്റിൽ ചേർന്നു. തിരുവല്ലയിലെ പ്രളയബാധിത മേഖലകളിൽ മന്ത്രി സിദ്ദിഖിനൊപ്പം വർഗീസ് മാമ്മൻ എംഎൽഎയും ത്രിതല പഞ്ചായത്തംഗങ്ങളും ഉണ്ടായിരുന്നു.
എംഎൽഎമാരായ കെ.യു. ജനീഷ് കുമാർ, പഴകുളം മധു, സി.വി. ശാന്തകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സ്റ്റെല്ലാ തോമസ്, സാം ഈപ്പൻ, ജില്ലാ കളക്ടർ എ. നിസാമുദീൻ, പത്തനംതിട്ട മുനിസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ, പുളക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻകുര്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ റെജിമോൾ തോമസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർ, കൃഷി ഓഫീസർമാർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
Agriculture
കോതമംഗലത്തിന് സമീപം പിടവൂരില് താമസിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര് റഷീദിന്റെ വീട്ടുമുറ്റം കണ്ടാല് ആരും ഒന്ന് അമ്പരക്കും. വെറും 11 സെന്റ് സ്ഥലത്ത് വൈവിധ്യമാര്ന്ന കൃഷികളാണ് ഒരുക്കിയിരിക്കുന്നത്.
അതില് ഏറ്റവും ശ്രദ്ധേയമായത് വീടിന് മുന്നിലെ പന്തലിലാകെ പടര്ന്നുനില്ക്കുന്ന മുന്തിരിവള്ളികളും കുലകളുമാണ്.
മുന്തിരിക്ക് പുറമെ കപ്പ, ചേന, ചേമ്പ്, വാഴ, തെങ്ങ്, മാവ്, പ്ലാവ്, റമ്പൂട്ടാന്, പേര, മുരിങ്ങ വിവിധയിനം പച്ചക്കറികള് തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായ മിക്ക വിളകളും ഈ കൊച്ചുപുരയിടത്തില് വിളയുന്നുണ്ട്.
ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയില് ലഭിക്കുന്ന ഒഴിവു സമയങ്ങളിലാണ് കൃഷിപരിപാലനം.
Agriculture
കാർഷിക നഴ്സറിയിൽ വിജയഗാഥ തുടരുകയാണ് അനന്തക്കാട്ട് ജോബി ഈപ്പൻ. പാരമ്പര്യമായി കാർഷിക നഴ്സറി നടത്തിക്കൊണ്ടിരുന്ന അനന്തക്കാട്ടുകുടുംബം 45 വർഷമായി കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്തും 21 വർഷമായി പരിയാരം കോരൻപീടികയിൽ ഹൈവേയോട് ചേർന്നും നഴ്സറി നടത്തിവരുന്നു.
കേരളത്തിൽ എവിടെ വേണമെങ്കിലും ഇവർ തൈകൾ എത്തിച്ചു നൽകുകയും ചെയ്യും. ഇവിടെ വ്യത്യസ്ത ഇനങ്ങളിലായി 450തിലധികം വെറൈറ്റികൾ പഴവർഗത്തിൽ തന്നെയുണ്ട്. ഇതിൽ വിദേശികളും സ്വദേശികളുമായി ഓരോ ഇനത്തിന്റെയും പല വെറൈറ്റികൾ, പല പ്രായത്തിലുള്ളത് ഉണ്ട്.
തൈകൾ ഉത്പാദിപ്പിക്കുന്നതിന് മുന്പ് വിത്തുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രമാണ് പാകുന്നത്. തൈകൾ പാകിയാൽ ആദ്യം കിളിർക്കുന്ന 70 ശതമാനം തൈകളാണ് വില്പനയ്ക്കായി എടുക്കുക.
പല സ്ഥലത്തും പാട്ടത്തിന് സ്ഥലം എടുത്തുകൊണ്ടും തൈകൾ ഉത്പാദിപ്പിക്കുന്നുണ്ട്. നിലവിൽ 10 ഏക്കറിൽ അധികം സ്ഥലത്ത് തൈകൾ ഉണ്ട്. 12 ഇനം തെങ്ങിൻ കൈകളും 8 ഇനം കവുങ്ങിൻ തൈകളും കാപ്പിയുടെയും കശുമാവിന്റെയും വാഴയുടെയും നിരവധി വെറൈറ്റികളും ലഭ്യമാണ്.
ഇവിടെ വില്പന നടത്തുന്ന ഭൂരിഭാഗം തൈകളും ഇവിടെത്തന്നെ ഉത്പാദിപ്പിക്കുന്നതാണ്. പുറമേ നിന്നും കൊണ്ടുവരുന്ന തൈകൾ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രമേ വില്പന നടത്താറുള്ളൂ.
കൃഷിവകുപ്പിന്റെ അംഗീകൃത നഴ്സറി കൂടി ആയതിനാൽ ഇവിടെ നിന്നും വാങ്ങുന്ന തൈകൾക്ക് ഗവണ്മെന്റ് നൽകുന്ന സബ്സിഡികളും ലഭിക്കും.
വ്യത്യസ്തയിനം തൈകൾ
ചെറുനാരകം കുരുവുള്ളത്, കുരുവില്ലാത്തത്, ഇതിൽ തന്നെ ചട്ടിയിലും ഡ്രമ്മിലുമായി ഉള്ള തൈകൾ ബുഷ് ഓറഞ്ച് ഇതിൽ തന്നെ സാധാ ഐറ്റം, വെറൈറ്റഡ് ഐറ്റം, പേരയുടെ തന്നെ നിരവധി ഐറ്റംസ്, പ്ലാവിൽ വിയറ്റ്നാം സൂപ്പർ ഏർളി, തേൻവരിക്ക, മുട്ടൻ വരിക്ക തുടങ്ങി ഒന്നര രണ്ടു വർഷത്തിനുള്ളിൽ കായിക്കുന്ന നിരവധി ഐറ്റം, ചാമ്പ യിൽ പ്രധാനമായി തായ്ലൻഡ് റെഡ്, വൈറ്റ്, ഉമ്മർ ചാന്പ, വെൽ ചാമ്പ, ലൂബിയിൽ പുളിയുള്ളത്, മധുരം ഉള്ളത്, റംബുട്ടാന്റെ വിവിധ ഐറ്റം, രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന അബിയു വെറൈറ്റികൾ, എല്ലാ സീസണിലും കായ്ക്കുന്ന തായ്ലൻഡ് മാവ്, കാലാപാടി ഇനം, കർപ്പൂരം, മൂവാണ്ടൻ, നീലം തുടങ്ങി നിരവധി വ്യത്യസ്തയിനങ്ങൾ ഇവിടെ ലഭ്യമാണ്.
Kerala
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില് രൂപീകരിച്ച കതിര് ക്ലബ്ബുകളോടനുബന്ധിച്ച് കര്ഷകരായ വിദ്യാര്ഥികള്ക്കു ഗ്രേസ് മാര്ക്ക് ഏര്പ്പെടുത്താന് സംസ്ഥാനം.
ഇതിനുള്ള പ്രാരംഭനടപടികള് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്ന്ന് കൃഷി വകുപ്പ് ആരംഭിച്ചു. ഇതു പ്രാവര്ത്തികമാകുന്നതോടെ രാജ്യത്തു കൃഷിക്ക് ഗ്രേസ് മാര്ക്ക് നല്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
സംസ്ഥാന കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്ന്ന് കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് കതിര് ക്ലബ്ബുകള്ക്ക് തുടക്കം കുറിച്ചത്. പുതുതലമുറയില് കൃഷിയോടും പ്രകൃതിയോടും മണ്ണിനോടുമുള്ള ആത്മബന്ധം വളര്ത്തിയെടുക്കുകയാണ് ലക്ഷ്യം.
ഇതിന്റെ തുടര്ച്ചയായി കനിപ്പന്തല് ഇനി വിദ്യാലയങ്ങളിലും പദ്ധതിയിലൂടെ 2,921 വിദ്യാലയങ്ങളില് പഴവര്ഗ പോഷക തോട്ടങ്ങള് സ്ഥാപിക്കുന്നതിനും തുടക്കംകുറിച്ചിട്ടുണ്ട്.
Agriculture
കൃഷി ചെയ്ത് അതിൽനിന്നു കിട്ടുന്ന വരുമാനം കാരുണ്യ പ്രവർത്തനങ്ങൾക്കു നൽകുകയാണ് കണ്ണൂർ ജില്ലയിലെ മാതമംഗലം കൂട്ടായ്മ. 2018ലെ പ്രളയത്തിൽ ദുരിതം അനുഭവിച്ചവരെ സഹായിക്കാൻ വയനാട്ടിലും ആലുവയിലും എത്തി സഹായങ്ങൾ നൽകിയായിരുന്നു രമേശൻ ഹരിതയുടെ നേതൃത്വത്തിൽ മാതമംഗലത്തെ ഒരു കൂട്ടം നല്ല മനുഷ്യർ.
അതിനു ശേഷമാണു നാട്ടിൽ തന്നെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ മാതമംഗലം കൂട്ടായ്മ രൂപീകരിച്ചത്. കക്ഷി രാഷ്ട്രീയത്തിനും ജാതി ചിന്തകൾക്കും അതീതമായാണ് കൂട്ടായ്മയുടെ പ്രവർത്തനം. കൂട്ടായ്മയുടെ പ്രവർത്തകർ നൽകുന്ന സഹായവും കൃഷിചെയ്ത്, അതിൽനിന്നു കിട്ടുന്ന വരുമാനവുമാണ് കാരുണ്യ പ്രവർത്തനങ്ങൾക്കു നൽകുന്നത്.
കൃഷി ജോലികൾ കൂട്ടായ്മയിലെ അംഗങ്ങൾ തന്നെയാണ് ചെയ്തുവരുന്നത്. കോവിഡ് കാലത്ത് 5,000 ഭക്ഷ്യകിറ്റുകൾ, കുട്ടികൾക്ക് ഫോണ്, ടിവി എന്നിവ നൽകി. അതിനുശേഷം ഇപ്പോഴും അസുഖ ബാധിതർക്ക് മരുന്ന്, സഹായധനം എന്നിവ നൽകിവരുന്നു.
ഓണം, റംസാൻ, വിഷു, നബിദിനം, ക്രിസ്മസ് അവസരങ്ങളിൽ അർഹരായ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ, സഹായധനം എന്നിവ വിതരണം ചെയ്യുന്നു.
വീട് ഇല്ലാത്തവർക്ക് അതിന് സൗകര്യങ്ങൾ നൽകാനുള്ള ശ്രമവും കൂട്ടായ്മ നടത്തി. രോഗികൾക്കുവേണ്ടി സാന്ത്വന യാത്രകൾ നടത്തിയും സഹായങ്ങൾ നൽകി.
District News
കല്പ്പറ്റ: ഫലവര്ഗങ്ങളായ മാംഗോസ്റ്റീന്, അവോക്കാഡോ, റംബൂട്ടാന് കൃഷികള്ക്ക് പ്രോത്സാഹനം നല്കുകയും കര്ഷകര്ക്ക് ആകര്ഷകമായ വില ലഭ്യമാക്കുന്നതിനായി അവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പദ്ധതികള്ക്ക് തുടക്കം കുറിക്കുമെന്നും കാര്ഷിക വികസന കര്ഷക ക്ഷേമ മന്ത്രി ടി. സിദ്ദിഖ് പ്രഖ്യാപിച്ചു.
ജില്ല യുഡിഎഫ് കമ്മിറ്റി നല്കിയ സ്വീകരണത്തിനു മറുപടി പറയവേയാണ് വയനാടിന് ഒട്ടേറെ ഗുണകരമാകുന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. കേരളത്തിലെ കാര്ഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാരമാര്ഗങ്ങളും മനസിലാക്കിയുള്ള പദ്ധതികള് ആവിഷ്കരിക്കുന്നതിനായി കാര്ഷികമേഖലയിലെ വിദഗ്ദര്, ഉന്നതതല ഉദ്യോഗസ്ഥര്, കര്ഷകര് എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോണ്ക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി പ്രസ്താവിച്ചു. ഇതിന്റെ മുന്നോടിയായി ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ഉടന് വിളിച്ചു ചേര്ക്കും.
ജില്ല അഭിമുഖീകരിക്കുന്ന വികസന വിഷയങ്ങള് മുഖ്യമന്ത്രി, മന്ത്രിമാര് പ്രിയങ്ക ഗാന്ധി എംപി എന്നിവരുടെ ശ്രദ്ധയില് പെടുത്തിയിട്ടുണ്ടെന്നും അവ അതീവ പ്രാധാന്യത്തോടെ നടപ്പാക്കാന് മുന്കൈ എടുക്കുമെന്നും മന്ത്രി ഉറപ്പു നല്കി. ജില്ലയില് നിന്നും തെരഞ്ഞെടുക്കപ്പെട്ട മന്ത്രി, എംഎല്എമാര് എന്നിവരെ ആദരിക്കുന്നതിനായി ജില്ല യുഡിഎഫ് കമ്മിറ്റി ഒരുക്കിയ സ്വീകരണ യോഗം ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്ക് ഉദ്ഘാടനം ചെയ്തു. ജില്ല ചെയര്മാന് ടി. മുഹമ്മദ്, ജില്ല കണ്വീനര് എച്ച്.ബി. പ്രദീപ് എന്നിവര് ചേര്ന്ന് ഉപഹാര സമര്പ്പണം നടത്തി.
ഉഷ വിജയന് എംഎല്എ, രാഷ്ട്രീയ കാര്യസമിതി അംഗം പി.കെ. ജയലക്ഷ്മി, കെപിസിസി ജനറല് സെക്രട്ടറി കെ.എല്. പൗലോസ്, അമ്മദ് പടയന്, ഡി.പി. രാജശേഖരന്, സലിം മേമന, ശ്രീധരന് അമ്മാനി, ഒ.വി. അപ്പച്ചന്, എം.എ. ജോസഫ്, മാടക്കര അബ്ദുള്ള, ടി. ഹംസ, സി.ജെ. വര്ക്കി, കെ.ടി. ഗിരീഷ് തുടങ്ങിയവര് പ്രസംഗിച്ചു.
Agriculture
ഐടി പ്രഫഷണലായ മുട്ടം തുടങ്ങനാട് വിച്ചാട്ട് ജോയിസ് ജിമ്മിന് കൃഷിയും അരുമപക്ഷികളുടെ വളർത്തലും അദമ്യമായ മോഹമാണ്. സ്കൂൾ പഠന കാലത്തു തന്നെ കൃഷിയ്ക്കു പുറമെ മത്സ്യം വളർത്തൽ, വളർത്തു മൃഗങ്ങളുടെയും അലങ്കാരപ്പക്ഷികളുടെയും പരിപാലനം എന്നിവയിൽ ജോയിസ് ഏറെ തത്പരനായിരുന്നു.
കർഷകനായ പിതാവ് ജിമ്മി എന്ന ജിം ജോണും മാതാവ് ജോളിയും മകന്റെ താത്പര്യങ്ങൾക്ക് എതിരു നിന്നില്ല. ഇതോടെ വീടിനു സമീപം കുട്ടിക്കാലത്തു തന്നെ ജോയിസ് വളർത്തുപക്ഷികൾക്കും മൃഗങ്ങൾക്കുമായി കൂടുകളൊരുക്കി. ഇതോടൊപ്പം മത്സ്യക്കൃഷിയും പച്ചക്കറി കൃഷിയും നടത്തുകയും ചെയ്തു.
പഠനത്തിനുശേഷം എറണാകുളത്ത് ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥനായ ജോയിസ് ജോലിക്കു ശേഷം കിട്ടുന്ന സമയം പൂർണമായും ഇതിനായി മാറ്റി വച്ചിരിക്കുകയാണ്.
പഠനകാലം മുതൽ മത്സ്യം വളർത്തൽ
കുട്ടിക്കാലത്തു തന്നെ ജോയിസിന് മൃഗങ്ങളോട് ഏറെ താത്പര്യമായിരുന്നു. നായ്ക്കളെയും പൂച്ചകളെയും ഓമനിച്ചു വളർത്തിയിരുന്നു. പിന്നീടാണു മത്സ്യം വളർത്തൽ ആരംഭിച്ചത്. മകന്റെ താത്പര്യം കണക്കിലെടുത്ത് ജിമ്മി വീടിനു സമീപം തന്നെ 440 ചതുരശ്രയടി വിസ്തീർണമുള്ള രണ്ടു പടുതാക്കുളങ്ങൾ നിർമിച്ചു.
ചിത്രലാട, ഗിഫ്റ്റ്, വാള, ഗ്രാസ് കാർപ്പ് എന്നിവയാണ് വളർത്തിയത്. ജോയിസിന്റെ മേൽനോട്ടത്തിൽ മത്സ്യക്കുളത്തിൽനിന്നു മികച്ച വിളവും വരുമാനവും ലഭിച്ചു. പ്രാദേശികമായി തന്നെയായിരുന്നു മത്സ്യത്തിന്റെ വിൽപന.
ജോളിയുടെ നേതൃത്വത്തിൽ മത്സ്യം വൃത്തിയാക്കി നൽകിയതോടെ ആവശ്യക്കാരേറി. ഏതാനും മാസം മുന്പ് വിളവെടുത്ത കുളം ശുചീകരിച്ച് അടുത്ത ഘട്ടം മത്സ്യക്കൃഷിക്കായി തയാറെടുക്കുകയാണ് ഇദ്ദേഹം.
വിവിധയിനം അരുമപ്പക്ഷികൾ
കൗതുകത്തിനു വേണ്ടിയാണ് അഞ്ചു വർഷം മുന്പ് കോഴിയും കാടയും താറാവും വളർത്തിത്തുടങ്ങിയത്. ഇതിനായി ജോയിസ് തന്നെ വീടിനു സമീപം ഇരുന്പു വലകൾ ഉപയോഗിച്ച് കൂടു സ്ഥാപിച്ചു. മുട്ട വിൽപ്പന നടത്താനായായിരുന്നു കോഴികളെയും കാടയെയും വളർത്തിയത്.
മുട്ടയോടൊപ്പം കോഴികളെയും വിവിധ മാർക്കറ്റുകളിൽ വിൽപന നടത്തി. പിന്നീടാണു മണിത്താറാവ്, അലങ്കാര ക്കോഴികൾ, ഗിനിക്കോഴി എന്നിവയെ വളർത്താൻ തുടങ്ങിയത്. ഇപ്പോൾ മികച്ച വരുമാനമാണ് ഇവയുടെ വിൽപനയിൽനിന്നു ജോയിസിന് ലഭിക്കുന്നത്.
ബ്രഹ്മ കോഴികളും മണിത്താറാവും
അലങ്കാരക്കോഴികൾക്കും മണിത്താറാവുകൾക്കും മാർക്കറ്റിൽ ആവശ്യക്കാർ ഏറെയാണ്. ഇതോടെയാണ് ജോയിസ് ഇവയെ വളർത്താൻ തീരുമാനിച്ചത്. അലങ്കാരക്കോഴികളായ കൊളംബിയൻ ബ്രഹ്മ, ഇറ്റാലിയൻ ബാൻഡ് എന്നിവയെയാണ് കൂടുകളിൽ വളർത്തുന്നത്.
കാലിൽ ഉൾപ്പെടെ തൂവലുകൾ നിറഞ്ഞ് കാണാൻ ഏറെ ചന്തമുള്ള ഇവയെ കൗതുകത്തിനായാണ് പലരും വീടുകളിൽ വളർത്തുന്നത്. വളർച്ചയെത്തുന്നതോടെ ഇവയ്ക്ക് ആറു മുതൽ എട്ടു കിലോ വരെ തൂക്കമുണ്ടാകും.
തനിയെ അടയിരുന്നാണ് ഇവയും കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. ജോഡിക്ക് 5,000 മുതൽ 6,000 രൂപ വരെ വിപണിയിൽ വില ലഭിക്കും. കോഴിക്കുഞ്ഞിന് ഒന്നിന് 300 മുതൽ 500 രൂപ വരെയാണ് വില. ഇറ്റാലിയൻ ബാൻഡ് കാഴ്ചയ്ക്ക് മനോഹമെങ്കിലും തൂക്കം കുറവാണ്.
700 രൂപയ്ക്കാണ് ഇവ വിൽക്കുന്നത്. മണിത്താറാവിനും ഡിമാൻഡ് ഏറെയാണ്. വല കെട്ടിയാണ് ഇവയെ വളർത്തുന്നത്. നീന്തിത്തുടിയ്ക്കാനായി കുളവും ഒരുക്കിയിട്ടുണ്ട്. മൂന്നു മാസം കൊണ്ട് മൂന്നു കിലോ തൂക്കമെത്തും.
വലിയ മണിത്താറാവിന് 1500 രൂപ വരെ വില ലഭിക്കും. കുഞ്ഞുങ്ങൾ ജോഡിക്ക് 300 രൂപയ്ക്കാണ് വിൽപന നടത്തുന്നത്. മുട്ട വിരിയിച്ച് കുഞ്ഞുങ്ങളായാണ് വിൽക്കുന്നത്. മുട്ട വിരിയിക്കാനായി ഇൻകുബേറ്ററും ഉപയോഗിക്കുന്നുണ്ട്.
ഇതിനു പുറമെ ഗിനിക്കോഴികളെ വളർത്തിയും ഈ യുവ സംരഭകൻ നേട്ടമുണ്ടാക്കുന്നുണ്ട്. ഗിനിക്കോഴിയുടെ കുഞ്ഞുങ്ങളെ 180 രൂപയ്ക്കാണ് വിൽക്കുന്നത്. കാടയുടെ ചെറിയ പതിപ്പായ ബട്ടർ ക്യുയിലിനെയും വളർത്തുന്നുണ്ട്. ഇതിനെ 100 രൂപയ്ക്കാണ് വിൽക്കുന്നത്.
ഇതോടൊപ്പം ഗിനിപ്പന്നികളെയും വളർത്തുകയും വിൽപന നടത്തി വരികയും ചെയ്യുന്നു. നേരത്തേ ടർക്കിയെയും മുയലിനെയും വളർത്തിയിരുന്നു. താറാവിനും കോഴിക്കും തവിട്, ഗോതന്പ്, ലയർമാഷ്, ഗ്രോവർ എന്നിവ കൂട്ടിക്കലർത്തിയ തീറ്റയാണ് നൽകുന്നത്.
ഇതോടൊപ്പം പെല്ലറ്റും പ്രതിരോധ ശേഷിക്കായി സപ്ലിമെന്റുകളും നൽകും. ആവശ്യമെങ്കിൽ മൃഗസംരക്ഷണവകുപ്പിന്റെ സേവനവും ഉപയോഗപ്പെടുത്തും.
Agriculture
ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര വനിതാ കര്ഷക വര്ഷത്തില് ഭക്ഷ്യസുരക്ഷ, പോഷകാഹാര ലഭ്യത, ദാരിദ്ര നിര്മാര്ജനം എന്നിവയില് മാത്രമല്ല, സമഗ്ര മേഖലയിലും മുന്നേറ്റം തുടരുകയാണ് കേരളത്തിലെ വനിതാ കര്ഷകര്.
കാര്ഷിക ഉത്പന്നങ്ങളുടെ നടീല് മുതല് വില്പന വരെയുള്ള സംവിധാനങ്ങളില് സ്ത്രീകള് വഹിക്കുന്ന പങ്ക് പ്രധാനമാണ്. സാമ്പത്തിക സുരക്ഷിതത്വത്തിനായി സമൂഹത്തില് പുതിയ ചലനങ്ങള് സൃഷ്ടിക്കുന്നതില് വനിതകള് ഒട്ടും പിന്നിലല്ല.
സാധാരണ കൃഷികള്ക്കപ്പുറം വ്യത്യസ്ഥമായ രീതികള് തേടുകയാണ് തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര് എന്ന ഗ്രാമത്തിലെ വനിതാ കര്ഷകര്.
കാര്ഷികവൃത്തി പ്രാണവായുവാക്കിയ നന്മയുള്ള നാട്ടിന്പുറമാണ് തിരവനന്തപുരം ജില്ലയുടെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന കല്ലിയൂര് ഗ്രാമപഞ്ചായത്ത്. വെള്ളായണിക്കായലിന്റെ തീരത്ത് പച്ചപ്പുകള് നിറയ്ക്കുന്ന കൃഷിയിടങ്ങള്.
കല്ലിയൂര് എന്ന ഗ്രാമം കൃഷിയുടെ പര്യായമായെങ്കില് അതില് പ്രധാന പങ്കുവഹിക്കുന്നവരാണ് അവിടുത്തെ വനിതാ കര്ഷകര്.
മുഴുവന് സമയ കര്ഷകയായിരുന്ന കല്ലിയൂര് സ്വദേശിനി സൗമ്യയും സുഹൃത്തുക്കളും മൂന്നു വര്ഷം മന്പാണ് താന് ഉത്പാദിപ്പിക്കുന്ന കാര്ഷിക വിഭവങ്ങള് മൂല്യവര്ധിത ഉത്പന്നങ്ങളാക്കി വില്ക്കുന്നതിനെക്കുറിച്ചു ചിന്തിച്ചത്. സാമ്പാര്, അവിയല്, തോരന് എന്നിവ തയാറാക്കുന്നതിനുള്ള പച്ചക്കറികള് കട്ട് ചെയ്ത് പായ്ക്കറ്റുകളാക്കി ആയിരുന്നു തുടക്കം.
ആഴ്ചകള്ക്കുള്ളില് സംഗതി ഹിറ്റായി. മിതമായ വിലയില് ശുദ്ധമായ പച്ചക്കറി ഉത്പന്നങ്ങള് പാക്കറ്റില് ലഭിക്കാന് തുടങ്ങിയതോടെ വാങ്ങുന്നവര്ക്ക് അടുക്കള ജോലിയും എളുപ്പം.
അങ്ങനെയാണ് കല്ലിയൂര് ഗ്രീന്സ് എന്ന വനിതാ സംരംഭം ആരംഭിക്കുന്നത്. കല്ലിയൂര് എന്ന ഗ്രാമത്തിലെ വനിതാ കര്ഷകരുടെ വിജയചിഹ്നമാണ് ഇന്ന് കല്ലിയൂര് ഗ്രീന്സ്.
ആദ്യം ചെറിയ ഷോപ്പായി ആരംഭിച്ച ഈ സംരഭം ഇന്ന് ഓണ്ലൈനായി തിരുവനന്തപുരം നഗരത്തിലെങ്ങും വീട്ടുപടിക്കല് പച്ചക്കറികളും മറ്റ് മൂല്യ വര്ധിത ഉത്പന്നങ്ങളും എത്തിക്കുന്നു. ജലസമൃദ്ധിയുള്ള വെള്ളായണിയുടെ മണ്ണില് പുത്തന് ആശയങ്ങളും വിജയിപ്പിച്ചെടുക്കാമെന്നു തെളിയിച്ചിരിക്കുകയാണ് ഈ വനിതകള്.
കല്ലിയൂര് കൃഷിഭവനു കീഴിലുള്ള രാഗ് കൃഷിക്കൂട്ടത്തിന്റെ സംരംഭങ്ങളാണ് കല്ലിയൂര് ഗ്രീന്സ്, ഫാം വേവ്സ്, സൗമ്യാസ് ബഹുരസം എന്നിവ. കല്ലിയൂര് ഗ്രീന്സ് എന്ന പേരില് കട്ട് വെജിറ്റബിളുകളും ഫാം വേവ്സ് എന്ന പേരില് പൊടി ഐറ്റങ്ങളും സൗമ്യാസ് ബഹുരസം എന്ന പേരില് റെഡി ടു ഈറ്റ് വിഭവങ്ങളും ഇന്ന് വിതരണം ചെയ്യുന്നു.
Agriculture
യുകെയിൽ സോഫ്റ്റ്വെയർ എൻജിനിയറായിരുന്ന ജോസ് പി. ജോർജ് പത്തു വർഷം മുൻപ് ജോലി രാജിവെച്ച് നാട്ടിലെത്തുന്പോൾ മനസിൽ ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ. ഓസ്ട്രേലിയയിലേക്കൊരു കുടിയേറ്റം.
എന്നാൽ, പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ മുന്നോട്ട് പോയില്ല, ആ സ്വപ്നം പാതിവഴിയിൽ പൊലിഞ്ഞു. പക്ഷേ പാലാ രാമപുരം ഏഴാച്ചേരി സ്വദേശിയായ പാറേമാക്കൽ ജോസ് വെറുതെയിരിക്കാൻ തയാറായില്ല.
വിദേശത്തെ മികച്ച ഐടി കരിയറിനോട് വിടപറഞ്ഞ് വെറും 30 കോഴികളുമായി സ്വന്തം നാട്ടിൽ അദ്ദേഹം ഒരു പൗൾട്രി ഫാം ആരംഭിച്ചു. ഇന്ന് ആയിരക്കണക്കിന് കാടകളും കോഴികളും താറാവുകളുമായി പാറേമാക്കൽ അഗ്രി ഫാം എന്ന സംരംഭത്തിന്റെ ഉടമയാണ് ഈ എംസിഎക്കാരൻ.
30 കോഴികളിൽനിന്ന് തുടങ്ങിയ കാർഷിക വിപ്ലവം
ചെറുപ്പകാലം മുതൽക്കേ മുയലും കോഴിയുമൊക്കെ ജോസിന്റെ ജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു. പഠനത്തിൽ ഉഴപ്പുമെന്നു പറഞ്ഞ് അന്ന് വീട്ടുകാർ നിരുത്സാഹപ്പെടുത്തിയെങ്കിലും, മൃഗങ്ങളോടും പക്ഷികളോടുമുള്ള ഇഷ്ടം കൈവിടാൻ അദ്ദേഹം തയാറായിരുന്നില്ല.
പിന്നീട് എംസിഎ പാസായി യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയ്തപ്പോഴും ജോസിൻറെ മനസ് കൃഷിക്കൊപ്പമായിരുന്നു. നാട്ടിൽ തിരിച്ചെത്തി കൊച്ചിയിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന സമയത്താണ് പരീക്ഷണാടിസ്ഥാനത്തിൽ 30 ബിവി 380 ഇനം കോഴികളെ വാങ്ങിയത്.
ഇതിൽ നിന്ന് മികച്ച വരുമാനം ലഭിച്ചതോടെ 300 കാടകളെ വാങ്ങി കാടവളർത്തലിലേക്കും തിരിഞ്ഞു. വൈകാതെ കാടമുട്ടയ്ക്കും കാടയിറച്ചിക്കും വിപണിയിൽ ഡിമാന്റ് കൂടിയതോടെ പക്ഷികളുടെ എണ്ണം വർധിപ്പിച്ചു.
പുറത്തുനിന്ന് കുഞ്ഞുങ്ങളെ വാങ്ങുന്പോൾ വരുന്ന വലിയ ചെലവ് ഒഴിവാക്കാൻ ജോസ് സ്വന്തമായി ഇൻകുബേറ്റർ വാങ്ങാൻ തീരുമാനിച്ചു. ഒരേസമയം 6000 കാടമുട്ടകൾ വരെ വിരിയിക്കാൻ ശേഷിയുള്ള അത്യാധുനിക ഇൻകുബേറ്ററാണ് ഇന്ന് പാറേമാക്കൽ അഗ്രിഫാമിന്റെ കരുത്ത്.
ആഴ്ചയിൽ വിരിഞ്ഞിറങ്ങുന്നത് 3000 കാടക്കുഞ്ഞുങ്ങൾ
ഒരു ദിവസം പ്രായമായ കാടക്കുഞ്ഞുങ്ങളെ ഫാമിലെത്തിച്ച് 28 ദിവസം വളർത്തിയ ശേഷം വിൽക്കുന്ന രീതിയായിരുന്നു ആദ്യം സ്വീകരിച്ചിരുന്നത്. ഇതിനു ചെലവു കൂടിയതിനാലാണ് ഇൻകുബേറ്റർ വാങ്ങിയത്.
സ്വന്തമായി കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാൻ കഴിയുന്നതിനാൽ മുൻപത്തേക്കാൾ ഉത്പാദനച്ചെലവ് കുറയ്ക്കാൻ കഴിഞ്ഞെന്ന് ഈ കർഷകൻ പറയുന്നു. ആഴ്ചയിൽ മൂവായിരം കാടക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്ന വിധത്തിലാണ് ഫാമിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.
ഇതിൽ രണ്ടായിരം കുഞ്ഞുങ്ങളെ ഫാമിൽ തന്നെ വളർത്തും ബാക്കിയുള്ളവയെ ആവശ്യക്കാർക്ക് വിൽക്കും. കാടയ്ക്കു പുറമെ റെയിൻബോ റൂസ്റ്റർ പൂവൻ കോഴികൾ, വിഗോവ താറാവ്, ഗിനി തുടങ്ങിയവയും പാറേമാക്കൽ ഫാമിന്റെ ഐശ്വര്യമായി വളരുന്നുണ്ട്.
ആദ്യ രണ്ടാഴ്ച പ്രത്യേക പരിചരണം
വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ തട്ടുതട്ടുകളായിട്ടുള്ള പ്രത്യേക കൂട്ടിലാണ് ആദ്യം പാർപ്പിക്കുക. ഈ ദിവസങ്ങളിൽ കുഞ്ഞുങ്ങൾക്ക് കൃത്യമായി ചൂട് നൽകേണ്ടത് അത്യാവശ്യമാണ്. ഇതിനായി 40 വാട്ടിന്റെ ബൾബുകളാണ് ഉപയോഗിക്കുന്നത്.
ഇരുന്നൂറോളം കുഞ്ഞുങ്ങളെ ഉൾക്കൊള്ളുന്ന രീതിയിലാണ് ഓരോ കൂടുകളും തയാറാക്കിയിരിക്കുന്നത്. ചൂട് നൽകുന്നതിനൊപ്പം പ്രധാനപ്പെട്ടതാണ് ഭക്ഷണക്രമവും കുടിവെള്ളവും. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് കുടിവെള്ളം കൂടുകളിൽ എത്തിക്കുന്നത്.
തീറ്റയായി ആദ്യം പ്രീസ്റ്റാർട്ടറാണ് നൽകുക. വിരിഞ്ഞ് അഞ്ചു ദിവസങ്ങൾക്കു ശേഷം തീറ്റ ട്രേയിൽ വച്ചു നൽകും. പതിനാല് ദിവസം കഴിയുന്പോൾ ഇവയെ വിരിപ്പ് രീതിയിലുള്ള വലിയ കൂട്ടിലേക്ക് മാറ്റും.
വിരിപ്പിലേക്ക് മാറ്റുന്നതിനു മുൻപ് തറയിൽ വിരിക്കാൻ തീപ്പെട്ടി കന്പനികളിൽ നിന്ന് കൊണ്ടുവരുന്ന പ്രത്യേക അറക്കപ്പൊടിയാണ് ഉപയോഗിക്കുന്നത്. ഇതിന് സാധാരണ അറക്കപ്പൊടിയുടെ അത്രയും പൊടിപടലങ്ങൾ ഉണ്ടാകില്ല എന്നത് പക്ഷികളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ഇത് പിന്നീട് കൃഷിക്കുള്ള മികച്ച ജൈവവളമായി വിൽക്കും. നാലാഴ്ച പ്രായമാകുന്പോൾ ഇവയ്ക്ക് ഫിനിഷർ തീറ്റ നൽകിത്തുടങ്ങും. നാലാമത്തെ ആഴ്ചയിൽ ആണ്, പെണ് കാടകളെ വേർതിരിക്കുകയാണ് അടുത്ത ഘട്ടം.
പെണ് കാടകളെ മുട്ട ഉത്പാദനത്തിനായും ആണ് കാടകളെ ഇറച്ചിക്കായും വിപണിയിൽ എത്തിക്കും. വളർച്ചയുടെ ഓരോ ഘട്ടത്തിലും കൃത്യമായ പ്രതിരോധ മരുന്നുകൾ നൽകുന്നതാണ് തന്റെ ഫാമിന്റെ വിജയരഹസ്യമെന്ന് ജോസ് പറയുന്നു.
പ്രതിസന്ധികളിൽ തളരാതെ ഐടി ബുദ്ധി കാർഷിക മേഖലയിൽ പ്രയോഗിച്ച ജോസ് ഇന്ന് ലക്ഷക്കണക്കിന് യുവാക്കൾക്ക് ഒരു വലിയ പ്രചോദനമാണ്.
National
ന്യൂഡൽഹി: വെള്ളരി കൃഷിക്കായി വാങ്ങിയ സബ്സിഡി തുക കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി തിരിച്ചടച്ചെന്ന് രാംനാഥ് താക്കൂർ. തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ ചോദ്യത്തിന് കൃഷി സഹമന്ത്രിയായ രാംനാഥ് താക്കൂർ മറുപടി നൽകുകയായിരുന്നു.
ജൂൺ മാസത്തിൽ ഇന്ത്യൻ എക്സ്പ്രസിൽ വന്ന റിപ്പോർട്ടിലാണ് കൃഷി സഹമന്ത്രിയായ ഭഗീരഥ് ചൗധരി സ്വന്തം മന്ത്രാലയത്തിൽ നിന്നും തന്റെ വെള്ളരി കൃഷിക്കായി സബ്സിഡിയായി വാങ്ങിയെന്ന ആരോപണം ഉയർന്നത്.
പിന്നാലെ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു ഭഗീരഥ് ചൗധരിയുടെ വാദം. വിവാദം കനത്തതോടെ താൻ കുട്ടിക്കാലം മുതൽ കർഷകനാണെന്നും മറ്റ് അർഹതയുള്ള കർഷകരെ പോലെയാണ് താനും സബ്സിഡി ഉപയോഗപ്പെടുത്തിയതെന്നുമാണ് ഭഗീരഥ് ചൗധരി പ്രതികരിച്ചത്.
16,592 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് ഭഗീരഥ് ചൗധരിയുടെ വെള്ളരി കൃഷി. വിവാദം ബലപ്പെട്ടതോടെയാണ് അഭിഷേക് ബാനർജിയുടെ ചോദ്യത്തിന് സ്കീമുമായി ബന്ധപ്പെട്ട ബാങ്കിൽ ചൗധരി പണം തിരികെ അടച്ചെന്ന് രാംനാഥ് താക്കൂർ മറുപടി നൽകിയത്. 99.6ലക്ഷം രൂപയാണ് മന്ത്രി തിരിച്ചടച്ചത്.
Agriculture
കൃഷി ജീവിതമാർഗം മാത്രമല്ല, സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനുള്ള വഴിയാണെന്നു തെളിയിക്കുകയാണ് മലപ്പുറം നിലമ്പൂർ സ്വദേശി സുരേഷ് കുമാർ. വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും കൃഷിയെ തകർത്തതോടെ നിരാശപ്പെടാതെ പുതിയ സാധ്യതകൾ തേടി ഇറങ്ങിയ കർഷകൻ.
അദ്ദേഹം കേരള അതിർത്തിയോടു ചേർന്ന കർണാടകയിലെ ഗുണ്ടൽപേട്ടിൽ തരിശായി കിടന്ന ഭൂമി പാട്ടത്തിനെടുത്തു. ഇന്ന് അവിടം ആരുടെയും മനംകവരുന്ന മുന്തിരിത്തോപ്പാണ്. ഈ ജൈവമുന്തിരിത്തോട്ടം കാണാൻ ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കാണ്.
പന്ത്രണ്ടോളം ഏക്കറിലാണ് സുരേഷ് കുമാറും കൂട്ടായ്മയിലെ സുഹൃത്തുക്കളും ചേർന്നു ജൈവരീതിയിൽ കൃഷി നടത്തുന്നത്. കേരളത്തിൽ കൃഷി ചെയ്യാൻ ബുദ്ധിമുട്ടുള്ള മുന്തിരിയാണ് ഏക്കർ കണക്കിനു പാടത്ത് വിളഞ്ഞു നിറഞ്ഞു നിൽക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ മൂന്നു വർഷം മുമ്പ് തുടങ്ങിയ കൃഷി മികച്ച വിജയം കണ്ടതോടെയാണ് കൂടുതൽ സ്ഥലത്തേക്കു വ്യാപിപ്പിച്ചത്. രാസവളങ്ങളും രാസകീടനാശിനികളും പരമാവധി ഒഴിവാക്കിയാണ് കൃഷി.
Agriculture
ഒരു കൂട്ടായ്മയിലൂടെ ഒന്നിച്ചുനിന്നു കൂണ്കൃഷിയിലൂടെ ജീവിതം കരുപ്പിടിപ്പിക്കാമെന്നു തെളിയിക്കുകയാണ് മണ്റോതുരുത്തിലെ അന്പതോളം വീട്ടമ്മമാർ. മുൻപരിചയമില്ലാത്ത ഒരു സംരംഭം തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന പേടികളൊന്നും ഇന്ന് അവർക്കില്ല.
പരിശീലനം നേടിയശേഷം കണ്ടു പഠിച്ചതും കേട്ടുപഠിച്ചതും ജീവിതത്തിൽ നടപ്പിലാക്കി വിജയിച്ചിരിക്കുകയാണ് ഈ വീട്ടമ്മാർ. കേരളത്തിൽ വളരെ കുറഞ്ഞ സമയവും അധ്വാനവുംകൊണ്ട് മികച്ച വിളവ് നേടാൻ സഹായിക്കുന്ന ഏറ്റവും പുതിയ കൃഷിരീതിയാണ് മഷ്റൂം പെല്ലറ്റ് അഥവാ കൂണ് പെല്ലറ്റ്.
വൈക്കോൽ, മരപ്പൊടി, മറ്റു കാർഷിക അവശിഷ്ടങ്ങൾ എന്നിവയാണ് പ്രധാനമായും പെല്ലറ്റുകൾ നിർമിക്കാൻ ഉപയോഗിക്കുന്നത്. ഒരു കിലോ പെല്ലറ്റിലേക്ക് ഒന്നര ലിറ്റർ തിളച്ച വെള്ളം ഒഴിക്കുക. ഇത് ഒരു പോളിപ്രൊപിലീൻ കവറിലാക്കി വച്ചാൽ, 8 മുതൽ 15 മണിക്കൂറിനുള്ളിൽ പെല്ലറ്റ് പൂർണമായി കുതിർന്ന് കൂണ് വളരാൻ പാകത്തിലുള്ളവയായി മാറും.
വൈക്കോൽ മണിക്കൂറുകളോളം തിളപ്പിക്കേണ്ടതില്ല, രോഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവായതുകൊണ്ടാണ് ഇതിനെ സമീപിക്കുന്നതെന്നാണ് വീട്ടമ്മമാർ പറയുന്നത്. പെല്ലറ്റുകൾ വളരെ കോംപാക്റ്റ് ആയതിനാൽ ചെറിയ സ്ഥലത്തുപോലും കൂടുതൽ ബെഡുകൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് ഇവരുടെ ജീവിത സാക്ഷ്യം.
വി-ലീവ് പരിശീലനം
ഫിഷർമെൻ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം(എഫ്സിഡിപി) നടപ്പിലാക്കുന്ന വി- ലീവ് പദ്ധതിയിലൂടെയാണ് ഇവർ കൂണ്കൃഷി ആരംഭിക്കുന്നത്. സ്ത്രീകൾക്ക് വിവിധ നൈപുണ്യ പരിശീലനങ്ങളിലൂടെ ഉപജീവനമാർഗങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പദ്ധതിയാണ് വി-ലീവ്.
വി-ലീവിന്റെ നേതൃത്വത്തിൽ മണ്റോത്തുരുത്ത് കൃഷിഭവനിൽ കൂണ് കൃഷി പരിശീലനം നല്കിയാണ് ഈ വീട്ടമ്മമാരെ സ്വയംപര്യാപ്തയിലേക്കു നയിക്കാൻ ഇറങ്ങിയത്. പദ്ധതിയുടെ ഭാഗമായി ഓരോ വർഷവും ഏകദേശം 150 സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകിവരുന്നുണ്ട്.
ബാംഗളൂർ പ്രൊവിൻസിന്റെ കീഴിലുള്ള ബ്രഡ്സ് സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് എഫ്സിഡിപി രംഗത്തുള്ളത്. മണ്റോത്തുരുത്ത് പഞ്ചായത്ത്, കൃഷിഭവൻ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗണ്സിൽ കേരള എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.
പദ്ധതിയുടെ ഭാഗമായി 50 സ്ത്രീകൾക്ക് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗണ്സിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂണ് കൃഷി പരിശീലനം നൽകി. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 50 സ്ത്രീകൾക്ക് കൂണ് കൃഷിക്കാവശ്യമായ കിറ്റുകൾ എഫ്സിഡിപി ഡയറക്ടർ ഫാ. സജി ഇളന്പാശേരിൽ എസ്ഡിബിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.
വി ലീവ് കോർഡിനേറ്റർ ബെർലിൻ ബിയാണ് നേതൃത്വം നൽകിയത്. ഇതിനു മേൽനോട്ടത്തിനു ഒരു ടീമിനെ തന്നെ ബെർലിന്റെ നേതൃത്വത്തിലുണ്ട്. ഇവരുടെ പരിശീലനം മാത്രമല്ല മുന്നോട്ടുള്ള ഓരോ ചുവട് വയ്പിലും വി-ലീവ് കൂടെയുണ്ട്.
District News
കൊച്ചി: കൂനമ്മാവ് ചാവറ ദര്ശന് സിഎംഐ പബ്ലിക് സ്കൂളില് തുടര്ച്ചയായ പന്ത്രണ്ടാം വര്ഷവും കരനെല് കൃഷിക്ക് വിത്ത് വിതച്ചു. കോട്ടുവള്ളി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ പരിസ്ഥിതി ക്ലബായ ഹരിത ദര്ശന്റെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. സ്കൂള് കാമ്പസിലെ നെല്പ്പാടത്ത് സ്കൂള് മാനേജര് ഫാ. പോള് നെടുംചാലില് വാര്ഡ് മെമ്പര് അനു സുനിലിന് നെല്വിത്തുകള് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
പ്രിന്സിപ്പല് ഫാ. മെജിറ്റ് വട്ടോലി അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് വിഷ്ണു വിജയന്, കോട്ടുവള്ളി കൃഷി ഓഫീസര് ബേസില് ചാക്കോച്ചന്, എല്പി ഹെഡ്മിസ്ട്രസ് അനു ജോര്ജ്, കെജി ഹെഡ്മിസ്ട്രസ് പ്രീത പോള്, ഹരിതദര്ശന് ടീച്ചര് കോ-ഓര്ഡിനേറ്റര്മാരായ കെ.എ. അനിത, മേരി സെബാസ്റ്റ്യന് എന്നിവര് പ്രസംഗിച്ചു. വിദ്യാര്ഥികള് നെല്വിത്ത് വിതച്ചു.
District News
ചെമ്മലമറ്റം: വാർധക്യം വിശ്രമത്തിനുള്ള കാലമല്ല, കൃഷിയിലൂടെ ജീവിതം കൂടുതൽ സന്തോഷകരമാക്കാനുള്ള അവസരമാണെന്ന് തെളിയിച്ച് ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സഹൃദയ എസ്എച്ച് ഗ്രൂപ്പ്. തരിശുകിടന്ന ഒന്നര ഏക്കർ ഭൂമിയിൽ കപ്പകൃഷി നടത്തി മികച്ച വിളവ് നേടി ശ്രദ്ധേയരായിരിക്കുകയാണ് ഗ്രൂപ്പിലെ ഒമ്പത് അംഗങ്ങൾ.
അറുപത് വയസിന് മുകളിലുള്ള ഒമ്പത് പേർ ചേർന്നാണ് അയ്യായിരം കപ്പച്ചുവടുകൾ നട്ടുവളർത്തിയത്. റിട്ടയേർഡ് അധ്യാപകർ, മറ്റ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നവരാണ് സംഘാംഗങ്ങൾ. കൃഷിയിലൂടെ വാർധക്യം സന്തോഷകരവും ആരോഗ്യകരവുമാക്കാമെന്ന സന്ദേശമാണ് ഇവർ സമൂഹത്തിന് നൽകുന്നത്.
ഓരോ ദിവസവും എല്ലാവരും കൃഷിയിടത്തിലെത്തി ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് ജോലികൾ ആരംഭിക്കുന്നത്.
വിളവെടുപ്പ് ആരംഭിച്ചതോടെ കൃഷിയിടം കാണാനും ഇവർ സ്വീകരിച്ച കൃഷിരീതികൾ മനസ്സിലാക്കാനുമായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. കൂട്ടായ്മയും അധ്വാനവും ഉണ്ടെങ്കിൽ വാർധക്യത്തിലും കാർഷികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാമെന്ന് തെളിയിക്കുകയാണ് സഹൃദയ എസ്എച്ച് ഗ്രൂപ്പിലെ അംഗങ്ങൾ.
Agriculture
കൃഷി വെറും ഉപജീവന മാർഗം മാത്രമല്ല, ആത്മവിശ്വാസത്തിന്റെയും സ്വയംപര്യാപ്തതയുടെയും വഴികൂടിയാണെന്നു തെളിയിക്കുകയാണ് വയനാട്ടിലെ വീട്ടമ്മയായ പൂനിത രാജൻ. നാടൻ കൂണിന്റെ രുചി ഇഷ്ടപ്പെടുന്നവർക്കായി അതേ സ്വാദും കൂടുതൽ സുരക്ഷിതത്വവും ഉറപ്പാക്കി ചിപ്പിക്കൂണ് ഉത്പാദന രംഗത്ത് സ്വന്തം ഇടം കണ്ടെത്തിയിരിക്കുകയാണ് സുൽത്താൻബത്തേരി ചുള്ളിയോട് ആനപ്പാറ സ്വദേശിയായ ഈ സംരംഭക.
വയനാട്ടിന്റെ കാർഷിക സംസ്കാരവുമായി ചേർന്നുനിൽക്കുന്ന നിരവധി സംരംഭങ്ങൾ ഇന്നു വളർന്നുവരുന്നുണ്ടെങ്കിലും അതിൽ വ്യത്യസ്തത കൊണ്ടും സ്ഥിരതകൊണ്ടും ശ്രദ്ധേയമാണ് പൂനിതയുടെ ചിപ്പിക്കൂണ് കൃഷി. ചെറിയ തോതിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സംരംഭം ഇന്നു പ്രദേശത്തെ ഉപഭോക്താക്കൾ വിശ്വാസത്തോടെ തേടിയെത്തുന്ന ബ്രാൻഡായി മാറിക്കഴിഞ്ഞു.
ഏകദേശം 500 ചതുരശ്ര അടി വിസ്തൃതിയുള്ള ഷെഡിൽ സജ്ജീകരിച്ചിരിക്കുന്ന കൃഷിയിടത്തിൽ നിന്നാണ് ദിവസേന 50 മുതൽ 80 പാക്കറ്റ് വരെ ചിപ്പിക്കൂണ് ഉത്പാദിപ്പിക്കുന്നത്. വയനാട്ടിലെ വിവിധ ഗ്രാമപ്രദേശങ്ങളിലേക്കും സമീപ പട്ടണങ്ങളിലേക്കും ഇവ എത്തുന്നുണ്ട്.
പുതുമയും ഗുണനിലവാരവും നിലനിർത്തുന്നതിനാൽ ആവശ്യക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്ന് പൂനിത പറയുന്നു.
കൗതുകത്തിൽനിന്ന് സംരംഭകത്വത്തിലേക്ക്
യാദൃച്ഛികമായാണ് പൂനിതയ്ക്ക് കൂണ്കൃഷിയോട് താൽപര്യം തോന്നിയത്. ആരോഗ്യത്തിനു ഗുണകരമായ ഭക്ഷ്യവിളകളെക്കുറിച്ചുള്ള പഠനവും പരിശീലന പരിപാടികളിൽ പങ്കെടുത്തതുമാണ് ചിപ്പിക്കൂണ് കൃഷിയിലേക്കു നയിച്ചത്. തുടക്കത്തിൽ ചെറിയ അളവിൽ ഉത്പാദനം ആരംഭിച്ചു.
കൂണ്കൃഷിക്ക് ആവശ്യമായ താപനില, ഈർപ്പം, ശുചിത്വം എന്നിവ കൃത്യമായി പാലിക്കേണ്ടതിനാൽ തുടക്കത്തിൽ ചില വെല്ലുവിളികൾ നേരിട്ടു. എന്നാൽ, നിരന്തരമായ പഠനവും അനുഭവപരിചയവും വഴി അവയെല്ലാം അതിജീവിക്കാൻ സാധിച്ചു.
വയനാട്ടിലെ കാലാവസ്ഥ വ്യതിയാനങ്ങൾ പല വിളകളെയും ബാധിക്കാറുണ്ട്. എന്നാൽ, ചിപ്പിക്കൂണ് കൃഷിയുടെ പ്രധാന പ്രത്യേകത, മഴയോ വെയിലോ എന്ന വ്യത്യാസമില്ലാതെ വർഷം മുഴുവൻ കൃഷി ചെയ്യാനാകുമെന്നതാണ്.
ആവശ്യമായ അന്തരീക്ഷം ഷെഡിനുള്ളിൽ നിയന്ത്രിക്കാൻ കഴിയുന്നതിനാൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉത്പാദനത്തെ കാര്യമായി ബാധിക്കാറില്ല. ഇതാണു മറ്റു കൃഷിരീതികളിൽനിന്നു ചിപ്പിക്കൂണ് കൃഷിയെ വ്യത്യസ്തമാക്കുന്നത്.
കുറഞ്ഞ സ്ഥലത്തും താരതമ്യേന കുറഞ്ഞ നിക്ഷേപത്തിലും ആരംഭിക്കാവുന്ന സംരംഭമാണിതെന്നും തൊഴിൽ തേടുന്ന സ്ത്രീകൾക്കും യുവാക്കൾക്കും മികച്ച സാധ്യതകൾ ഈ മേഖലയിലുണ്ടെന്നും പൂനിത ചൂണ്ടിക്കാട്ടുന്നു.
Agriculture
തിരുവനന്തപുരം കല്ലിയൂര് പഞ്ചായത്തിലെ നെടിഞ്ഞല്, പാപ്പഞ്ചാണി, പാലപ്പൂര് പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാല് പുഞ്ചിരിക്കുന്ന മുഖവുമായി മണ്ണിനോടു മല്ലടിക്കുന്ന വനിതകളെ കാണാം. പരന്നും ചെരിഞ്ഞും വിശാലമായി കിടക്കുന്ന ഹെക്ടര് കണക്കിനു കൃഷിയിടങ്ങള്.
അത്ര വളക്കൂറുള്ള മണ്ണല്ല, എങ്കിലും കഠിനാധ്വാനം കൊണ്ട് മണ്ണില് പൊന്നു വിളയിക്കുകയാണിവര്. ചീര, കത്തിരി, അമരപ്പയര്, വള്ളിപ്പയര്, പാവല്, വെണ്ട, വെള്ളരി, സലാട് വെള്ളരി, മത്തന്, പച്ചമുളക്, വാഴ, കോവല്, ചതുരപ്പയര്, പപ്പായ, മരച്ചീനി തുടങ്ങിയവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നു. കീട നിയന്ത്രണത്തിനായി വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, പുകയില കഷായം തുടങ്ങിയവയും മണ്ണിന്റെ ഫലഭൂയിഷ്ഠി വര്ധിപ്പിക്കുന്നതിനായി മണ്ണിര കമ്പോസ്റ്റ് പോലുള്ള വളങ്ങളും ഇവര് ഉപയോഗിക്കുന്നു.
തിരുവനന്തപുരത്തു നിന്നും കന്യാകുമാരി നാഷണല് ഹൈവേയില് പാപ്പനംകോട്, പുന്നമൂട് വഴി 20 കിലോമീറ്ററോളം സഞ്ചരിച്ചാല് കല്ലിയൂര് പഞ്ചായത്തിലെ പാപ്പഞ്ചാണി എന്ന സ്ഥലത്തെത്താം. ജൈവ കൃഷിരീതിയിലാണ് ഇവിടെ ഏറെയും കൃഷി ചെയ്യുന്നതെന്നു വര്ഷങ്ങളായി കൃഷി ചെയ്യുന്ന മേരിസ്റ്റെല്ല പറയുന്നു. കൃഷിരീതികളെക്കുറിച്ച് വ്യക്തമായ ധാരണ വര്ഷങ്ങളായി കാര്ഷികവൃത്തിയിലൂടെ ജീവിതം നയിക്കുന്ന മേരി സ്റ്റെല്ലയ്ക്കുണ്ട്. അനുകൂലമായ കാലാവസ്ഥ കൃഷിക്ക് വളരെ പ്രധാനമാണ്, എന്നാല് ദീര്ഘനാള് നീണ്ടുനില്ക്കുന്ന മഴ കൃഷിയെ ദോഷകരമായി ബാധിക്കും.
നല്ല വെയിലും നല്ല ജലസേചനവുമാണ് കൃഷിക്ക് വേണ്ടത്. എന്നാല് വെയില് ഇല്ലാത്തതും ചുവട്ടില് വെള്ളം കെട്ടി നില്ക്കുന്നതും കൃഷിയെ ദോഷകമായി ബാധിക്കും. കൃഷി സംബന്ധമായ എല്ലാ ആവശ്യങ്ങള്ക്കും കല്ലിയൂര് കൃഷി ഓഫീസില് നിന്നും സഹായം ലഭിക്കുമെന്നും മേരി സ്റ്റെല്ല പറയുന്നു. മണ്ണിനെയും പ്രകൃതിയേയും സംരക്ഷിച്ചുകൊണ്ടുള്ള ജൈവ കൃഷി രീതികളോടാണ് ഇവര്ക്കു പ്രിയം.
പുതുതലമുറ കൃഷിക്കാര്ക്ക് ഉപദേശവും സഹായവും നല്കുന്നതിനും ഇവര്ക്കു കഴിയുന്നു. ഒരു വര്ഷത്തില് മൂന്നു തവണയായി വിവിധ കൃഷികളാണ് ഇവിടെ നടത്തുന്നത്.
പുലര്ച്ചെ കൃഷിയിടത്തിലേക്ക്
രാവിലെ 5.45ഓടെ കൃഷിയിടത്തിലെത്തുന്ന മേരി സ്റ്റെല്ല പുതിയ തൈകള് നടാനുണ്ടെങ്കില് അതാണ് ആദ്യം ചെയ്യുക. തുടര്ന്ന് പയറോ, ചീരയോ വിളവെടുക്കാനുണ്ടെങ്കില് അതിലേക്കു കടക്കും. അതിനു ശേഷമാണ് വളപ്രയോഗം, നന, കളപറിക്കല് തുടങ്ങിയ ജോലികള്. മണ്ണ് കിളച്ച് പരുവപ്പെടുത്തി രണ്ടു പകല് മണ്ണ് ഉണങ്ങാനായി കാത്തിരിക്കും. അതിനു ശേഷം ചാരവുമായി ചേര്ത്താണ് ചീര വിത്ത് വിതയ്ക്കുക.
ഏഴ്, എട്ട് ദിവസമാകുമ്പോള് ആദ്യ വളം നല്കും. 10-ാം ദിവസം കള പറിച്ചശേഷം കോഴിക്കാഷ്ടവും വളമായി നല്കും. 25 ദിവസം ആകുമ്പോള് ചീര വിളവെടുക്കാം. രാവിലെ 5.45ന് ആരംഭിക്കുന്ന ജോലികള് കഴിയുമ്പോള് ഉച്ചയാകും. അതുവരെയുള്ള ഭക്ഷണവും വെള്ളവുമെല്ലാമായാണ് വീട്ടില് നിന്നും ഇറങ്ങുന്നത്. പ്രതികൂല കാലാവസ്ഥയെ തരണം ചെയ്തു കൃഷിയില് മുന്നേറാന് ദൈവാനുഗ്രഹം കൂടി വേണമെന്നു മേരി സ്റ്റെല്ല പറയുന്നു.
മരച്ചീനി നൂറുമേനി
ഈ വനിതാ കര്ഷകയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ് മരച്ചീനി കൃഷി. നീണ്ടുപരന്നു കിടക്കുന്ന മരച്ചീനി തോട്ടം ആരെയും കൊതിപ്പിക്കും. ഇടയ്ക്ക് കുറച്ചു സ്ഥലങ്ങളില് വാഴയും കൃഷി ചെയ്തിരിക്കുന്നു. പരിപാലനവും ശ്രദ്ധയും അധികം ആവശ്യമില്ലാത്ത കിഴങ്ങുവിളയാണ് മരച്ചീനിയെന്നാണ് ഈ വനിതാ കര്ഷകയുടെ സാക്ഷ്യം. വലിയ കീടബാധയില്ലെന്നതാണ് ഒരു പ്രത്യേകത. അടിവളമായി ഒരു തവണ വളമിടും. പിന്നീട് രണ്ടോ മൂന്നോ തവണ വളമിട്ടാല് മതിയാകും.
കീടനാശിനികളൊന്നും തളിക്കേണ്ട ആവശ്യം വരുന്നില്ല. എന്നാല് എലി ശല്യം സൂക്ഷിക്കണം. വര്ഷം മുഴുവന് വിളവെടുക്കാവുന്ന തരത്തില് മൂന്നായി തിരിച്ചാണ് ഇവിടുത്തെ കൃഷിരീതി. തമിഴ്നാട്ടില് നിന്നും വരുന്ന മരച്ചീനി കേരളത്തിലെ കര്ഷകര്ക്ക് തിരിച്ചടിയാണെന്നു പറയാറുണ്ട്. എന്നാല് തങ്ങള് ഉത്പാദിപ്പിക്കുന്ന മരച്ചീനിക്ക് ആവശ്യക്കാര് ഏറെയാണെന്ന് ഇവര് പറയുന്നു.
ശാസ്ത്രീയമായ രീതിയില് മരച്ചീനി കൃഷി നടത്തിയാല് നഷ്ടമുണ്ടാകില്ല. ഒരേക്കര് സ്ഥലത്ത് 3000, മുതല് 3500 വരെ മരച്ചീനി തണ്ടുകളാണ് നടുന്നത്. മൂന്നു മുളമൊട്ടുകള് മുകളില് വരുന്ന തരത്തിലാണ് ഇവ നടുക. ഒരു തണ്ടില് നിന്നും മുളച്ചു പൊന്തുന്ന രണ്ടു മുളമൊട്ടുകളെയാണ് വളര്ത്തുന്നത്. മറ്റുള്ളവയെ നുള്ളിക്കളയും. മഴക്കാലത്ത് ചുവട്ടില് വെള്ളം കെട്ടാതെ നോക്കുകയും അതേസമയം വേനല്ക്കാലത്ത് നനയ്ക്കുകയും വേണം.
കുമാരിയുടെ ചീരപ്പാടം
കല്ലിയൂര് പഞ്ചായത്തിലെ പാലപ്പൂര് എന്ന ഗ്രാമത്തിലെത്തിയാല് പയറും ചീരയും വിളഞ്ഞു നില്ക്കുന്ന കുമാരിയുടെ കൃഷിയിടം കാണാം. ഏക്കറുകളോളം സ്ഥലത്ത് വിളഞ്ഞു നില്ക്കുന്ന പച്ചക്കറികള്. ഇതില് ചീരയും പയറുമാണ് പ്രധാനം. ചീര 24-27 ദിവസം കൊണ്ട് വിളവെടുക്കാം എന്ന പ്രത്യേകതയുണ്ട്. പ്രധാനമായും കുമാരി തന്നെയാണ് ഇവയ്ക്ക് പരിചരണം നല്കുന്നത്. കുമാരിക്കൊപ്പം ശാന്തിയും അംബികയും സഹായത്തിനു കൂടും.
കാല് നൂറ്റാണ്ടിലേറെയായി കൃഷി ജീവിതവൃത്തിയായിട്ടെന്നു കുമാരി പറയുന്നു. മുന്പ് മരച്ചീനിയും ഏത്ത വാഴയും കൃഷി ചെയ്തിരുന്നു. പിന്നീട് അത് കുറച്ചു. കൃഷി ചെയ്യുന്ന ഇനങ്ങള് ഇടയ്ക്കിടെ മാറ്റുന്നതാണ് നല്ലത്. അതുകൊണ്ട് ഇടയ്ക്കിടെ ഇവ മാറിമാറി കൃഷി ചെയ്യുമെന്നും കുമാരി പറയുന്നു.
സംതൃപ്തി നല്കും പയര് കൃഷി
കര്ഷകര്ക്ക് ഏറ്റവും അധികം സംതൃപ്തി നല്കുന്ന ഒരു കാര്ഷിക വിഭവമാണ് വള്ളിപ്പയര് കൃഷിയെന്നു കുമാരി പറയുന്നു. അതുകൊണ്ടുതന്നെ പയര് മാത്രം കൃഷി ചെയ്യുന്ന കൃഷിക്കാരുമുണ്ട്. മുന്പ് വെണ്ട കൃഷി ചെയ്തിരുന്നെങ്കിലും വിലക്കുറവും കീടശല്യവും മൂലം അത് കുറച്ചു. പയറിന് എല്ലാ കാലത്തും നല്ല മാര്ക്കറ്റുണ്ട്.
കായ്ചു തുടങ്ങിയാല് ഒന്നര മാസത്തോളം വിളവെടുക്കാം എന്ന പ്രത്യേകതയുമുണ്ട്. രാവിലെ തോട്ടത്തിലേക്ക് ഇറങ്ങിയില് അഞ്ച് സെന്റില് നിന്നും 20 കിലോ വരെ പയര് ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളില് പയര് വിളവെടുക്കാം. ഒരു കുലയില്നാലും അഞ്ചും പയറുണ്ടാകും. കല്ലിയൂര് കൃഷി ഓഫീസറുടെ കൃത്യമായ നിര്ദേശപ്രകാരമാണ് കൃഷി നടത്തുന്നത്.
പയറില് നിന്നും വള്ളികള് നീണ്ടുവരും. അത് ചുറ്റിക്കൊടുക്കണം. എന്നാല് അധികം നീളാതെ മുറിച്ചു കളയുകയും വേണം. അങ്ങിനെ ചെയ്യുമ്പോള് ലഭിക്കുന്ന പൂവിനും കായ്ക്കും വലുപ്പം കൂടും. അല്ലെങ്കില് ചെറിയ കായ്കളാകും ഉണ്ടാകുക - കുമാരിയുടെ അനുഭവ സാക്ഷ്യം. കുട്ടിക്കാലം മുതല് കൃഷിയില് താല്പര്യമുണ്ട്. കൃഷിയില് നിന്നും ലഭിക്കുന്ന സംതൃപ്തി ഒന്നു വേറെ തന്നെയാണെന്നും കുമാരി പറയുന്നു.
വളം പ്രധാനം
പയറിനു പ്രധാനമായും കോഴിക്കാഷ്ടമാണ് വളമായി നല്കുന്നത്. നടുന്നതിനു മുന്പായി കോഴിവളമിട്ടാണ് നിലം ഒരുക്കുന്നത്. ചാലുകീറി കോഴിവളം ഇടും. അങ്ങനെ ആദ്യം ഇട്ടു കഴിഞ്ഞാല് പിന്നീട് വേറെ വളത്തിന്റെ ആവശ്യമില്ല. കോഴിവളം ഇടുന്നതുകൊണ്ട് കുമിള് രോഗങ്ങളെ നിയന്ത്രിക്കുന്നതിനും സാധിക്കും. ചാണകവും വളമായി ഉപയോഗിക്കാറുണ്ട്.
വിത്തു മുതല് വിപണി വരെ എല്ലാം സജ്ജം
കല്ലിയൂര് കൃഷിഭവനു കീഴില് പ്രവര്ത്തിക്കുന്ന കാര്ഷിക കര്മസേനയാണ് ഈ വനിതാ കര്ഷക കൂട്ടായ്മയ്ക്കാവശ്യമായ ഹൈബ്രഡ് വിത്തുകള് നഴ്സറിയില് ഉത്പാദിപ്പിച്ചു നല്കുന്നത്. വിത്തു മുതല് വിപണി വരെയുള്ള എല്ലാ പ്രവര്ത്തനങ്ങള്ക്കും കൃത്യമായ രൂപരേഖയുമായി കല്ലിയൂര് കൃഷിഭവന് ഇവര്ക്കൊപ്പമുണ്ട്.
കൃഷിക്കാവശ്യമായ ജൈവ വളങ്ങള് കൃഷിയിടത്തില് തന്നെ എത്തിച്ചുകൊടുക്കുന്ന സംഘങ്ങളുമുണ്ട്. എന്നാല് ചീര വിത്തുകള് കര്ഷകര് തനിയേ നട്ട് ഉത്പാദിപ്പിക്കുന്നതാണ് രീതി. വിളവെടുക്കുന്ന കാര്ഷിക ഉത്പന്നങ്ങള് കൃഷി ചെയ്യുന്ന സ്ഥലത്തു തന്നെ ചന്തകള് നടത്തി വില്ക്കുന്നതാണ് ചിലരുടെ രീതി.
വാഴകള് പലതരം
ഇവിടെ പലതരം വാഴകള് കൃഷി ചെയ്യുന്നുണ്ടെങ്കിലും ഏത്തന്, റോബസ്റ്റ, ഞാലിപ്പൂവന് എന്നീ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഞാലിപ്പൂവന് ഒരു തവണ കുഴിച്ചിട്ടാല് പിന്നെ അതിന്റെ ചുവട്ടിലേക്ക് വിളവെടുപ്പിനു മാത്രം പോയാല് മതിയെന്നാണ് മുതിര്ന്നവര് പറയുന്നത്.
വെള്ളം നനയ്ക്കണ്ട, ഒടിഞ്ഞു പോകില്ല, കാര്യമായും കേടും ഇല്ല. ലൂസ് മണ്ണില് വാഴ നട്ടാല് നല്ല രീതിയില് വിളവെടുക്കാം. എന്നാല് മറ്റു വാഴകളുടെ കൃഷിക്കായി കന്നുകള് തെരഞ്ഞെടുക്കുമ്പോള് ശ്രദ്ധിക്കണം. വാഴയില് നിന്നും പൊട്ടിമുളയ്ക്കുന്ന കൂര്ത്ത ഇലകള് ഉള്ള കന്നുകളാണ് ആണ് നടുന്നതിനായി ഉപയോഗിക്കേണ്ടത്. കുലവെട്ടി 10-20 ദിവസത്തിനുള്ളില് കന്നുകള് പിരിച്ചെടുക്കണം.
ചാണകവും ചാരവും കൂട്ടിക്കലക്കിയ വെള്ളത്തില് മൂന്നു നാലു ദിവസം മുക്കിയെടുത്ത് വെയിലത്ത് വച്ച് ഉണക്കണം. പിന്നീട് 10 ദിവസത്തോളം തണലില് സൂക്ഷിച്ചശേഷമാണ് നടുന്നതിനായി എടുക്കുന്നത്. സ്ഥലം ഒരുക്കി രണ്ടു മീറ്റര് അകലത്തില് കുഴികളെടുത്ത് തൈവച്ചാല് ഹെക്ടറില് 2500 വഴകള് നടാം.
നടാനായി എടുക്കുന്ന കുഴിയില് ജൈവ വളത്തോടൊപ്പം കുമ്മായവും ഇടും. മണ്ണിന്റെ അമ്ലത ഒഴിവാക്കാനാണ് ഇത്. ചാണകം, പച്ചിലവളം ജൈവവളം എന്നിവയാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.
പടര്ന്നു പന്തലിച്ച് പാവല്
ചില സീസണുകളില് വലിയ വിളവു ലഭിക്കുമെന്നതാണ് പാവല് കൃഷിയുടെ പ്രത്യേകത. പാവയ്ക്ക പന്തലില് ആണ് നടുന്നത്. സ്ഥിരമായി ഒരു പന്തല് ഇടുന്നതാണ് ഇതിന്റെ രീതി. ടെക്നോളജിയുടെ കൂട്ടുപിടിച്ചുള്ള കൃഷി വളരെ ലാഭം നല്കുന്നതാണെന്ന് ഇവിടുത്തെ കര്ഷകര് പറയുന്നു. തുള്ളിനന ഇതില് പ്രധാനമാണ്.
ഈ വെള്ളത്തിലൂടെ തന്നെ വളവും കടത്തിവിടാനുള്ള സംവിധാനമുണ്ട്. അതിലൂടെ വളരെയേറെ ജോലി ലാഭിക്കാനാകും. ജൈവരീതിയിലുള്ള കീടനാശിനി പ്രയോഗങ്ങളിലൂടെ കീടങ്ങളെ തുരത്താം. തുള്ളിനനയ്ക്കായുള്ള പൈപ്പുകള് സ്ഥാപിച്ചു കഴിഞ്ഞാല് സ്ഥിരമായി ഈ രീതിയില് കൃഷി ചെയ്യാനും സാധിക്കും.
അതിജീവിക്കാനുള്ള മനുഷ്യന്റെ ആഗ്രഹമാണ് കൃഷിയെങ്കില് ആ കൃഷിയുടെ നട്ടെല്ലാണ് ഇന്ന് വനിതാ കര്ഷകര്. മണ്ണറിഞ്ഞ് പണിയെടുക്കുന്ന അവര് കൃഷിയെ ഒരു ജീവിതമാര്ഗം മാത്രമായല്ല കാണുന്നത്. തന്റെ ജീവിതത്തിന്റെ സന്തോഷം കൃഷിയാണെന്നു മനസിലാക്കി ജീവിക്കുന്നവരാണ് ഇവര്.
Agriculture
വയനാടിന്റെ മലനിരകൾ എന്നും സുഗന്ധങ്ങളുടെ നാടാണ്. കുരുമുളകിന്റെ കാഠിന്യവും മഞ്ഞളിന്റെ ഔഷധഗുണവും ഏലക്കയുടെ മധുരസ്മരണയും ചേർന്ന ഈ മണ്ണ് നിരവധി കാർഷിക വിജയഗാഥകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
എന്നാൽ, ഇന്നു വയനാടിന്റെ ഗ്രാമീണ അടുക്കളകളിൽനിന്ന് ഉയർന്നുവരുന്നത് മറ്റൊരു വ്യത്യസ്തമായ കഥയാണ്പുകമണം നിറഞ്ഞ ഉണക്ക പോത്തിറച്ചിയുടെയും ഇടിയിറച്ചിയുടെയും രുചിക്കഥ.
പുൽപ്പള്ളി ആടിക്കൊല്ലി ചാരുപ്ലാക്കൽ ഡില്ല സജി എന്ന വനിതാ സംരംഭകയാണ് ഈ രുചിക്കഥയുടെ കേന്ദ്രകഥാപാത്രം. ഒരുകാലത്ത് മലനാട്ടിലെ വീടുകളിൽ കുടുംബാവശ്യത്തിനു മാത്രം തയാറാക്കിയിരുന്ന ഉണക്കിറച്ചിയെ മൂല്യവർധിത ഉത്പന്നമാക്കി വിപണിയിലെത്തിക്കുകയാണ് അവർ.
പാരന്പര്യ പാചകരീതിയും ആധുനിക സാങ്കേതികവിദ്യയും കൈകോർക്കുന്പോൾ ഗ്രാമീണ ഭക്ഷ്യസംസ്കാരത്തിന് എത്രമാത്രം സാധ്യതകളുണ്ടെന്ന് തെളിയിക്കുന്ന മാതൃക കൂടിയാണ് ഈ സംരംഭം.
അടുക്കളയിൽനിന്ന് വിപണിയിലേക്ക്
മഴക്കാലങ്ങളിലും ഉത്സവസീസണുകളിലും വീട്ടുപയോഗത്തിനായി ഇറച്ചി ഉണക്കിവെക്കുന്ന രീതി വയനാട്ടിലെ പഴയ കുടുംബങ്ങളിൽ സാധാരണമായിരുന്നു. ഫ്രിഡ്ജുകളോ ആധുനിക സംഭരണ സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലത്ത് ഭക്ഷണം ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനുള്ള പ്രായോഗിക മാർഗമായിരുന്നു ഇത്.
കാലം മാറിയെങ്കിലും ആ രുചിയുടെ ഓർമ്മകൾ മലയാളികളുടെ മനസിൽ ഇന്നും ജീവനോടെയുണ്ട്. ആ ഓർമ്മകളെ ഉണർത്തിയാണ് ഡില്ല സജി ഉണക്കിറച്ചിയും ഇടിയിറച്ചിയും നിർമിക്കുന്നത്. മാംസ് സ്പെഷൽ എന്ന ബ്രാൻഡിലാണ് ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്.
""വിപണിയിൽ ലഭിക്കുന്ന പല ഉത്പന്നങ്ങളിലും അമിതമായ മസാലകളുടെ രുചിയാണ് മുൻപന്തിയിൽ. എന്നാൽ, ഇറച്ചിയുടെ യഥാർഥ സ്വാദാണ് ഉപഭോക്താവിന് ലഭിക്കേണ്ടത്'' എന്ന് ഡില്ല പറയുന്നു.
ഉപ്പും കുരുമുളകും മഞ്ഞളും മാത്രം ഉപയോഗിച്ചാണ് രുചിക്കൂട്ട് തയ്യാറാക്കുന്നത്. അധിക മസാലകളോ കൃത്രിമ രുചിവർധകങ്ങളോ ചേർക്കുന്നില്ല.
അതുകൊണ്ടുതന്നെ ഉണക്കിറച്ചി കൈയിൽ എടുക്കുമ്പോൾ അത് പൂർണമായും ഡ്രൈ ആണെങ്കിലും കഴിക്കുന്പോൾ മൃദുത്വം നിലനിൽക്കും. വായിൽ വെച്ചാൽ ചുട്ടിറച്ചിയുടെ സ്വാഭാവിക ഫ്ളേവർ അനുഭവപ്പെടും.
ഇറച്ചിയുടെ യഥാർഥ രുചി മറയ്ക്കാതെ ഉയർത്തിക്കാട്ടുന്നതാണ് ഈ രീതിയുടെ പ്രത്യേകത.
സ്വന്തം കൃഷിയിടത്തിലെ ചേരുവകൾ
സംരംഭത്തിന്റെ മറ്റൊരു സവിശേഷത പ്രധാന ചേരുവകളിൽ പലതും സ്വന്തം കൃഷിയിടത്തിൽ നിന്നാണ് ലഭിക്കുന്നത് എന്നതാണ്. വയനാടിന്റെ കാലാവസ്ഥയിൽ വളരുന്ന കുരുമുളകും മഞ്ഞളും സ്വന്തം കൃഷിയിടത്തിൽനിന്നാണ് ശേഖരിക്കുന്നത്.
രാസവളങ്ങളുടെ അമിത ഉപയോഗമില്ലാതെ വളർത്തുന്ന കാർഷികവിളകളിൽ നിന്നുള്ള ഈ ചേരുവകൾ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നു. ഉണക്കിറച്ചി നിർമിക്കുന്നത് എളുപ്പമുള്ള ജോലിയല്ല.
ഗുണമേന്മയുള്ള പോത്തിറച്ചി തെരഞ്ഞെടുക്കുന്നതോടെയാണ് പ്രക്രിയ ആരംഭിക്കുന്നത്. ഇറച്ചി ചെറിയ കഷണങ്ങളാക്കി മുറിച്ചശേഷം പ്രത്യേകമായി തയ്യാറാക്കിയ ഡ്രൈയിംഗ് സംവിധാനത്തിലേക്കു മാറ്റുന്നു.
ഓരോ ഘട്ടത്തിലും ചൂടിന്റെ അളവ് കൃത്യമായി നിയന്ത്രിക്കണം. അധിക ചൂട് ലഭിച്ചാൽ ഇറച്ചിയുടെ മൃദുത്വം നഷ്ടപ്പെടും. ചൂട് കുറവായാൽ ആവശ്യമായ രീതിയിൽ ഉണങ്ങുകയുമില്ല.
അതുകൊണ്ടുതന്നെ ഓരോ ബാച്ചും നിരന്തരം നിരീക്ഷിച്ചാണ് തയ്യാറാക്കുന്നത്. പണ്ടുകാലത്ത് വിറകടുപ്പിന്റെ പുകയിലും ചൂടിലുമായിരുന്നു ഉണക്കിറച്ചി തയ്യാറാക്കിയിരുന്നത്.
ഇന്ന് ആധുനിക ഡ്രൈയിംഗ് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ, പഴമയുടെ അതേ രുചിയും നിറവും ഗുണവും നിലനിർത്താൻ പ്രത്യേക ശ്രദ്ധ നൽകുന്നു.
Agriculture
മണ്ണിനെയും കൃഷിയെയും ഏറെ സ്നേഹിക്കുന്ന രാജീവ് മാത്യു പാടത്തിലിന്റെ തോട്ടത്തിലുള്ളത് നാവിൽ തേൻ മധുരം പകരുന്ന വിവിധയിനം പഴങ്ങളുടെ വൻ ശേഖരം. ഇടുക്കി ജില്ലയിൽ കോടിക്കുളം പഞ്ചായത്തിലെ കൊടുവേലിയിലാണ് മധുരം വിളയും കൃഷിയിടം.
അഞ്ചേക്കറിൽ ശങ്കര, സിദ്ദു, രാമചന്ദ്ര, തായ്ലൻഡ് റെഡ്, ജെ-33, കംബോഡിയൻ ജാക്ക്, സീഡ്ലെസ് ജാക്ക്, ഡെംഗ്സൂര്യ എന്നീ ഇനങ്ങളിൽപ്പെട്ട പ്ലാവാണ് കൃഷി ചെയ്തിരിക്കുന്നത്. 2021ൽ നട്ട പ്ലാവിനങ്ങളിൽ നിറയെ കായ്ഫലങ്ങളുണ്ട്.
ജനുവരി-ജൂണ് മാസങ്ങളാണ് ചക്കയുടെ സീസണ്. കംബോഡിയൻ ജാക്ക് മാത്രം നവംബറിൽ കായ്ഫലം നൽകാൻ തുടങ്ങും. ചക്കയുടെ വിപണനത്തിന് ഒരിടത്തേക്കും പോകേണ്ട. കച്ചവടക്കാർ തോട്ടത്തിലെത്തി ചക്ക ശേഖരിക്കുകയാണ് ചെയ്യുന്നത്.
കിലോയ്ക്ക് 30 രൂപ ലഭിക്കും. തോട്ടത്തിലെ ഏതാനും ഭാഗത്തെ റബർ വെട്ടിനീക്കിയ ശേഷമാണ് പ്ലാവ് ഉൾപ്പെടെയുള്ള പഴവർഗങ്ങളുടെ കൃഷി ആരംഭിച്ചത്.
ചക്ക പോഷകസമൃദ്ധം
പോഷക സമൃദ്ധമായ ചക്കയ്ക്ക് ആവശ്യക്കാർ ഏറെയാണെന്ന് രാജീവ് മാത്യു പറയുന്നു. ചക്കച്ചുളയിലെ നാരുകൾ കുടലിലെ കാൻസറിനെ പ്രതിരോധിക്കാൻ സഹായകമാണ്. ദഹനപ്രക്രിയയ്ക്കും ഇത് ഉത്തമമാണ്.
ചക്കപ്പഴത്തിലെ സെലീനിയം ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. പാകമായ ചുളയിൽ 74 ശതമാനം ജലാംശവും 23 ശതമാനം അന്നജവും രണ്ടു ശതമാനം പ്രോട്ടീനും ഒരു ശതമാനം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ചക്കയിൽനിന്ന് 85 കലോറി ഉൗർജം ലഭിക്കും.
ഇരുന്പ് ധാരാളം അടങ്ങിയതിനാൽ വിളർച്ച തടയാനും നല്ലതാണ്. ആസ്ത്മക്കും തൈറോയ്ഡിനും ഗുണപ്രദമാണ്. ഹോർമോണ് ഉത്പാദനം ക്രമപ്പെടുത്താനും സഹായകമാണ്. മഗ്നീഷ്യവും കാൽസ്യവും ഉള്ളതിനാൽ എല്ലുകളെ ബലപ്പെടുത്തും.
ഇതിലെ വൈറ്റമിൻ-സി കണ്ണുകളുടെ പരിരക്ഷയ്ക്കും പ്രയോജനകരമാണ്. ബാക്ടീരിയ സംബന്ധമായ രോഗങ്ങൾ ചെറുക്കാനും ശ്വേതാണുക്കളുടെ പ്രവർത്തനം ത്വരിതപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായകമാണ്.
ചക്കപ്പൊടി പ്രമേഹ നിയന്ത്രണത്തിനും ഫലപ്രദമാണെന്നാണ് പഠന റിപ്പോർട്ട്. ചക്കയുടെ പോഷക ഗുണങ്ങളും മൂല്യ വർധിത ഉത്പന്നങ്ങളുടെ നിർമാണവുമാണ് ഡിമാൻഡ് വർധിക്കാൻ കാരണം.
Agriculture
റംബുട്ടാൻ കൃഷിയിൽ നൂറുമേനി വിളവു കൊയ്തിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ വായാട്ടുപറമ്പ് കവലയിലെ ബിനു തോമസ് മാളിയേക്കൽ എന്ന യുവകർഷകൻ. റബർ കൃഷിയെക്കാൾ മികച്ച വരുമാനം നൽകുമെന്ന് മനസിലാക്കിയാണ് രണ്ടുവർഷം മുമ്പ് റബർ മരങ്ങൾ മുറിച്ചു നീക്കി റംബുട്ടാൻ കൃഷിയിലേക്ക് തിരിഞ്ഞത്.
റബർ മുറിച്ചുമാറ്റി റംബുട്ടാൻ കൃഷി ചെയ്തപ്പോൾ സുഹൃത്തുക്കളും അയൽവാസികളും ഉൾപ്പെടെ കുറ്റപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ മനസ് നിറയെ സന്തോഷമാണ്. രണ്ടാം വർഷം തന്നെ മികച്ച വിളവ് ലഭിക്കുകയും ചെയ്തു. 18 കായയിൽനിന്നും ഒരു കിലോ തൂക്കം ലഭിക്കുമെന്ന് ബിനു പറയുന്നു.
നാലുവർഷം ആയ ഒരു ചെടിയിൽനിന്ന് 50 കിലോ മുതൽ 60 കിലോ വരെ കായ്കൾ ലഭിക്കുമെന്നും ഇപ്പോൾ 175 മുതൽ 200 രൂപ വരെ വില ലഭിക്കുന്നതായും അവകാശപ്പെടുന്നു. വീട്ടിൽ വന്നു തന്നെ ആവശ്യക്കാർ വാങ്ങിക്കൊണ്ടു പോകുന്നുണ്ട്. ഓർഗാനിക് രീതിയിലാണ് ഇദ്ദേഹം കൃഷി ചെയ്തിരിക്കുന്നത്. ആവശ്യമായ ജലസേചനവും നൽകുന്നു.
വളപ്രയോഗം
10 കിലോ ജൈവവളം എങ്കിലും ഒരു വർഷത്തിൽ നൽകണം. പ്രായം കൂടുന്നതിനനുസരിച്ച് വളത്തിന്റെ തോതും വർധിപ്പിച്ചു കൊണ്ടുവരണം. ജനുവരി മാസത്തിൽ പൂവിടൽ തുടങ്ങുമെന്നതിനാൽ നന അല്പം കുറയ്ക്കേണ്ടതാണ്.
പഴുത്തു തുടങ്ങിയ കായികളെ പക്ഷിമൃഗാദികളിൽനിന്നും സംരക്ഷിക്കുന്നതിന് മരം പൂർണമായും വലയിട്ട് മൂടുന്ന പ്രക്രിയ കാണാറുണ്ട്. എന്നാൽ, ഇദ്ദേഹം ഇങ്ങനെ ചെയ്യാറില്ല. പക്ഷികളും പ്രകൃതിയുടെ ഭാഗമാണെന്നും അവയ്ക്കായി കുറച്ചു കായകൾ നീക്കിവെച്ചാലും വലിയ നഷ്ടം സംഭവിക്കില്ലെന്ന് പറയുന്നു.
ട്രൈക്കോഡെർമ ചാണകപ്പൊടി ഇവ നൽകുന്നത് വേരു രോഗങ്ങൾ കുറയ്ക്കും. മണ്ണ് അറിഞ്ഞുള്ള വളപ്രയോഗമാണ് മികച്ച വിളവിന് ഏറ്റവും അത്യുത്തമം.
കായ്പിടിത്തം കൂട്ടാൻ
കായ്പിടിത്തം കുറയുന്നതിന് പല കാരണങ്ങളുണ്ട്. പ്രധാന കാരണം പൂവിടുന്ന കാലത്തെ കൂടിയ താപനിലയാണ്. വേണ്ടത്ര പരാഗകാരികൾ ഇല്ലാത്തതും ചില സൂക്ഷ്മ മൂലകങ്ങളുടെ അപര്യാപ്തതയും കായ്പിടുത്തത്തെ ബാധിക്കാം.
റംബുട്ടാൻ പൂക്കുന്ന സമയം ആകുമ്പോഴേക്കും നന നിർത്തണം. പൂത്തതിനുശേഷം വീണ്ടും നന തുടരാം. സാധാരണ ചെയ്യുന്ന വളപ്രയോഗത്തോടൊപ്പം പൊട്ടാഷ് വളം അല്പം കൂടുതൽ നൽകുന്നത് പൂക്കുന്നതിന് സഹായിക്കും.
പൊട്ടാസ്യത്തിന്റെ കുറവുണ്ടെങ്കിൽ ഇലകളുടെ അരികിൽനിന്ന് ഉള്ളിലേക്ക് കരിഞ്ഞു വരുന്നതായി കാണാം. എൻ 18 ഇനത്തിലുള്ള റംബുട്ടാൻ ആണ് ഇവിടെ കൃഷി ചെയ്യുന്നത്. ഇത് മികച്ച വിളവ് തരുന്ന ഇനമാണ്.
റംബുട്ടാൻ കൃഷി ചെയ്യുന്ന കർഷകർക്ക് ആവശ്യമായ പിന്തുണയും പ്രൂണിങ് ഉൾപ്പെടെ ചെയ്തു നൽകുകയും ചെയ്യുന്നുണ്ട്. കൂടുതൽ കർഷകർ റംബുട്ടാൻ കൃഷിയിലേക്ക് തിരിയണം എന്നാണ് ബിനുവിന്റെ ആഗ്രഹം. ഇപ്പോൾ ഡ്രാഗണ് ഫ്രൂട്ട് കൃഷിയും ചെയ്തു വരുന്നു.
ഫോണ്: 9526270595
Agriculture
ഇടത്തരം വലിപ്പമുള്ള നിത്യഹരിത വൃക്ഷമായി വളരുന്ന മരമാണ് നാഗമരം. പിങ്ക് കലർന്ന പുതിയ ഇലകളുടെ മനോഹാരിത, ദീർഘവൃത്താകാരം മുതൽ കുന്താകാരം വരെ, കടുംപച്ചനിറം, പൂക്കൾ വെളുത്ത് ഒറ്റയ്ക്കോ ജോഡികളായോ കാണപ്പെടുന്നു.
ഇലകൾക്ക് അഞ്ചു മുതൽ രണ്ട് സെന്റീമീറ്റർ വരെ നീളം. അണ്ഡകാരത്തിലുള്ളതും അഗ്രഭാഗത്ത് കൂർത്തതുമായ പഴങ്ങൾ അടിഭാഗത്ത് സ്ഥിരമായ ബാഹ്യദളങ്ങൾ കൊണ്ട് മൂടിയിരിക്കുന്നു, മഞ്ഞക്കറയുണ്ട്.
മരത്തിന് തൊലി പൊഴിക്കുന്ന സ്വഭാവമുണ്ട്. ഫെബ്രുവരി മുതൽ ജൂണ് വരെയാണ് നാഗമരത്തിന്റെ പൂക്കാലം. നിത്യഹരിത വനങ്ങളിലെ തണൽ ഇഷ്ടപ്പെടുന്ന മരമാണിത്.
മെസുവ നാഗസേറിയം, കോസ്ട്രം, മെസുവ ഫെറിൻ ലിൻ ((Messua Nagassarium, kotsrem, Mesua Ferrea linn) എന്ന ശാസ്ത്രീയ നാമത്തിൽ അറിയുന്ന നാഗമരത്തിന്റെ കുടുംബം ക്ലൂസി യേസി (clusia cae) ആണ്. സമുദ്രനിരപ്പിൽനിന്ന് അയായിരത്തി ഇരുന്നൂറ് അടിവരെ ഉയരമുള്ള ഉഷ്ണമേഖല വനങ്ങളിൽ നാഗമരം സമൃദ്ധമായി വളർന്നു വരുന്നു.
കിഴക്കൻ ഹിമാലയം, പശ്ചിമബംഗാൾ, പശ്ചിമഘട്ടം, പൂർവ്വഘട്ടം, കർണ്ണാടകം, കേരളം, ബർമ്മ, ആൻഡമാൻ, കൊങ്കൻ ആസാം, ഉത്തർപ്രദേശ് കൂടാതെ ശ്രീലങ്ക, മലേഷ്യ എന്നിവടങ്ങളിലെല്ലാം കണ്ടുവരുന്നു.
ശ്രീലങ്കയുടെ ദേശീയ വൃക്ഷമായ നാഗമരത്തെ സിലോണ് ഇരുന്പുമരമെന്നും മൂർഖന്റെ കുങ്കുമം എന്നെല്ലാം അറിയപ്പെടുന്നു. കൊടുംചൂടും കൊടുംതണുപ്പും ഈ മരങ്ങൾക്ക് ചേർന്നതല്ല.
ഔഷധങ്ങളുടെ കലവറയാണ് നാഗമരം. വേരിന്റെ പുറംതൊലി, തണ്ടിന്റെ പുറംതൊലി, വിത്തിലെ എണ്ണ, വിത്ത്, കേസരം, പൂവ് എന്നിവയെല്ലാം ഔഷധാവശ്യങ്ങൾക്ക് ഉപയോഗിച്ചു വരുന്നു.
ദഹന സംബന്ധമായ അസുഖങ്ങൾ, ദാഹം എന്നിവയ്ക്കും പനി, പൈൽസ്, ചർമ്മരോഗങ്ങൾ, ഛർദ്ദി എന്നീ വ്യാധികൾക്കും നാഗമരത്തിന്റെ വിവിധ ഭാഗങ്ങൾ വളരെ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.
നാഗമരത്തിന്റെ വിത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന എണ്ണ സൈന സെറ്റീസ്, ജലദോഷം, പനി എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് നല്ലൊരു ഇൻഹേലറായി ഉപയോഗിക്കുന്നു. മുൻകാലങ്ങളിൽ നാഗമരത്തിന്റെ പൂക്കൾ തലയിണയിൽ നിറച്ച് ഉപയോഗിക്കുമായിരുന്നു.
പൂക്കൾ നല്ല അണുനാശകമായിരുന്നതിനാൽ ശയ്യാനുബന്ധികളായ സൂഷ്മാണുക്കളെ നശിപ്പിക്കുകയും പൂക്കൾ നിറച്ചതലയിണകൾക്ക്നിത്യസുഗന്ധവും ഉണ്ടായിരുന്നു. നാഗപ്പൂവെന്ന പേരിൽ ഇന്ന് കേരളത്തിലെ പച്ചമരുന്നുകടകളിൽ വിൽക്കുന്നത് നാഗകേസരമല്ല.
പകരം കാട്ടുപുന്ന, ആറ്റുപുന്ന, ചെറൂള, കറുവ, മലംപ്പുന്ന എന്നിവയൊക്കെയാണ് ലഭിക്കുന്നത്. ഇതുപോലെ അതിപ്രാധാന്യമുള്ള വൃക്ഷങ്ങളെ സംരക്ഷിക്കുവാൻ പഞ്ചായത്തുകളിലോ, മുനിസിപ്പാലിറ്റി കളിലോ ഉള്ള ചെറിയ പാർക്കുകളിൽ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നത് നന്നായിരിക്കും.
ആയില്ല്യം നക്ഷത്രക്കാർ ഈ വൃക്ഷം വീട്ടിൽ വലിയ ചട്ടികളിൽ വളർത്തി സംരക്ഷിക്കാവുന്നതാണ്. മണൽ, ചാണകപ്പൊടി, ചെമ്മണ്ണ് ഇവ ചേർത്തുണ്ടാക്കിയ പോട്ടിംഗ് മിശ്രിതത്തിൽ നട്ടുവളർത്താവുന്നതാണ്.
പൊതുവേ കാണാൻ ഭംഗിയുള്ള ഈ മരം പ്രൂണ് ചെയ്ത് സംരക്ഷിക്കുകയാണെങ്കിൽ അമിതമായുള്ള വളർച്ചയെ തടഞ്ഞ് ക്രമമായി നിലനിർത്താൻ സാധിക്കും.
ഈ നക്ഷത്രക്കാർക്കും വൃക്ഷങ്ങളെ സ്നേഹിക്കുന്നവർക്കും ഈ മരത്തെ അറിയുവാനും മറ്റുള്ളവർക്ക് പരിചയപ്പെടുവാനും ഉപകാരമായിരിക്കും.
Agriculture
ഇന്ത്യയിൽ വന്യമായി വളരുന്ന വൻ വൃക്ഷമാണ് പുളിമരം. പുളി നമ്മുടെ ഭക്ഷണ പദാർഥങ്ങളിൽ രുചിക്കുവേണ്ടി പ്രധാനമായും ചേർത്ത് ഉപയോഗിക്കുന്നു. പുളിയിൽ ജീവികം സി ധാരാളമായി അടങ്ങിയിരിക്കുന്നു.
അതുകൊണ്ടുതന്നെ ജീവകം സിയുടെ അഭാവത്താൽ ഉണ്ടാകുന്ന രോഗങ്ങൾ നമ്മുടെയിടയിൽ കുറവുള്ളതിനു കാരണം ആഹാരത്തിലൂടെയുള്ള പുളിയുടെ ഉപയോഗമാണെന്നു കരുതപ്പെടുന്നു. പഴക്കംചെന്ന പുളിയാണ് നല്ലത്. ഇതു കരൾ, ആമാശയം എന്നിവയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നു.
പുളിയുടെ ഇല, പൂവ്, ഫലമജ്ജ, ഫലം, വിത്ത്, തോല് എന്നിവ ഔഷധയോഗ്യങ്ങളാണ്. പല പേരുകൾ: ചിഞ്ചാ, അമ്ലികാ, തിന്തിദ്ധാ എന്നിങ്ങനെ സംസ്കൃതത്തിലും ടമരിൻ ട്രീ എന്ന് ഇംഗ്ലീഷിലും പുളിക്കു പേരുകളുണ്ട്.
സിസാൽപിനിയേസി സസ്യകുടുംബത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പുളിമരത്തിന്റെ ശാസ്ത്രനാമം ടമറിഡസ് ഇൻഡിക്ക എന്നാണ്.
രസാദിഗുണങ്ങൾ: അമ്ലരസവും ഗുരു രൂക്ഷഗുണവും ഉഷ്ണവീര്യവും വിപാകത്തിൽ അമ്ലം എന്നിങ്ങനെയാണ്. ആയുർവേദ വിധിപ്രകാരം പുളിമരത്തിന്റെ രസാദിഗുണങ്ങൾ.
രാസഘടകങ്ങൾ: പുളിമരത്തിന്റെ ഫലത്തിൽ ടാർടാറിക് അമ്ലം, സിട്രിക് അമ്ലം, മാലിക് അമ്ലം, അസെറ്റിക് അമ്ലം, പൊട്ടാസ്യം, പഞ്ചസാര, പെക്ടിൻ, ആൽബുമിനോയ്ഡ്, കൊഴുപ്പ്, അന്നം എന്നീ രാസഘടകങ്ങൾ അടങ്ങിയിരിക്കുന്നു.
പുളി വാതം ശമിപ്പിക്കുന്നു. ദാഹത്തെ ശമിപ്പിക്കുന്നു. വൃണം ഉണങ്ങുന്നതിനും ശബ്ദം തെളിയുന്നതിനും നന്ന്. മദ്യലഹരി ശമിപ്പിക്കുന്നതിനും വായുക്ഷോഭം, മലബന്ധം എന്നിവ അകറ്റാനും വിരേചനം, നീര്, വേദന, ക്ഷീണം എന്നിവ ശമിപ്പിക്കാനും അതിസാരം, പ്രമേഹം, മൂത്രച്ചൂട്, ചെങ്കണ്ണ്, തേൾവിഷം എന്നിവ ഭേദമാക്കാനും വാളമ്പുളി അത്യുത്തമം.
ഔഷധപ്രയോഗങ്ങൾ
ശരീരക്ഷീണവും വേദനയും മാറുന്നതിന് പുളിയില ഇട്ട് വെന്ത വെള്ളത്തിൽ കുളിക്കുക. തൊണ്ട ശുദ്ധമാവുകയും ശബ്ദം തെളിയുകയും ചെയ്യാൻ: പഴന്പുളി ചൂർണമാക്കി തേൻ ചേർത്ത് ദിവസവും ആറു ഗ്രാം വരെ പതിവായി രണ്ടുനേരം കഴിക്കുക.
വൃണം ഉണങ്ങാൻ: പുളിയിലയും സമം കറിവേപ്പിലയും ചേർത്തു തിളപ്പിച്ച് ആ വെള്ളത്തിൽ വൃണം കഴുകുക. പഴന്പുളി കരളിന്റെയും ആമാശയത്തിന്റെയും പ്രവർത്തനം വർധിപ്പിക്കും.
മസൂരിക്ക് ശമനം കിട്ടാൻ: ആറ് ഗ്രാം പുളിയില അരച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി പതിവായി ആറുദിവസം മൂന്നുനേരം വീതം കുടിക്കുക.
പുളി അധികം കഴിച്ചാൽ വെള്ളപ്പാണ്ടു രോഗം അധികരിക്കും. മദ്യലഹരി ശമിക്കാൻ പുളിവെള്ളം കുടിക്കുക.
വായുക്ഷോഭം മാറാൻ: പുളിവെള്ളത്തിൽ തിളപ്പിച്ച് അതിൽ പഞ്ചസാര ചേർത്തു കഴിക്കുക.
പനിയുള്ളവർക്ക് മലബന്ധം പിടിപെട്ടാൽ: ഒരു ഔണ്സ് പുളി അത്രതന്നെ ഈന്തപ്പഴം എന്നിവ പാലിൽ തിളപ്പിച്ച് അരിച്ച് ഏലത്തരി, ഗ്രാന്പൂ, കർപ്പൂരം എന്നിവ ചേർത്തു കഴിക്കുക.
പ്രമേഹശമനത്തിന്: പുളിന്തോട് ചുട്ട് ഭസ്മമാക്കി ഒരു ടീസ്പൂണ് വെള്ളത്തിൽ കലക്കി കുടിക്കുക.
തേൾവിഷത്തിന്: പുളി, ചുണ്ണാമ്പ് എന്നിവ അരച്ച് വിഷമുള്ള ഭാഗത്ത് ഇടുക. ഫലപ്രദമായ ഒരു ഔഷധപ്രയോഗമാണിത്.
നീരിനും വേദനയ്ക്കും ആശ്വാസം കിട്ടാൻ: പുളിയും പുളിയിലയും പച്ചവെള്ളത്തിൽ അരച്ച് പുറമേ പുരട്ടുക. മഹോദരം, പ്രമേഹം എന്നിവയുടെ ശമനത്തിന്: പുളിയുടെ തോട് ചുട്ട് ഭസ്മമാക്കി ഒരു ടീസ്പൂണ് തിളപ്പിച്ച വെള്ളത്തിൽ കലക്കി കഴിക്കുക.
അതിസാരം ശമിക്കാൻ: പുളിങ്കുരുവിന്റെ തോട് (ചുവപ്പുനിറത്തിലുള്ള പുറന്തൊലി) അതിനൊപ്പം (സമം) ജീരകവും പഞ്ചസാരയും ചേർത്തു പൊടിച്ച് ഒരു ടീസ്പൂണ് വീതം കഴിക്കുക.
മൂത്രച്ചൂട് മാറ്റാൻ: പുളിയില ഇടിച്ചുപിഴിഞ്ഞ നീര് കുടിക്കുക. നേത്രരോഗങ്ങൾ (ചെങ്കണ്ണ്) ശമിക്കാൻ: പുളിയിലയും പൂവും ഇട്ടു തിളപ്പിച്ച വെള്ളംകൊണ്ട് കണ്ണിൽ ധാര കോരുക.
അതിസാരം ഭേദമാകാൻ: പുളിയില ഇടിച്ചുപിഴിഞ്ഞ നീരിൽ പഴുപ്പിച്ച ഇരുന്പുകഷണമിട്ട് ചൂടാക്കിയശേഷം കഴിക്കുക.
പ്രഫ. കെ. നസീമ
9633552460
Kerala
ആലപ്പുഴ: സംസ്ഥാനത്ത് തേങ്ങയുടെ വില ഇടിയുന്നു. കേരളത്തിൽ 40 മുതൽ 50 വരെയാണ് നിലവിൽ ഒരു കിലോ നാളികേരത്തിന്റെ ചില്ലറ വിൽപന വില. ഈ വർഷം ആദ്യമായാണ് നാളികേര വില ഇത്രയും താഴുന്നതെന്ന് കർഷകർ പറയുന്നു.
കഴിഞ്ഞ ആറുമാസങ്ങൾക്ക് മുൻപ് പച്ചത്തേങ്ങ വില കിലോയ്ക്കു 80 മുതൽ 85 രൂപ വരെയായി ഉയർന്നിരുന്നു. ഇത് പിന്നീട് ഏറെക്കാലം 60 മുതൽ 65 രൂപയായി നിലനിന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ പകുതിക്കടുത്തേക്ക് വില കുത്തനെ ഇടിഞ്ഞത് നാളികേര കർഷകരെ പ്രതിസന്ധിയിലാക്കി.
തമിഴ്നാട്ടിൽ നാളികേര ഉത്പാദനം കൂടിയതും കേരളത്തിലേക്ക് ഇറക്കുമതി വർധിച്ചതുമാണ് വിലയിടിവിന്റെ പ്രധാന കാരണം. തമിഴ്നാട്ടിൽ ഉത്പാദനം ഇടിഞ്ഞ സമയത്താണ് കേരളത്തിൽ വലിയ തോതിൽ നാളികേരത്തിന് വില ഉയർന്നത്. പശ്ചിമേഷ്യൻ യുദ്ധം മൂലം നാളികേര മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതി വൻതോതിൽ കുറഞ്ഞതും വില കുറയാൻ കാരണമായി.
കയറ്റുമതി മുടങ്ങിയതിനാൽ നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്ന നാളികേരം അധികവും ആഭ്യന്തര വിപണിയിലേക്കാണെത്തുന്നത്. വേനലിൽ അനുഭവപ്പെട്ട അസാധാരണ ചൂടു മൂലം നാളികേരം പെട്ടെന്ന് വിളഞ്ഞതും കേരളത്തിൽ ഉത്പാദനം കൂടിയതും വിപണയിൽ വിലക്കുറവിന് കാരണമായി.
നാളികേര വില കുറഞ്ഞതോടെ വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കുമെല്ലാം വിലയിടിവുണ്ടായി. കൂടാതെ തമിഴ്നാട്ടിൽ കൊപ്രയുടെ വില കുറഞ്ഞതും കേരളത്തിലേക്കുള്ള നാളികേരത്തിന്റെ വരവ് കൂടാൻ കാരണമായിട്ടുണ്ടെന്ന് ആലപ്പുഴ മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു. ഈ വിലയിടിവ് കർഷകരെ നിരാശയിലാക്കുകയാണ്.
Agriculture
മണ്ണിൽ ചേർക്കുന്ന വളങ്ങളുടെ യഥാർഥ കഴിവ് സസ്യങ്ങൾക്ക് പ്രയോജനപ്പെടണമെങ്കിൽ അതു സസ്യങ്ങൾക്കു ചേർത്തുകൊടുക്കുന്ന രീതിയെ ആശ്രയിച്ചിരിക്കും.
റബർതോട്ടത്തിൽ സാധാരണയായി വളപ്രയോഗം ചെയ്യുന്നത് തെക്കുപടിഞ്ഞാറൻ കാലവർഷത്തിനുമുന്പും (ഏപ്രിൽ- മേയ് മാസങ്ങളിൽ), വടക്കുകിഴക്കൻ കാലവർഷത്തിനു തൊട്ടുമുന്പോ (ഓഗസ്റ്റ്- സെപ്റ്റംബർ മാസം)ആണ്.
മണ്ണിൽ വളം ചേർക്കുമ്പോ ൾ മണ്ണിൽ വേണ്ടത്ര ഈർപ്പം ഉണ്ടായിരിക്കണം. മഴയുള്ള സമയത്തോ മഴ വരാൻ സാധ്യതയുള്ളപ്പോഴോ മണ്ണിൽ വളം ചേർത്തു കൊടുക്കരുത്.
വളമിട്ടതിനുശേഷം ഏകദേശം എട്ടു മണിക്കൂർ നേരമെങ്കിലും മഴ പെയ്തിറങ്ങാതിരിക്കുന്നതാണു നല്ലത്.
രണ്ടു തരത്തിലാണ് റബർ തോട്ടത്തിൽ കർഷകർക്കു വളം ചെയ്യാൻ സാധിക്കുക.
1. തോട്ടത്തിൽ ആവശ്യമുള്ള വളം വിതറിയിട്ടു കൊടുക്കുന്ന രീതി. 2. മണ്ണിൽ ചെറു ഖണ്ഡങ്ങളിലായി വളം നിക്ഷേപിക്കുന്ന രീതി.
മണ്ണിൽ ആവശ്യമായ വളം നല്ലപോലെ കൂട്ടിച്ചേർത്തിട്ടാണ് മരങ്ങൾക്കു നൽകേണ്ടത്. അല്ലെങ്കിൽ ആവശ്യമുള്ള അളവ് സസ്യങ്ങൾക്കു ലഭിക്കുകയില്ല.
വിതറിയിടുന്ന രീതി അത്ര വിജയപ്രദമായിരിക്കുകയില്ല. യൂറിയപോലുള്ള വളങ്ങൾ മണ്ണിൽനിന്നു വെയിലേറ്റു നഷ്ടപ്പെട്ടുപോകാൻ സാധ്യതയുണ്ട്.
മാത്രമല്ല ഈ രീതി എല്ലാ മരത്തിനും ഒരേപോലെ അളവിൽ വളങ്ങൾ ലഭ്യമാകുന്നതിനു തടസമാവുകയും ചെയ്യും. രണ്ടാമത്തെ രീതിയാണ് കർഷകർക്ക് അനുയോജ്യമായ രീതി.
ചെറിയ മരങ്ങൾക്കു വളംചെയ്യുന്നത് അതിന്റെ ചുറ്റിലും വീതികൂടിവരുന്ന വലയങ്ങളിലായിട്ടാണ്. തൈ നട്ട് മൂന്നാംമാസം ആദ്യത്തെ വളപ്രയോഗം നടത്താം. ഒന്നാമത്തെ വർഷം തൈ ചുവട്ടിൽനിന്ന് ഏഴു സെന്റിമീറ്റർ മാറ്റി 30 സെ.മി. വീതിയുള്ള വലയങ്ങളിലാണ്.
രണ്ടാം വർഷം 30 സെന്റിമീറ്റർ ചുവട്ടിൽനിന്ന് മാറ്റി 45 സെന്റി മീറ്റർ വീതിയുള്ള വലയങ്ങളിൽ വളം ചേർത്തുകൊടുക്കേണ്ടതാണ്. 60 സെന്റിമീറ്റർ മുതൽ 90 സെന്റിമീറ്റർ വരെയുള്ള വൃത്തവലയങ്ങളിലാണ് വളം നിക്ഷേപിക്കേണ്ടത്.
അഞ്ചാം വർഷം മുതൽ ടാപ്പ് ചെയ്യുന്ന മരങ്ങൾ ഉൾപ്പെടെ ചെറുഖണ്ഡങ്ങളിലാണ് വളം നിക്ഷേപിക്കേണ്ടത്.
ചെരിവുള്ള തോട്ടങ്ങളിൽ രണ്ടു മരങ്ങൾക്കിടയിലുള്ള ചെറുഖണ്ഡങ്ങളിലും നിരപ്പുള്ള തോട്ടങ്ങളിൽ നാലു മരത്തിനിടയിലുള്ള ചെറുഖണ്ഡങ്ങളിലുമായാണ് വളം ചെയ്യേണ്ടത്.
വൃത്ത വലയങ്ങളിലോ ചെറുഖണ്ഡങ്ങളിലോ വളം ചേർത്ത് പണിയായുധംകൊണ്ട് മണ്ണുമായി വളം ഇളക്കിച്ചേർത്തു കൊടുക്കേണ്ടത് ആവശ്യമാണ്.
അല്ലെങ്കിൽ വളത്തിൽനിന്നും മണ്ണിൽനിന്നും പോഷകമൂലകങ്ങൾ ആവിയായി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
Agriculture
വയനാട്ടിലെ മലഞ്ചെരിവുകൾക്കിടയിൽ പച്ചപ്പിന്റെ പുതിയ രാഷ്ട്രീയം എഴുതുകയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത്. കാലാവസ്ഥാ വ്യതിയാനവും മണ്ണിന്റെ ക്ഷയവും രാസകൃഷിയുടെ ദോഷഫലങ്ങളും കാർഷിക മേഖലയെ വെല്ലുവിളിക്കുന്ന കാലത്ത്, "കാർബണ് തുലിത മീനങ്ങാടി’ എന്ന ആശയം ഗ്രാമത്തിന്റെ കൃഷി സംസ്കാരത്തെയും ജീവിത രീതികളെയും മാറ്റിമറിക്കുകയാണ്.
ഇന്ന് മീനങ്ങാടിയുടെ വീട്ടുമുറ്റങ്ങളിലും വയലുകളിലും പച്ചക്കറി തോട്ടങ്ങൾ നിറയുന്പോൾ, അതിനു പിന്നിൽ പ്രവർത്തിക്കുന്നത് ശാസ്ത്രീയ കൃഷിരീതികളും സമൂഹപങ്കാളിത്തവും ചേർന്നൊരു വലിയ പരീക്ഷണമാണ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന തണൽ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കാർബണ് ഉത്സർജനം കുറയ്ക്കുകയും അതേസമയം കാർബണ് ആഗിരണം വർധിപ്പിക്കുകയും ചെയ്ത് ഗ്രാമതലത്തിൽ പരിസ്ഥിതി സൗഹൃദ വികസനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം മുന്നോട്ട് പോകുന്നത്.
എന്നാൽ, പദ്ധതി പരിസ്ഥിതി സംരക്ഷണത്തിൽ മാത്രം ഒതുങ്ങിയില്ല; ഗ്രാമത്തിലെ കർഷകരുടെ ഉപജീവനത്തെയും ഭക്ഷ്യസുരക്ഷയെയും അത് ശക്തമായി സ്വാധീനിച്ചു.
"മണ്ണാരുക്കാം' വഴി മണ്ണിലേക്കൊരു മടങ്ങിവരവ്
കാർബണ് തുലിത പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ന്ധമണ്ണാരുക്കാം’ ഉപപദ്ധതിയാണ് പച്ചക്കറി കൃഷിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയത്. 24 മാസ്റ്റർ കർഷകരുടെ നേതൃത്വത്തിൽ ഗ്രാമത്തിലെ വിവിധ വാർഡുകളിലായി ജൈവകൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. 31 ക്ലസ്റ്ററുകളിലായി നൂറുകണക്കിന് കർഷകർ ഇതിനോടകം പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.
രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം കാരണം മണ്ണിന്റെ സ്വാഭാവിക ശേഷി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, ആദ്യം മണ്ണിനെ മനസിലാക്കുകയാണ് പദ്ധതി ചെയ്യുന്നത്. ഓരോ കൃഷിയിടങ്ങളിലും മണ്ണു സാന്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധന നടത്തുന്നു.
മണ്ണിൽ ഏതു ഘടകങ്ങളുടെ കുറവാണുള്ളത്, എന്ത് പോഷകങ്ങളാണ് ആവശ്യമായത് തുടങ്ങിയ വിവരങ്ങൾ കർഷകർക്ക് വ്യക്തമായി കൈമാറുന്നു. അതോടൊപ്പം ജൈവവളങ്ങൾ, ജീവാമൃതം, പഞ്ചഗവ്യം, ജൈവ കീടനാശിനികൾ എന്നിവ സ്വയം തയാറാക്കുന്നതിനുള്ള പരിശീലനവും നൽകുന്നു.
"വിപണിയിൽനിന്ന് വാങ്ങുന്ന വളം കുറയുന്പോൾ ചെലവും കുറയുന്നു’ എന്നതാണ് പല കർഷകരുടെയും അനുഭവം. മണ്ണിന്റെ ആരോഗ്യവും വിളവിന്റെ ഗുണമേ·യും ഒരുപോലെ ഉയരുന്നതായും അവർ പറയുന്നു.
വീട്ടുവളപ്പുകളിൽനിന്ന് വിപണിയിലേക്ക്
ഒരുകാലത്ത് വീട്ടുപയോഗത്തിനായി മാത്രം പരിമിതമായിരുന്ന പച്ചക്കറി കൃഷി ഇന്ന് മീനങ്ങാടിയിൽ വരുമാന മാർഗമായി മാറുകയാണ്. തക്കാളി, പയർ, വെണ്ട, മുളക്, വഴുതന, കാബേജ്, കോളിഫ്ളവർ തുടങ്ങിയ വിവിധ ഇനങ്ങൾ കർഷകർ കൃഷി ചെയ്യുന്നു. മഴയേയും കാലാവസ്ഥാ വ്യതിയാനങ്ങളേയും ചെറുക്കാൻ അനുയോജ്യമായ രീതികളും പരിശീലിപ്പിക്കുന്നു.
ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾക്ക് വിപണിയിൽ ലഭിക്കുന്ന സ്വീകാര്യതയാണ് കർഷകർക്ക് ആത്മവിശ്വാസം നൽകുന്നത്. ആരോഗ്യകരമായ ഭക്ഷണത്തിനായി ഉപഭോക്താക്കൾ കൂടുതൽ ശ്രദ്ധ പുലർത്തുന്ന സാഹചര്യത്തിൽ രാസവസ്തുക്കൾ ഒഴിവാക്കിയ ഉത്പന്നങ്ങൾക്ക് നല്ല വിലയും സ്ഥിരമായ ആവശ്യകതയും ലഭിക്കുന്നു.
ഇതോടെ "സ്വന്തം ആവശ്യത്തിനുള്ള കൃഷി’ എന്ന ചിന്തയിൽനിന്ന് "ആരോഗ്യകരമായ ഉത്പാദനത്തിലൂടെ വരുമാനം’ എന്ന പുതിയ കാഴ്ചപ്പാടിലേക്ക് കർഷകർ മാറിയിരിക്കുകയാണ്.
Agriculture
വന്യമൃഗങ്ങളുടെ ആക്രമണമില്ലാതെ അവയുടെ ഭീകരശബ്ദമില്ലാതെ സമാധാനത്തിലൊരു കാടുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടുണ്ടാകും. എന്നാൽ, അങ്ങനെയൊരു വനം കോന്നി എലിയറയ്ക്കൽ കല്ലേലി റൂട്ടിൽ പത്തേക്കർപടിയിലുണ്ട്, ന്ധഹരിതഗിരി ജീവനം തപോവനം’.
തന്റെ ഏഴ് ഏക്കർ സ്ഥലത്തു ഓക്സിജൻ ഏറ്റവും കൂടുതൽ പ്രദാനം ചെയ്യുന്ന വൃക്ഷത്തൈകൾ നട്ടു പരിപാലിച്ചുപോരുകയാണ് ജി എന്ന് അറിയപ്പെടുന്ന വേഗവരക്കാരൻ അഡ്വ. എസ്. ജിതേഷ്.
തപോവന ആശയത്തിനു പിന്നിൽ...
പരിമിതികൾക്കു വിലക്ക് കൽപ്പിക്കാതെ വിശാലമായി തുറന്നിട്ടിരിക്കുന്ന ലോകം മനുഷ്യനു മാത്രമല്ല അവകാശപ്പെട്ടത്. മണിക്കൂറുകളുടെ ആയുസോടെ പുത്തൻ മഴയിൽ വിരിയുന്ന കുമിളുകൾക്കും പച്ചത്തുള്ളൻമാർക്കും ആന മുതൽ ഉറുന്പുകൾവരെ എല്ലാവരും ഈ ഭൂമിയുടെ അവകാശികളാണെന്ന ബോധ്യത്തിലാണ് നാട്ടിലൊരു കാടെന്ന തിരിച്ചറിവിലേക്ക് ജിതേഷ് ജി എത്തിയത്.
ഈ വലിയ ലോകത്തെ ചെറിയ മനുഷ്യരായ നമ്മൾ സഹജീവികളെ സ്നേഹിക്കണമെന്ന ചിന്തയാണ് ജിതേഷ്ജിക്ക് പ്രകൃതി തേടിയിറങ്ങാനുള്ള മൂലഹേതു. ഭൂമിയിൽ താൻ ജീവിക്കുന്ന കാലമത്രയും അതു മറ്റുള്ള ആളുകൾക്കുകൂടി ഉപകാരപ്പെടണമെന്ന ചിന്തയിലാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിച്ചത്.
അരയാൽ, പേരാൽ, വ്യത്യസ്ത മുളയിനങ്ങൾ എന്നിവയാൽ നിബിഡമായ വനത്തിൻറെ പേര് ന്ധഹരിതഗിരി ജീവനം തപോവന’മെന്നാണ്. ഈ ആശയത്തിനു പിന്നിലുമൊരു കൗതുകമുണ്ട്. ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ അക്കീര മിയാവാക്കിയുടെ "മിയാവാക്കി വനമാതൃക’യാണ് "ഹരിതഗിരി ജീവനം തപോവനം’ എന്ന ആശയത്തിനു പ്രചോദനം.
ഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലം
പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇക്കോസോഫിസെന്ററാണ് ന്ധഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലം. ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ ഇക്കോ പ്രോജക്റ്റുകളിലൊന്നാണു ഹരിതഗിരി "ജീവനം തപോവനം’ എന്ന സ്വകാര്യ തപോവനം.
പാരിസ്ഥിതിക തത്വചിന്തകൾ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മണ്ണ് മര്യാദ ഗുരുകുലം നിലകൊള്ളുന്നത്. മണ്ണുമര്യാദയും വനവിജ്ഞാനവും ജലസാക്ഷരതയും സഹസൃഷ്ടിഭാവനയും സഹ ജീവികളോടുള്ള സ്നേഹവും പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലം ആരംഭിച്ചത്.
ഗവേഷണത്തിന്റെ ഭാഗമായും സന്ദർശനത്തിനുമൊക്കെയായി ദിവസേന ധാരാളം ആളുകൾ അവിടേക്ക് എത്തുന്നുണ്ട്. ജീവിത്തിൽ ഒരിക്കലെങ്കിലും എല്ലാവരും ഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലം സന്ദർശിക്കണമെന്ന് ജിതേഷ് ജി പറയുന്നു.
ഇലക്ട്രോണിക് ഗാഡ്ജെറ്റുകളുടെ നവലോകത്ത് ജീവിക്കുന്ന പുതിയ തലമുറയിൽപ്പെട്ട കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയുന്നതിനും ആവാസ വ്യവസ്ഥയെക്കുറിച്ച് മനസിലാക്കുന്നതിനുമൊക്കെ ഇതിലൂടെ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
Agriculture
സ്വന്തം പരീക്ഷണങ്ങളും ശാസ്ത്രീയ പരിപാലനവുംകൊണ്ടു മൂന്നര ഏക്കറിലെ കുരുമുളക് കൃഷിയിൽനിന്ന് നേട്ടം കൊയ്തു താരമാകയുമാണ് ജോണിച്ചേട്ടൻ. കോട്ടയം നീഴൂർ വിലങ്ങുപാറയിൽ വി.ഡി. ജോണി ഏഴു വർഷത്തോളമായി കുരുമുളക് കൃഷിയിൽ സജീവമാണ്.
ആദ്യം റബർ കൃഷിയാണ് ചെയ്തിരുന്നതെങ്കിലും റബറിനു വില കുറഞ്ഞത് തിരിച്ചടിയായി. പരിപാലന ചെലവിനനുസരിച്ച് ലാഭം കിട്ടാതെ വന്നതും കുരുമുളകിനു വിലയുള്ളതും കുരുമുളകു കൃഷിയിലേക്കു തിരിയാൻ കാരണമായി.
അങ്ങനെ റബർ വെട്ടിമാറ്റി പുരയിടത്തിനോടു ചേർന്നുള്ള അഞ്ചേക്കറിൽ മൂന്നര ഏക്കർ സ്ഥലത്തു കുരുമുളക് കൃഷിയും ഒന്നര ഏക്കറിൽ തെങ്ങു കൃഷിയും വ്യാപിപ്പിച്ചു.
കുറഞ്ഞ ചെലവിലൂടെയും നൂതന ആശയങ്ങളിലൂടെയും കുരുമുളകിനെ ലാഭമാക്കി മാറ്റിയ ജോണിച്ചേട്ടന്റെ കൃഷിവിദ്യ പുതിയ കർഷകർക്ക് ഒരു മാതൃകയാണ്.
മികച്ചത് കുതിരവാലി
മൂന്നര ഏക്കറിൽ കുതിരവാലി, കരിമുണ്ട, കാണിക്കാടൻ എന്നിവയാണ് പരിപാലിച്ചുവരുന്നത്. പുതിയ ഇനങ്ങളിൽ പന്നിയൂർ-5, മഞ്ഞമുണ്ടി, ചോലമുണ്ടി എന്നിവയും നട്ടിട്ടുണ്ട്. ഏറ്റവും ഉത്പാദന ക്ഷമതയുള്ളതും നല്ലതും കുതിരവാലിയാണ്. കോട്ടയത്തെ കാലാവസ്ഥക്ക് ഇവ വളരെ അനുയോജ്യമാണ്.
വളർച്ചയുള്ള തിരികളാണ് കുതിരവാലിയുടേത്. പറിക്കാനും എളുപ്പമാണ്. മറ്റൊന്ന് കാണിക്കാടൻ ആണ്. നല്ല കൊടിയാണെങ്കിലും എല്ലാ സമയവും വേണ്ടപോലെ കായിക്കാറില്ല. കരിമുണ്ടയെക്കുറിച്ച് പറഞ്ഞാൽ എല്ലാ സീസണിലും ഉണ്ടാകും, പക്ഷെ അതൊരു പോരായ്മയാണ്.
ഗുണമേ·യില്ലാത്ത കായ്കളാണ് പലപ്പോഴും കിട്ടുന്നത്. അതുകൊണ്ട് പ്രയോജനമില്ല. പറിക്കാൻ ചെന്നാലും തിരിയിൽ കായ്കൾ നിറച്ചു കാണണമെന്നില്ല.
ഏതൊരു വിളയ്ക്കും നടീൽകാലം പ്രധാനമാണ്. കുരുമുളകിനെ സംബന്ധിച്ചു വർഷത്തിൽ ഏതു സമയവും അനുയോജ്യമാണ്. എങ്കിലും മഴ കൂടുതൽ ലഭ്യമാകുന്ന ജൂണ്, ജൂലൈ മാസങ്ങളിലാണ് തൈകൾ നടാറുള്ളത്.
മണ്ണിൽ ഈർപ്പമുള്ള സമയമായതിനാൽ തൈകൾ കൂടുതൽ കാര്യക്ഷമതയോടെ വളരും. ജലസേചനവും എളുപ്പമാണ്. പുതിയ തൈകൾ നടുന്പോൾ കുഴിയിലെ മണ്ണിൽ ചാണകപ്പൊടിയോ, വേപ്പിൻപിണ്ണാക്കോ നന്നായി മിക്സ് ചെയ്തിട്ടുവേണം തൈകൾ നടാൻ.
മണ്ണിലെ അമ്ലത്വം നിയന്ത്രിക്കാൻ കുമ്മായമോ ഡോളോമൈറ്റോ ഇടയ്ക്കിടക്ക് ഇട്ടുകൊടുക്കണം. ചൂടു കൂടിയ സമയങ്ങളിൽ തൈകൾ നട്ടാൽ വളർത്തിയെടുക്കാൻ അല്പം പ്രയാസമാണ്.
താങ്ങു മഹാഗണിയും പയ്യാനിയും
താങ്ങുകളുടെ തെരഞ്ഞെടുപ്പ് പ്രധാനമാണ്. മഹാഗണിയും പയ്യാനിയുമാണ് കുരുമുളക് വള്ളികളുടെ വളർച്ചക്ക് നല്ലത്. മഹാഗണിയുടെ തടിക്ക് കേടുവരാറില്ല. കുരുമുളകിന് അതിവേഗം പിടിച്ചു വളരാൻ എളുപ്പം മഹാഗണിയാണ്.
കുരുമുളക് നടുന്നതിനു മുൻപ് തന്നെ മഹാഗണി നട്ടു പാകമാക്കി എടുക്കാറുണ്ട്. എല്ലാ ജൂണ് മാസത്തിനും മുന്നോടിയായി ഇവയുടെ കന്പിറക്കാറുണ്ട്. മഹാഗണി കഴിഞ്ഞാൽ പിന്നെ പയ്യാനിയാണ് താങ്ങായി ഉപയോഗിക്കുന്നത്.
കേടുവന്നാലും ഇവയുടെ തടി മുറിച്ചുകളയാൻ കഴിയും. മുൻപ് പൊങ്ങല്യവും താങ്ങായി ഉപയോഗിച്ചിരുന്നു. എന്നാൽ പുഴു ശല്യം ഉള്ളതുകൊണ്ട് തടിക്കു കേടുവരാറുണ്ട്. വിളയെ ബാധിക്കുന്നതുകൊണ്ട് ഇപ്പോൾ ഉപയോഗിക്കാറില്ല.
പരിപാലനവും വളപ്രയോഗവും
മറ്റു വിളകളെ പോലെ കുരുമുളക് ചെടിക്ക് ശരിയായ പരിപാലനവും വളപ്രയോഗവും ആവശ്യമാണ്. ഇതിൽ ഒന്നാമതായി ചെയ്യേണ്ടത് കൊടി (കുരുമുളക് ചെടി) വളരുന്പോൾ താങ്ങുമരത്തിന്റെ ഷെയ്ഡ് ഇറക്കികൊടുക്കണം.
വളർന്നു പന്തലിച്ചു തുടങ്ങിയാൽ വളർച്ച മന്ദഗതിയിലാകും. മാത്രമല്ല മറ്റു കൊടികൾ കൊഴിഞ്ഞുപോകാനും അവയ്ക്ക് കേടുവരാനും സാധ്യതയുണ്ട്. ഷെയ്ഡ് ഇറക്കാൻ പ്രത്യേക സമയമില്ല, വളർന്നു പടർന്നുകഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും മുറിച്ചുമാറ്റാം.
കുരുമുളക് ചെടിയുടെ പരിപാലനത്തിനായി ജൈവവളവും രാസവളവും സന്തുലിതമായി ഉപയോഗിക്കുകയാണ് പതിവ്. ജൈവവളമായി ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും കോഴിവളവുമാണ് ഉപയോഗിക്കുന്നത്. മുൻതൂക്കം ചാണകപ്പൊടിക്കാണ്.
രാസവളമായി 16:16 ചജഗ, 10:26 എന്നിവയാണ് ഉപയോഗിക്കുന്നത്. വർഷത്തിൽ രണ്ടുതവണമാത്രമാണ് രാസവളപ്രയോഗം നടത്തുന്നത്. 16:16 ചജഗ മേയ്മാസത്തിലും 10:26 നവംബർ മാസത്തിലുമാണ് പ്രയോഗിക്കുന്നത്.
വളർന്നുവരുന്ന കൊടികളിൽ കേടുവരാൻ സാധ്യതകളേറെയാണ്. മഞ്ഞളിപ്പും കാലാപുഴുവുമാണ് കൂടുതലായും കണ്ടുവരുന്ന രോഗബാധ. ഇവയെ പ്രതിരോധിക്കാൻ തിപ്പിലയിൽ ഗ്രാഫ്റ്റിംഗ് നടത്താറുണ്ട്.
തിപ്പിലയ്ക്ക് പൊതുവെ രോഗപ്രതിരോധ ശേഷി കൂടുതലായതിനാൽ കൊടിതൈകൾ ശക്തമായി തഴച്ചുവളരും. വളപ്രയോഗത്തിലൂടെ പരിധിവരെ രോഗബാധ തടയപ്പെടാറുണ്ട്.
Agriculture
കാട്ടുപന്നിയുടെ ആക്രമമാണ് ഗ്രോ ബാഗ് പച്ചക്കറി കൃഷിയിലേക്ക് തിരിയാൻ കണ്ണൂർ, കാടച്ചിറ സ്വദേശി സുരേഷ് ബാബുവിനെയും കുടുംബത്തെയും പ്രേരിപ്പിച്ചത്. നേരത്തെ നിലത്ത് കൃഷി ചെയ്തിരുന്നുപ്പോൾ, കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു.
ഗ്രോ ബാഗിൽ കൃഷി ചെയ്താൽ, വന്യജീവി ആക്രമണം കുറവാണെന്ന അറിവിനെത്തുടർന്ന് അതു പരീക്ഷിച്ചാലോ എന്നാലോചിച്ചു. ആദ്യം പറന്പിലും പിന്നീട്, വീടിന്റെ ടെറസിലുമായി ഗ്രോബാഗ് കൃഷി വ്യാപിപ്പിച്ചു.
ഏകദേശം അഞ്ചു വർഷത്തോളമായി ടെറസിലെ ഗ്രോ ബാഗിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. മികച്ച വിളവാണ് ലഭിക്കുന്നത്.
മണ്ണ് പരിശോധിക്കും
ഗ്രോ ബാഗുകളിൽ പച്ചക്കറി നടുന്നതിനായി ആദ്യമായി ബാഗുകളിൽ മണ്ണു നിറയ്ക്കും. ഗ്രോ ബാഗുകളിൽ നിറയ്ക്കാനുള്ള മണ്ണ് എടുക്കുന്ന സ്ഥലത്തെ മണ്ണ് ആദ്യം പരിശോധനയ്ക്കായി അയയ്ക്കും. പോഷകമൂലകങ്ങളുടെ കുറവ്, കൂടുതൽ, മാധ്യമം എന്നിവ മനസിലാക്കാൻ ഇതിലൂടെ സാധിക്കും.
അതിന്റെ അടിസ്ഥാനത്തിലല്ല വളപ്രയോഗം ചെയ്തതെങ്കിലും ആവശ്യമുള്ള അളവിലുള്ള വളം മാത്രമേ ചേർത്തിരുന്നുള്ളു. ഗ്രോ ബാഗ് തയാറാക്കുന്നതിന്റെ ആദ്യപടിയായി കരിയിലയോടൊപ്പം മേൽമണ്ണ് മാത്രം നിറയ്ക്കും.
ചാണകം മണ്ണുമായി ചേർത്തിളക്കി മണ്ണ് വളക്കൂറുള്ളതാക്കി മാറ്റുന്നു. ചാണകം ഇടുന്നതിനുമുൻപായി കുറച്ച് കുമ്മായം ഓരോ ബാഗിലും ചേർത്തിളക്കും. എല്ലുപൊടിയും ചേർത്ത് ബാഗിലെ മണ്ണിനെ പച്ചക്കറി നടാൻ പാകത്തിലാക്കുന്നു.
ചാണകത്തിനോടൊപ്പം ചില സമയങ്ങളിൽ ട്രൈക്കോഡെർമയും ചേർക്കാറുണ്ട്. ഇത് ജീവാണുവളമാണ്. നടുന്നതിനായി പച്ചക്കറി തൈകൾ കൃഷിഭവനിൽനിന്നു ലഭിക്കാറുണ്ട്. ചിലപ്പോൾ വിത്തുകൾ പുറത്തുനിന്നു വാങ്ങിച്ചു വിതയ്ക്കും.
ശീതകാല കൃഷിയും വേനൽക്കാല കൃഷിയും ചെയ്യാറുണ്ട്. ചെറിയ തോട്ടമായതിനാൽ കൂടുതൽ വിഷമം ഉണ്ടാകാറില്ലെങ്കിലും വെള്ളത്തിനു വേനൽക്കാലങ്ങളിൽ ദൗർലഭ്യം നേരിടുന്നതിനാൽ വേനൽക്കാല കൃഷി വിചാരിച്ചത്ര വിജയിക്കാറില്ല.
ജീവാണുവും സൂക്ഷ്മമൂലകവും
പച്ചക്കറികൾ നടുന്നതിനു മുമ്പായി കുഴികളിൽ വാം എന്ന ജീവാണു വളം അഞ്ചു ഗ്രാം ഓരോ കുഴിയിലും ചേർക്കും. വേരുകളിൽ പടർന്നു പിടിച്ചു വളരുന്ന മിത്രകുമിളാണ് വിഎഎം. ഇതു വേരുകൾ ശക്തമാക്കാനാനും വളർച്ച ത്വരിതപ്പെടുത്താനും സഹായിച്ചിട്ടുണ്ട്.
ഇതു മണ്ണിൽ ഫോസ്ഫറസിന്റെ അളവു കൂട്ടുന്നതിനാൽ കുറച്ചു മാത്രം എല്ലുപൊടി ചേർത്താൽ മതിയാകും. വാം ചേർത്തതിനുശേഷം പച്ചക്കറി തൈകൾ പറിച്ച് ഈ കുഴികളിലേക്കു നടുകയാണു ചെയ്യുന്നത്.
പച്ചക്കറി തൈകൾ വളർന്ന് ഒരാഴ്ചയായാൽ അല്ലെങ്കിൽ നാല് ഇലകൾ വന്നാൽ അഞ്ചു ഗ്രാം അയർ എന്ന സൂക്ഷ്മ മൂലകം ഓരോ ചെടിക്കും ചേർത്തുകൊടുക്കാറുണ്ട്. ഇതു കഴിഞ്ഞ് രണ്ടാഴ്ചയാകുന്പോൾ ആദ്യ വളപ്രയോഗം നടത്തുന്നു.
കന്പോസ്റ്റ്, ചാണകം എന്നിവയോടൊപ്പം സ്യൂഡോമോണസും മിതമായ അളവിൽ ചേർക്കാറുണ്ട്. പിന്നീടു പല തവണകളിലായി ചാണക മിശ്രിതം ഒഴിച്ചുകൊടുക്കുന്നു. സാധാരണയായി ശീതകാല കൃഷിയിൽ തക്കാളി, പച്ചമുളക്, കാബേജ് എന്നിവ നടാറുണ്ട്.
വേനൽക്കാല കൃഷിയിൽ വെള്ളരി, പയർ, പോട്ടിക്ക എന്നിവയും നടുന്നു. തികച്ചും ജൈവികമായ പച്ചക്കറി കുറച്ചു ദിവസമെങ്കിലും കഴിക്കാനും കാണാനും സാധിക്കുമല്ലോ എന്നു കരുതിയാണ് കൃഷിക്കിറങ്ങിയത്.
കൃഷി ഭവനിൽനിന്ന് ഇടയ്ക്കു കൃഷി ഓഫീസർ ഗ്രോ ബാഗ് കൃഷിയായിട്ടുപോലും ഇവിടെ സന്ദർശിക്കുകയും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. കണ്ണൂർ ജില്ലയിലെ കടന്പൂർ കൃഷിഭവന്റെ പരിധിയിലാണ് ഈ പ്രദേശം.
ഫോണ്: 8547421587
Agriculture
വൈദികവൃത്തിയുടെ വിശുദ്ധിക്കൊപ്പം ശുദ്ധമായ കൃഷിയുടെ സന്ദേശവും ജനങ്ങളിലേക്ക് പകരുകയാണ് ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭയുടെ കൊല്ലം തില്ലേരി സെന്റ് ആന്റണീസ് ആശ്രമത്തിലൂടെ. വിശുദ്ധ ഫ്രാൻസിസിനെപോലെ ലാളിത്വവും സാഹോദര്യവും പ്രാർഥനയും പ്രകൃതിയോടു ചേർന്നുള്ള ജീവിതവുമാണ് ആശ്രമത്തിൽനിന്നും ഒഴുകുന്നത്.
പച്ചപ്പ് നിറഞ്ഞ പ്രകൃതിയും ചെടികളും മൃഗങ്ങളും പക്ഷികളും ആശ്രമത്തിനൊരു ചൈതന്യമാണ് പകരുന്നത്. ആറ് ഏക്കർ വരുന്ന കൃഷിയിടത്തിൽ നിറഞ്ഞുനിൽക്കുന്ന പച്ചപ്പ് കണ്ണിനു കുളിരു പകരുന്നു.
ഇവിടെയാണ് പശുഫാം സ്ഥിതി ചെയ്യുന്നത്. എച്ച്എഫ്, ജേഴ്സി, എച്ച്എഫ് ക്രോസ് ഇനത്തിൽപ്പെട്ട 20 പശുക്കളും രണ്ട് എരുമകളും ആറോളം പശുക്കിടാങ്ങളും ഫാമിനൊരു ജീവനാണ് നൽകുന്നത്.
പശുഫാമിന്റെ പരിപാലകനായ ഫാ. അൽഫോൻസ് ലൂഷ്യസിനെ കാണുന്പോൾ ആ പശുക്കിടാങ്ങളുടെ സന്തോഷപ്രകടനം കാണേണ്ടതുതന്നെ. സാധാരണനിലയിൽ പശുഫാമിലേക്ക് അച്ചനെത്തുന്നതു ളോഹയിലല്ല.
എന്നും കാണുന്ന വേഷത്തിലെത്തിയാൽ പിന്നെ ശരീരത്തിലേക്ക് പാഞ്ഞുകയറിയുള്ള സ്നേഹപ്രകടനമാണ്. 21 അടി ഉയരത്തിലും 60 അടിനീളത്തിലും 45 അടി വീതിയിലുമുള്ള മനോഹരമായ പശുഫാമാണ് ഈ തോട്ടത്തിലെ മറ്റൊരു ആകർഷണം.
കാറ്റും വെളിച്ചവും കയറുന്ന ഫാം. പശുക്കൾക്കായി ഫാനും ഒരുക്കിയിട്ടുണ്ട്. കോണ്ക്രീറ്റ് തറകളും കന്നുകാലികളുടെ കാലിനു പ്രശ്നം ഉണ്ടാകാതെയിരിക്കാൻ റബർമാറ്റും കുടിക്കാൻ വെള്ളവും ഒരുക്കിയിട്ടുണ്ട്.
കുളിപ്പിക്കാൻ ഇഷ്ടംപോലെ വെളളം. വൃത്തിയും വെടിപ്പുമാണ് ഫാമിന്റെ പ്രത്യേകത. നിലവിൽ 12 പശുക്കളെ കറക്കുന്നുണ്ട്. 35 ലിറ്റർ പാലു നൽകുന്ന പശുക്കൾ വരെയുണ്ട്. രണ്ട് എരുമകളെയും കറക്കുന്നു.
വെളുപ്പിനെ അഞ്ചിനും ഉച്ചക്ക് രണ്ടിനുമാണ് യന്ത്രമുപയോഗിച്ചു കറക്കുന്നത്. ഇവയുടെ പരിപാലനത്തിനായി തൊഴിലാളികളുണ്ട്. ദിവസവും 150 ലിറ്റർ പാൽ ലഭിക്കുന്നുണ്ട്. ആവശ്യത്തിന് എടുത്തശേഷം കവറിലാക്കി പുറത്തു നാട്ടുകാർക്കു കൊടുക്കുന്നുണ്ട്.
Agriculture
തിരക്കിട്ട കോർപ്പറേറ്റ് ജീവിതത്തിന്റെ ചുഴിയിൽപ്പെട്ട് നെടുവീർപ്പിടുന്ന യുവജനങ്ങളോട് നല്ല നാടൻ വിജയത്തിന്റെ കഥ പങ്കുവയ്ക്കുകയാണ് കോട്ടയംകാരനായ അജീഷ്. ഏസിയുടെ തണുപ്പിൽ ടൈയും കോട്ടുമിട്ട് വൈറ്റ് കോളർ ജോലി സ്വപ്നം കാണുന്ന എല്ലാവരോടും അജീഷിനു പറയാനുള്ളതും സ്വസ്ഥതയാണ് മുഖ്യം എന്നാണ്.
ഉയർന്ന സാലറിയും വൻ പദവിയും ഉപേക്ഷിച്ചാണ് തോട്ടയ്ക്കാട് പരിയാരം പാക്കത്ത് പടിഞ്ഞാറേതിൽ എൻ. അജീഷ് കുമാർ ക്ഷീരകർഷകനാകാൻ നിശ്ചയിച്ചത്. ലോകത്തിലെ എല്ലാ സുഖസൗകര്യങ്ങളും നേടാൻ പ്രാപ്തിയുള്ള ജോലി ഇട്ടെറിയുന്പോൾ അജീഷിന് മുന്നിലേക്കെത്തിയത് ക്ഷീരമേഖലയിൽ നാടൻ പശുക്കളുടെ സംരക്ഷകനും സംരംഭകനുമാകുക എന്ന നിയോഗമായിരുന്നു.
കോർപ്പറേറ്റ് മേഖലയിലെ ജോലി ചെയ്താൽ മാത്രമേ ജീവിക്കാനാകൂ എന്ന ചിന്തയാണ് ഇന്നു പല യുവാക്കൾക്കുമുള്ളത്. അതൊന്നും ഇല്ലെങ്കിലും പശുവിനെ വളർത്തിയാലും വരുമാനവും ജീവിതവും കെട്ടിപ്പടുക്കാനാകുമെന്നും അജീഷ് പറയുന്നു. വസുധ ഫാംസ് ആൻഡ് ഡയറി പ്രോഡക്ടസ് എന്നാണ് അജീഷിന്റെ പുതിയ ലോകത്തിനു പേരിട്ടിരിക്കുന്നത്.
നാലു വർഷം മുൻപായിരുന്ന അത് നടന്നത്... ജോലി ഉപേക്ഷിച്ച് പശുവളർത്തലിലേക്ക് ഇറങ്ങിയതിനെക്കുറിച്ച് അജീഷ് പറയുന്നു. ന്ധന്ധകോർപ്പറേറ്റ് മേഖലയിലെ സമാധാനക്കേടും സ്വസ്ഥതയില്ലാത്ത ജീവിതാന്തരീക്ഷവുമാണ് എന്നെ മാറ്റി ചിന്തിപ്പിച്ചത്.
മായം കലരാത്ത പാലും പാൽ ഉത്പന്നങ്ങളും നാട്ടുകാർക്ക് എത്തിക്കുക എന്ന ലക്ഷ്യവും അതിനോടൊപ്പമുണ്ടായിരുന്നു, ക്ഷീര കർഷകനാകുക എന്ന തീരുമാനമങ്ങനെയാണ് എടുക്കുന്നത്. 20 സെന്റിലാണ് ഫാം പ്രവർത്തിക്കുന്നത്. മൂന്നു തൊഴുത്തുകളുണ്ട്. സഹോദരീഭർത്താവിനൊപ്പമാണ് ഈ മേഖലയിലേക്ക് എത്തുന്നത്.’’
നാടൻ പശുക്കളായതിനാൽ വലിയ ചെലവ് ഇല്ല എന്ന കാരണമാണ് അവയെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. വെച്ചൂർ, കാസർകോട് കുള്ളൻ, ചെറുവള്ളി തുടങ്ങിയ ഇനങ്ങളാണ് ഫാമിൽ പ്രധാനമായുള്ളത്.
20 പശുക്കളുള്ളതിൽ മൂന്നു വെച്ചൂർ പശുക്കളും അഞ്ചു കാസർകോട് കുള്ളൻമാരും ഒരു ചെറുവള്ളിയും ഒരു ഗീർ പശുവുമാണുള്ളത്. കാസർകോട് കുള്ളന്റെ വംശവർധന നടത്തുന്നതിന് ഒരു മേറ്റിംഗ് ബുള്ളും അജീഷിന്റെ ഫാമിലുണ്ട്.
പശുക്കൾക്ക് പുറമേ പാലുത്പന്നങ്ങളും വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് അജീഷ്. ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ ജീവാമൃതം, ബയോഗ്യാസ് സ്ലറി, വെർമി കന്പോസ്റ്, ചാണകപ്പൊടി എന്നിവയും വരുമാനസ്രോതസുകളാണ്.
നാടൻ കോഴികളും പച്ചക്കറി, വാഴ, കപ്പ, കാച്ചിൽ, ചേന, ചേന്പ് ഇഞ്ചി, മഞ്ഞൾ എന്നിവയും മഞ്ഞൾപ്പൊടി പോലുള്ള മുല്യവർധിത ഉത്പന്നങ്ങളും അജീഷിന്റെ പക്കലുണ്ട്. നാടൻ കന്നുകുട്ടികളെ ആവശ്യമുള്ളവർക്ക് വില്പനയും നടത്തുന്നുണ്ട്.
അജീഷ് കോർപ്പറേറ്റ് ജോലി വിട്ടപ്പോൾ മുതൽ എല്ലാ പിന്തുണയുമായും കുടുംബവുമൊപ്പമുണ്ട്. ഫാമിലെ കാര്യങ്ങളിൽ സഹായിക്കുന്നതിൽ പ്രധാനികളും ഇവരാണ്. ഭാര്യ: ശ്രീവിദ്യ (ബാങ്ക് ജീവനക്കാരി). ദേവദർശ, ദർശിത്, ദക്ഷിത് എന്നിവരാണ് മക്കൾ.
District News
സുല്ത്താന് ബത്തേരി: വന്യമൃഗശല്യം പതിവായ പ്രദേശത്ത് പച്ചക്കറിക്കൃഷി വിജയകരമായി നടത്തി ശ്രദ്ധേയനാകുകയാണ് ഗോത്ര യുവാവ് കനകരാജ്. നൂല്പ്പുഴ പഞ്ചായത്തിലെ കാളിച്ചിറ ഉന്നതിയില് താമസിക്കുന്ന കനകരാജ് ജോലിത്തിരക്കുകള്ക്കിടയിലും കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കയാണ്.
അര ഏക്കര് ഭൂമിയില് ഒരുക്കിയ പച്ചക്കറിത്തോട്ടം നാട്ടുകാര്ക്കും കര്ഷകര്ക്കും പ്രചോദനമായി മാറി. കാളിച്ചിറയില് കൃഷി വെല്ലുവിളികള് നിറഞ്ഞതാണ്. ആന, മാന്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങള് ഏതുസമയത്തും കൃഷിയിടങ്ങളില് കടന്നുകയറുന്ന സാഹചര്യമാണിവിടെ. ഈ പ്രതിസന്ധിയെ അതിജീവിച്ചാണ് കനകരാജ് കൃഷിയിടം പരിപാലിക്കുന്നത്.
വീടിനോട് ചേര്ന്ന സ്ഥലത്ത് ഇടവിളയായാണ് അദ്ദേഹം പച്ചക്കറികള് കൃഷി ചെയ്യുന്നത്. പയര്, ബീന്സ്, കാബേജ്, ചീര, പച്ചമുളക്, പടവലം, വെള്ളരി, നേന്ത്രവാഴ തുടങ്ങിയ നിരവധി വിളകളാണ് കൃഷിയിടത്തിലുള്ളത്. ഓരോ സീസണിലും മികച്ച വിളവാണ് ലഭിക്കുന്നത്.
ദിവസേന ശരാശരി 30 കിലോഗ്രാം പയര് വരെ ഉത്പാദിപ്പിക്കാന് കഴിയുന്നുണ്ടെന്ന് കനകരാജ് പറയുന്നു. വെള്ളരി, ചീര തുടങ്ങിയ വിളകളും നല്ല തോതില് ലഭിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ വിപണികളിലാണ് ഉത്പന്നങ്ങള് വിറ്റഴിക്കുന്നത്. നാട്ടുകാര് കൃഷിയിടത്തിലെത്തിയും ഉത്പന്നങ്ങള് വാങ്ങുന്നുണ്ട്.
നൂല്പ്പുഴ പഞ്ചായത്തില് പ്രമോട്ടറായി ജോലി ചെയ്യുന്ന കനകരാജ് ജോലിക്ക് പോകുന്നതിനുമുമ്പ് കൃഷിയിടത്തിലെ കാര്യങ്ങള് പൂര്ത്തിയാക്കും. പുലര്ച്ചെ ആറോടെ കൃഷിയിടത്തിലെത്തുന്ന അദ്ദേഹം ജലസേചനം, കളനീക്കം, വളപ്രയോഗം തുടങ്ങിയ ജോലികള് നിര്വഹിച്ച ശേഷമാണ് ജോലിക്കിറങ്ങുന്നത്. വൈകുന്നേരങ്ങളിലും കൃഷിയിടത്തില് സമയം ചെലവഴിക്കും.
വന്യമൃഗപ്രതിരോധത്തിന് വിവിധ മാര്ഗങ്ങള് കനകരാജ് പരീക്ഷിക്കുന്നുണ്ട്. രാത്രി കൂടുതല് ജാഗ്രത പുലര്ത്തുകയും കൃഷിയിടം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. കഠിനാധ്വാനത്തിന്റെ ഫലമായ വിളകള് വന്യമൃഗങ്ങള് നശിപ്പിച്ച അനുഭവങ്ങളുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിയില്ല.
ഓരോ നഷ്ടവും പുതിയ പാഠമായി ഉള്ക്കൊണ്ടാണ് മുന്നോട്ടുള്ള യാത്ര. നാടന്കോഴി വളര്ത്തലും കനകരാജിന്റെ വരുമാന മാര്ഗങ്ങളിലൊന്നാണ്. കൃഷിയില്നിന്ന് ലഭിക്കുന്ന അവശിഷ്ടങ്ങളും പ്രകൃതിദത്ത വിഭവങ്ങളും ഉപയോഗപ്പെടുത്തിയാണ് കോഴിവളര്ത്തല്. ഇതിലൂടെ കുടുംബത്തിന് അധിക വരുമാനം ലഭിക്കന്നുണ്ട്. കൃഷിയില് ആഭിമുഖ്യമുണ്ടെങ്കില് ഏത് സാഹചര്യത്തിലും വിജയം നേടാമെന്ന് കനകരാജ് പറയുന്നു.
Agriculture
പരിസ്ഥിതി ദിനത്തില് മാത്രം വൃക്ഷത്തൈകൾ നടാതെ, അതു ജീവിതചര്യയാക്കിയ പ്രകൃതിസ്നേഹിയാണ് പ്രഫ. സി.പി. റോയി എന്ന "ട്രീ മാൻ'. ഗ്രീന് ലീഫ് എന്ന സംഘടനയിലൂടെ വൃക്ഷത്തൈകൾ നടാനാരംഭിച്ച സി.പി. റോയിയ്ക്ക് ഓരോ വൃക്ഷത്തെയും അടുത്തു ചെന്ന് പേര് ചൊല്ലി വിളിക്കാനാകുന്നത്ര ബന്ധമുണ്ട്.
നാളിതുവരെ നട്ടതാകട്ടെ, പത്തോ നൂറോ എണ്ണമല്ല, അമ്പതിനായിരത്തിലധികം! മണ്ണും മരവും ഉണ്ടെങ്കിലേ മനുഷ്യനുള്ളെന്ന് മനസിലാക്കിയ അദേഹം 1990 ലാണ് ഗ്രീന് ലീഫ് എന്ന സംഘടന സ്ഥാപിക്കുന്നത്. സംഘടനയുടെ പ്രവര്ത്തന ശൈലിയും തികച്ചും വ്യത്യസ്തമാണ്.
പൊതുസ്ഥലത്ത് ചെടി നട്ട് ആര്ക്കും ഗ്രീന് ലീഫില് അംഗത്വമെടുക്കാം, പക്ഷേ സ്വന്തമായി നടണമെന്നു മാത്രം. കട്ടപ്പന ഗവ. ട്രൈബല് സ്കൂളിലാണ് ഗ്രീന് ലീഫ് ആദ്യമായി ചെടി നട്ടത്. കോട്ടയം, ഇടുക്കി ജില്ലകളാണ് പ്രധാന പ്രവര്ത്തന മേഖല.
സ്കൂള് കാമ്പസുകളും റോഡിന്റെ വശങ്ങളിലുമാണ് പ്രധാനമായും തൈകള് നട്ടിരുന്നത്. പിന്നീട് 2005ല് ചങ്ങനാശേരി ബൈപ്പാസിലും 2006ല് ഏറ്റുമാനൂര് പാലാ റോഡിലും തൈകള് നട്ടു. ഇന്ന് ആ റോഡില് തണലായി പച്ചവിരിച്ചു നില്ക്കുന്ന മഴമരങ്ങളെല്ലാം പ്രഫ.സി.പി. റോയിയുടെ സംഭാവനയായിരുന്നു.
പ്ലാവ്, മാവ്, ബാംബു എന്നിങ്ങനെയെല്ലാവിധ തൈകളും നാളിതുവരെ നടാനായതിന്റെ ചാരിതാര്ഥ്യത്തിലാണ് അദേഹം. ചെടികളും മരങ്ങളുമായി 1990 കളില് ആരംഭിച്ച ബന്ധം ഇന്നും തുടരുകയാണ്. തൈകള് ആവശ്യമുള്ളവര്ക്ക് എത്തിച്ചു നല്കുന്നത് തികച്ചും സൗജന്യമായാണ്.
ആവശ്യത്തിനുള്ള തൈകൾ ഉത്പാദിക്കുന്ന ചുമതലയും അദേഹം തന്നെയാണ് ചെയ്യുന്നത്. ഇതിനായി വിത്തുകളെല്ലാം സംഭരിക്കുകയും അതിനെ മുളപ്പിച്ചെടുക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തുവരുന്നു.
വീടിനോടു ചേര്ന്നും റോഡിന്റെ സൈഡിലുമൊക്കെയായി വിത്തുകള് കുഴിച്ച് മുളപ്പിച്ചെടുക്കാറാണ് ചെയ്യുന്നത്. ഇപ്പോള് തന്നെ മൂവായിരത്തിലധികം മാവിന് തൈകളെ ഉത്പാദിപ്പിക്കുന്നതിനുള്ള അധ്വാനത്തിലാണ് അദേഹം.
പ്രായത്തിന്റെ അവശതകള് ഉണ്ടെങ്കിലും മണ്ണിനെയും മരത്തെയും വിട്ടൊരു ജീവിതം സി.പി. റോയിക്കില്ല. ഇന്നും മരങ്ങള് നട്ടും നട്ട മരങ്ങളെ സന്ദര്ശിച്ചും സംരക്ഷിച്ചും കരുതിയുമാണ് ജീവിതം.
തിരുനക്കര ടാക്സി സ്റ്റാന്ഡില് സ്റ്റാന്ഡ് അധികൃതരോടൊപ്പം നട്ട ഇരുന്നൂറു ചെടികളെ നോക്കാനും പരിപാലിക്കാനും ഇന്നും എല്ലാ ദിവസവും രാത്രി ഏഴിന് പതിവായി എത്താറുണ്ട്.
പരിസ്ഥിതി പ്രവര്ത്തകനെന്ന നിലയില് അവകാശപ്പോരാട്ടങ്ങളിലും കാമ്പയിനുകളിലും സജീവമാണ് സി.പി. റോയി.
Agriculture
വനപ്രദേശത്തോടു ചേർന്നും വനാതിർത്തിയിലുമൊക്കെ താമസിക്കാൻ വിധിക്കപ്പെട്ട കർഷകർ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് രൂക്ഷമായ വന്യമൃഗശല്യം. കാട്ടുപന്നി, കുരങ്ങ്, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം മൂലം വലിയ തോതിലുള്ള വിളനാശമാണ് കർഷകർ നേരിട്ടുകൊണ്ടിരിക്കുന്നത്.
വന്യജീവി സംരക്ഷണനിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് വന്യമൃഗങ്ങളെ നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ സഹചര്യത്തിൽ ആണ് സലാക്ക് പഴത്തിന്റെ കൃഷി കേരളത്തിൽ പ്രാധാന്യമർഹിക്കുന്നത്.
ഇന്തോനേഷ്യയിലെ ജാവ, സുമാത്ര തുടങ്ങിയ ദ്വീപുകളിൽ സുലഭമായി വളരുന്ന വിളയാണ് സലാക്ക്. ചുവന്ന തവിട്ടു നിറത്തിലുള്ള പാന്പിന്റെ ചർമ്മത്തോട് ഉപമിക്കുന്ന തൊലിയുള്ളതിനാൽ ഈ പഴത്തിന് പാന്പ് പഴം എന്നും വിളിപ്പേരുണ്ട്.
ഗുലാ പസീർ എന്ന പേരിൽ അറിയപ്പെടുന്ന ഒരിനമാണ് സലാക്ക് പഴങ്ങളിൽ മധുരം കൂടിയവ. തരി പഞ്ചസാര എന്നാണ് ഗുലാ പസീർ എന്ന വാക്കിന്റെ അർഥം. പെക്റ്റിൻ, പൊട്ടാസ്യം, ബീറ്റകരോട്ടിൻ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നതിനാൽ ഈ പഴത്തിന്റെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്.
Agriculture
സമീപകാലത്ത് ഏറെ പ്രചാരം നേടിയ ഉദ്യാനരീതിയാണ് വെർട്ടിക്കൽ ഗാർഡൻ അഥവാ ലംബോദ്യാനം. സ്ഥലപരിമിതിയുള്ള ഇടങ്ങളിൽ വീടുകളുടെ ചുവരുകളോടും മതിലുകളോടും ചേർന്ന് ചെടികൾ നട്ടുവളർത്തി പച്ചപ്പിന്റെയും ശുദ്ധവായുവിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുതകുന്നതാണ് ലംബോദ്യാനങ്ങൾ.
ചുവരുകൾ, മതിൽ, ബാൽക്കണി, ടെറസ്, മുറ്റം എന്നിവ കൂടാതെ അകത്തളങ്ങളിലും ഭംഗിയേറിയ വെർട്ടിക്കൽ ഗാർഡനുകൾ ഒരുക്കാം. അനുയോജ്യമായ ചെടികൾ തെരഞ്ഞെടുത്തു നടുന്നതിലൂടെ വീടിന് പച്ചപ്പ് നൽകാനും അന്തരീക്ഷം ശുദ്ധീകരിക്കാനും സാധിക്കും.
നഗരവത്കരണം സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള സൃഷ്ടിപരവും പരിസ്ഥിതി സൗഹൃദപരവുമായ പരിഹാരമാർഗമെന്ന നിലയിൽ ഇത് സമീപകാലത്ത് ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
പരിമിതമായ സ്ഥലത്തിന്റെ പരമാവധി ഉപയോഗം ഉറപ്പുവരുത്തുന്നതുവഴി ഇത് നഗരപരിസരങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്. വീടിനു ചുറ്റുമുള്ള അന്തരീക്ഷത്തിലെ കാർബണ് അളവ് കുറയ്ക്കുകയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
അന്തരീക്ഷത്തിലെ താപനില നിയന്ത്രിക്കുന്നതിനും വീടും പരിസരവും കുളിർമയുള്ളതാക്കാനും സഹായിക്കുന്നു. നഗരമധ്യത്തിലായാലും വീട്ടുപരിസരങ്ങളിൽ പക്ഷികൾക്കും ചിത്രശലഭങ്ങൾക്കും ഇടമൊരുക്കുന്നു. വീടിന്റെ ദൃശ്യഭംഗിയും കൂട്ടുന്നു.
പുതിയ കാലത്തെ ജീവിതസാഹചര്യങ്ങളിൽ ഇതെല്ലാം മനസിനും ശരീരത്തിനും ആശ്വാസം പകരുന്നു. ഭാരം കുറഞ്ഞ ചട്ടികളും മാധ്യമവുമാണ് ലംബോദ്യാനങ്ങൾക്ക് ഉപയോഗിക്കേണ്ടത്. ചെടികൾക്ക് കൃത്യമായ ജലസേചനവും വളപ്രയോഗവും നടത്തണം.
അനുയോജ്യമായ സ്ഥലം തെരഞ്ഞെടുത്ത് അവിടെ ഉറപ്പിക്കുന്ന ലോഹ ഫ്രെയിമിലാണ് ചട്ടികളോ പിവിസി പാളികളോ ഉറപ്പിക്കേണ്ടത്. ഇവയിൽ സൃഷ്ടിക്കുന്ന ചെറു പോക്കറ്റുകളിലാണ് തെരഞ്ഞെടുത്ത ചെടികളോ വിത്തുകളോ നടേണ്ടത്.
ജലസേചന സംവിധാനം കാര്യക്ഷമമാക്കാൻ സ്വയം പ്രവർത്തിക്കുന്ന ഡ്രിപ്പ് ഇറിഗേഷൻ രീതിയായിരിക്കും കൂടുതൽ നല്ലത്. അധിക ജലത്തിന്റെ പുനരുപയോഗത്തിന് ലംബോദ്യാനത്തിന്റെ അടിത്തട്ടിൽ ഒരു ശേഖരണ സംവിധാനം വയ്ക്കുന്നതും നല്ലതായിരിക്കും.
കീടരോഗബാധകൾ നിയന്ത്രിക്കുന്നതിന് പരിശോധനകൾ നടത്തണം. എങ്കിലും സാധാരണ കൃഷിരീതിയുമായി വച്ചുനോക്കുന്പോൾ ലംബോദ്യാനങ്ങൾക്ക് വളരെ കുറഞ്ഞ പരിചരണം മാത്രമേ ആവശ്യമായുള്ളൂ.
നിലത്തുനിന്ന് വളർന്നുവരുന്ന സസ്യങ്ങൾ മതിലിലേക്ക് പടരുന്ന തരത്തിലും ഉദ്യാനങ്ങളുണ്ടാക്കാം. ഉദ്യാനസസ്യങ്ങൾക്കും പുൽവർഗങ്ങൾക്കും പുറമേ ചെറിയ പച്ചക്കറികളും ഭക്ഷ്യയോഗ്യമായ സസ്യങ്ങളും ലംബോദ്യാനങ്ങളിൽ വളർത്തിയെടുക്കാം.
മനോഹരമായ ലംബോദ്യാനങ്ങൾ ഒരുക്കിയെടുക്കുന്നതിലൂടെ നമ്മുടെ വീടുകളെയും ഓഫീസുകളെയും നഗരമധ്യത്തിലെ പച്ചത്തുരുത്തുകളായി മാറ്റാൻ സാധിക്കും.
ലംബോദ്യാനത്തിൽ ഇനി ഔഷധസസ്യങ്ങളും
അലങ്കാരച്ചെടികൾക്കു പുറമേ നിത്യജീവിതത്തിൽ ഏറെ ആവശ്യമായ പല ഒൗഷധസസ്യങ്ങളും നമുക്ക് ലംബോദ്യാനങ്ങളിൽ വളർത്തിയെടുക്കാം. ഫ്ളാറ്റുകളിലോ അപ്പാർട്ട്മെന്റുകളിലോ താമസിക്കുന്നവർക്ക് ഇവയൊന്നും നട്ടുവളർത്താൻ സ്ഥലമില്ലെന്ന പ്രശ്നം അങ്ങനെ പരിഹരിക്കാം.
തുളസി, പനിക്കൂർക്ക, വിഷമൂലി, മുറികൂട്ടി, അയ്യപ്പന, ഗരുഡപ്പച്ച, വാതംകൊല്ലി, വിഷ്ണുക്രാന്തി, കേശവർധിനി, മധുരതുളസി (സ്റ്റീവിയ) തുടങ്ങിയ ഒൗഷധസസ്യങ്ങൾ ലംബോദ്യാനങ്ങളിൽ വളർത്താൻ വളരെ അനുയോജ്യമാണ്.
ജലദോഷം, തൊണ്ടവേദന, ചുമ, മുറിവുകൾ, കീടോപദ്രവം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രഥമ ശുശ്രൂഷയ്ക്കാവശ്യമായ ഔഷധസസ്യങ്ങൾ ഇങ്ങനെ കൈയെത്തുന്ന അകലത്തിൽ ലഭ്യമാക്കാനാകും.
വെർട്ടിക്കൽ ഗാർഡനിലെ ഓരോ ചട്ടിയിലും 1:1:1 എന്ന അനുപാതത്തിൽ മണൽ, മണ്ണ്, ജൈവവളം എന്നിവ ചേർത്തുണ്ടാക്കുന്ന നടീൽ മിശ്രിതം നിറച്ചാണ് ഔഷധസസ്യങ്ങൾ നടേണ്ടത്.
തൈകൾ നടുന്പോഴും തുടർന്നും ആവശ്യാനുസരണം ജലസേചനം നടത്തണം. കീടങ്ങളുടെ ആക്രമണവും രോഗബാധയും കുറവായതിനാൽ വലിയ പരിചരണമില്ലാതെ തന്നെ ഈ സസ്യങ്ങൾ നന്നായി വളർന്നുവരും.
Agriculture
സ്ത്രീകൾ കൃഷിയിലേക്ക് കടന്നുവരുന്പോൾ ഗ്രാമങ്ങളുടെ ഭാവി എത്ര മനോഹരമാകാമെന്ന് തെളിയിക്കുകയാണ് സി. വൃന്ദ. മയ്യിൽ ഒരു ഗ്രാമം മാത്രമല്ല മണ്ണിനോടുള്ള സ്നേഹത്തിന്റെ കഥയാണ്. വിത്തിടുന്പോൾ പ്രതീക്ഷ വിതയ്ക്കുന്ന, കൊയ്ത്തുകാലത്ത് സ്വപ്നങ്ങൾ കൊയ്യുന്ന ഒരു കാർഷിക ഗ്രാമം. കണ്ണൂർ ജില്ലയിലെ പച്ചപ്പിന്റെ നിറവിൽ നിൽക്കുന്ന കാർഷിക ഗ്രാമം.
നെൽവയലുകൾ നീളെ പന്തലിച്ചു കിടക്കുന്ന നാട്, കാലാവസ്ഥയുടെ ചക്രവാളത്തോടൊപ്പം ജീവിക്കുന്ന ഒരു കാർഷിക സംസ്കാരത്തിന്റെ പ്രതീകമാണ് മയ്യിൽ എന്ന കാർഷിക ഗ്രാമം. ജനിച്ചു വീഴുന്ന കുരുന്നുകൾ മുതൽ മണ്ണിനോട് ഇഴകി ചേർന്ന വയോജനങ്ങൾക്കു വരെ മയ്യിൽ എന്ന ഗ്രാമത്തിലെ കാർഷിക കഥകൾ ഒരുപാട് പറയാനുണ്ട്.
മുല്ലപ്പൂന്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ട് സൗരഭ്യം എന്ന വാക്യം നൂറിൽ നൂറ്റൊന്ന് സത്യമാക്കുന്ന ഇടമാണ് മയ്യിൽ മുല്ലക്കൊടിയെന്ന ഗ്രാമവും ഗ്രാമവാസികളും. മുല്ലപ്പൂവിനെപോലെ ഒരു നാട് മുഴുവൻ ന·പടർത്തുന്ന ഗ്രാമത്തിലേക്ക് കണ്ണൂർ അഴീക്കോടിൽ നിന്നു മരുമകളായി വന്ന വൃന്ദ ഇന്ന് മുല്ലക്കൊടിയുടെ മകളായി മാറി.
മയ്യിൽ വയലുകളുടെ നാട്
മയ്യിലിൽ പ്രഭാതം ആരംഭിക്കുന്നത് കോഴിയുടെ കൂവലോടെ അല്ല, വയലിലേക്ക് പോകുന്ന കർഷകരുടെ ചുവടുകളോടെയാണ്. നെൽവയലുകളിൽ കാറ്റടിക്കുന്പോൾ കാണുന്ന പച്ചത്തിരകൾ ഗ്രാമത്തിന്റെ ആത്മാവാണ്.
പാടശേഖര സമിതികളുടെ കൂട്ടായ പ്രവർത്തനം ഇവിടെ കൃഷിയെ ശക്തിപ്പെടുത്തുന്നു. യന്ത്രസഹായം, വിത്ത് വിതരണം, സബ്സിഡി പദ്ധതികൾ എല്ലാം ചേർന്ന് കർഷകരുടെ പരിശ്രമം ഫലപ്രദമാകുകയും ഇന്നു കേരളത്തിൽ മയ്യിൽ ഗ്രാമത്തിന്റെ പ്രവർത്തികൾ വാനോളം ഉയർന്നിരിക്കുകയാണ്.
പൊതുപ്രവർത്തകയായ പി. പ്രസീതയുടെയും ബസ് ഡ്രൈവറായ സുരേഷ് മണിയുടെയും മകളായ സി. വൃന്ദയ്ക്ക് ഈ കാർഷിക ഗ്രാമത്തിലേക്ക് യാതൊരു കാർഷിക പശ്ചാത്തലമില്ലാതെയാണ് 2010ൽ മുല്ലക്കൊടിയിലെ മനപ്പുറത്ത് വീട്ടിലേക്ക് മരുമകളായി എത്തിയത്.
ബികോം പഠിച്ച് അക്കൗണ്ട്സ് ജോലി ചെയ്തിരുന്ന വൃന്ദയ്ക്ക് പിന്നീട് രണ്ടു കുട്ടികളായതോടെ ജോലിക്കു പോകാൻ സാധിച്ചില്ല. ഗ്രാഫിക് ഡിസൈനർ ആയ ഭർത്താവ് സുകേഷ് കിരണിന്റെ അച്ഛൻ എം.വി. കരുണാകരനും അമ്മ ടി. സുമതിയും പാരന്പര്യ കർഷക കുടുംബത്തിലുള്ളവരായിരുന്നു.
ഏക്കർ കണക്കിന് സ്ഥലത്ത് അച്ഛനും അമ്മയും ചെയ്യുന്ന കൃഷികൾക്ക് തന്നാലായത് ചെയ്തായിരുന്നു വൃന്ദയുടെ കാർഷികമേഖലയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്.
ജീവനി കാർഷിക വിപണി
കൃഷി ചെയ്യുന്ന പച്ചക്കറികൾക്ക് വലിയ തോതിൽ മാർക്കറ്റ് ഉണ്ടാകാതിരുന്ന കാലമായിരുന്നു അന്ന്. അക്കാലത്ത് ഇവരുടെ വയലിൽ വൻതോതിൽ ചീര വിളവെടുത്തതോടെ ഇവ എവിടെ കൊണ്ടു വിൽക്കുമെന്ന ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തിയ വൃന്ദയുടെ കഥ രസകരമായിരുന്നു.
ചീര ഓരോ കെട്ടുകളാക്കി മുല്ലക്കൊടിയുടെ റോഡരികിൽ കൊണ്ടുവച്ചു ചീര...ചീര... എന്ന് ഉറക്കെവിളിച്ചു വിൽപ്പന നടത്താൻ കാണിച്ച ആ ധൈര്യം ആത്മവിശ്വാസത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. പിന്നീട് തന്റെയുള്ളിൽ മയ്യിൽ മേഖലയിലെ നിരവധി കർഷകരുടെ വിയർപ്പിനുള്ള പ്രതിഫലം കിട്ടുന്ന ഒരു സംരംഭത്തിലേക്ക് കടക്കാമെന്ന ചിന്തയിലായിരുന്നു വൃന്ദ.
അതിനായി കൃഷിവകുപ്പിന്റെയും കേരളസർക്കാരിന്റെയും ഒപ്പം മുല്ലക്കൊടി പാടശേഖര സമിതി, കൈവയൽ പാടശേഖരസമിതി എന്നിവരുടെ സഹായത്തോടെ 2021ൽ ജീവനി കാർഷിക വിപണിയെന്ന പേരിൽ സംരംഭത്തിന് വൃന്ദ തുടക്കമിട്ടു.
ഇതോടെ കൂടുതൽ കൃഷിക്കാരുടെ ഉത്പന്നങ്ങളെല്ലാം കാർഷിക വിപണിയിലൂടെ ന്യായമായ വിലയിൽ വിൽപന നടത്താൻ മയ്യിലിലുള്ള കർഷകർക്ക് സാധിച്ചു.
Agriculture
ആലപ്പുഴ കലവൂരിലെ ലിറ്റിൽ ഫ്ളവർ നഴ്സറിക്ക് പറയാനുള്ളത് വലിയ സുഗന്ധകഥകളാണ്. ചെറുപുഷ്പത്തിന്റെ പേരിൽ തുടങ്ങിയ നഴ്സറി കർഷകരുടെയും കൃഷിപ്രേമികളുടെയും വിശ്വാസമാർജിച്ച് മുന്നേറുകയാണ്.
അലങ്കാരച്ചെടികൾ, കാർഷിക ഗ്രന്ഥാലയം, ഔഷധ സസ്യങ്ങൾ, പഴവർഗ തൈകൾ, നക്ഷത്ര വനം, കാർഷിക മേഖലയിലേക്കു കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രമോഷൻ ക്ലാസ് എന്നിങ്ങനെ വൈവിധ്യങ്ങളായ സേവനങ്ങൾ ഇവിടെനിന്നും ലഭിക്കും.
ആന്പൽ കണ്ടത്തിൽ സുനിലാണ് ലിറ്റിൽ ഫ്ളവർ നഴ്സറിയുടെ സാരഥി. വളം-കീടനാശിനി ഉപയോഗം എന്നിവയ്ക്കായി പ്രത്യേക സെഷനും 85 സെന്റിലെ നഴ്സറിയിലുണ്ട്. നഴ്സറിയിൽ എത്തുന്ന സന്ദർശകർക്ക് ഇവിടുത്തെ വൃക്ഷങ്ങളിലെ ഫലങ്ങൾ കിളികൾക്കും അണ്ണാനും നൽകാനുള്ള പ്രത്യേക വനസൗകര്യം ഒരുക്കിയിട്ടുണ്ട്.
പിതാവ് പി.സി. വർഗീസിന്റെ മരണശേഷാണ് സുനിൽ നഴ്സറിയുടെ ചുമതലയേറ്റെടുത്തത്.
ഔഷധോദ്യാനം
350 ഇനം ഔഷധ സസ്യങ്ങളുമായി ഒൗഷധോദ്യാനം നഴ്സറിയിൽ എത്തുന്നവരുടെ ശ്രദ്ധയാകർഷിക്കും. പുരാണങ്ങളിൽ ഉള്ള വിവിധ വൃക്ഷങ്ങൾ, ഒലിവ് മരം, മധുര തുളസി എന്നറിയപ്പെടുന്ന സ്റ്റീവിയ, നക്ഷത്ര വൃക്ഷങ്ങൾ, ദശമൂലം, ദശപുഷ്പം, നാൽപാമരങ്ങൾ, ത്രിഫല, സോമലത തുടങ്ങിയവയെല്ലാം ഔഷധോദ്യാനത്തിലെ അപൂർവ കാഴ്ചകളാണ്.
പൂച്ചപ്പഴം, തൊണ്ടിപ്പഴം തുടങ്ങിയ പഴയകാല ഫലവൃക്ഷങ്ങളും ഇവിടെയുണ്ട്. എക്സോടിക് ഫ്രൂട്ടുകളായ റംബുട്ടാൻ, മിറക്കിൾ, മംഗോസ്റ്റിൻ, ഡ്രാഗണ് എന്നിവയുടെ തൈകളും ഇവിടെ ലഭിക്കും. കൃഷിക്കാവശ്യമായ എല്ലാം കൃഷികാര്യ സൂപ്പർമാർക്കറ്റിലുണ്ട്.
ചാണകം, കോഴിവളം, ഗോമൂത്രം എന്നിവയും ലഭ്യമാണ്. റോസ് ബുഷ്, ഭഗീനിയ, ബൊഗെൻവില്ല തുടങ്ങി അലങ്കാര ചെടികളുടെ വലിയൊരു ശേഖരവും നഴ്സറിയിലുണ്ട്.
കാർഷിക ലൈബ്രറി
നഴ്സറിയുടെ ഓഫീസിനു പിന്നിലായി വെർട്ടിക്കൽ ഗാർഡനാൽ മനോഹരമാക്കിയ കെട്ടിടത്തിനുള്ളിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. രാവിലെ ഒന്പതു മുതൽ വൈകുന്നേരം 6.30 വരെ ആർക്കും ഇവിടെ എത്തി പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാം.
കാർഷിക സർവകലാശാലകളുടെയും വിവിധ സർവകലാശാലകളുടെയും പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. ആയിരത്തിലധികം പുസ്കങ്ങൾ ലൈബ്രറിയിൽ ഉണ്ട്. വിദഗ്ധരുമായി ഫോണിൽ ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരണത്തിനുള്ള ക്രമീകരണങ്ങളും ചെയ്തുതരും.
കൃഷിയിൽ പ്രായോഗിക പരിശീലനം
ബിഎസ്സി അഗ്രികൾച്ചർ, വിഎച്ച്എസ്ഇ, സ്കൂൾ വിദ്യാർഥികൾക്ക് വിത മുതൽ വിളവെടുപ്പു വരെ 10 ദിവസത്തെ പ്രായോഗിക പരിശീലനം നൽകിവരുന്നുണ്ട്. കാർഷിക പഠന ഗ്രൂപ്പുകൾക്കും പരിശീലനം നൽകിവരുന്നു.
ലയറിംഗ്, ഗ്രാഫ്റ്റിംഗ്, ബഡിംഗ്, പച്ചക്കറി വളർത്തൽ എന്നിവയിൽ പ്രത്യേകം പരിശീലനമുണ്ട്. ഒരാഴ്ചയിൽ 10 പേർക്കാണ് പരിശീലനം നൽകുക. തെങ്ങിൻ യന്ത്രം ഉപയോഗിച്ചു കയറുന്നതിനുവരെ പരിശീലിപ്പിച്ചാണു കോഴ്സ് അവസാനിക്കുന്നത്.
Agriculture
ഓഫീസ് ടേബിളിലും മുറികളുടെ കോർണറുകളിലുമൊക്കെ പോസിറ്റിവിറ്റി നിറയ്ക്കുന്ന ഇൻഡോർ പ്ലാന്റുകൾ ഇന്നൊരു ട്രെൻഡാണ്. മണിപ്ലാന്റ്, ലക്കിബാംബു, ക്രോട്ടോണ്സ്, ക്രിപ്റ്റാൻന്തസ്, അഗ്ളോണിമ തുടങ്ങി വ്യത്യസ്ത ഇനങ്ങളുണ്ട്.
ഇൻഡോർ പ്ലാന്റുകളുടെ ഒരു നഴ്സറി സ്വപ്നം കണ്ടുനടന്ന മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ മൻമോഹൻ ഇന്ന് അതു യാഥാർഥ്യമാക്കി.
എറണാകുളത്തെ എസ്ആർവി സ്കൂൾ പഠനകാലത്താണ് മൻമോഹനെ ഇൻഡോർ പ്ലാന്റുകൾ ആകർഷിച്ചത്.
കളപ്പറന്പത്ത് മൻമോഹൻ പിതാവ് അജിത്കുമാറിന്റെയും അമ്മ ലക്ഷ്മിയുടെ നിർബന്ധത്തിനു കോതമംഗലം എംഎ കോളജിൽ നിന്നും മെക്കാനിക്കൽ എൻജിനിയറിംഗ് പൂർത്തിയാക്കി.
പഠനമൊക്കെ കഴിഞ്ഞ് ജോലിക്കായി അപേക്ഷിക്കുകയും അഭിമുഖങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ജോലി കിട്ടി എന്നുള്ള ഇ-മെയിലുകളും സന്ദേശങ്ങളും സന്തോഷത്തേക്കാളേറെ സങ്കടമേ നൽകിയുള്ളൂ.
എൻജിനിയറാകാനല്ല മറിച്ച് ഒരു നഴ്സറി നടത്തിപ്പുകാരനാകാനായിരുന്നു മൻമോഹന് ആഗ്രഹം.
പഠനകാലത്തെ പാഷനു പിന്നാലെ
2012 മുതൽ മൻമോഹൻ ചെറിയതോതിൽ ഇൻഡോർ പ്ലാന്റുകളുടെ കച്ചവടം ആരംഭിച്ചിരുന്നു. ആദ്യം ചെടികളുടെ പ്രദർശന വിപണന മേളകളിലാണ് പങ്കെടുത്തിരുന്നത്. കുറച്ച് സ്റ്റോക്ക് എടുക്കും.
അതുമായി പ്രദർശനത്തിനു പോകും. അതു വിറ്റു തീരുമ്പോൾ മടങ്ങും എന്നതായിരുന്നു രീതി. എക്സിബിഷനുകളിൽനിന്നും ചെടി വാങ്ങുന്നവർ പിന്നീട് കാണുമ്പോൾ നല്ല ചെടിയായിരുന്നു, ഇപ്പോഴും ആരോഗ്യത്തോടെ വളരുന്നുണ്ട് എന്നൊക്കെ പറയുന്നത് വലിയ പ്രചോദനമായി.
അങ്ങനെ എറണാകുളത്തെ വീട്ടിലേക്കും എട്ടു സെന്റ് സ്ഥലത്തേക്കും തന്റെ പാഷനെ മൻമോഹൻ എത്തിച്ചു. 2014 ൽ 5,000 രൂപയുടെ സ്റ്റോക്കുമായി വാടകയ്ക്ക് എടുത്ത സ്ഥലത്ത് നഴ്സറി ആരംഭിച്ചു.
അങ്ങനെ ഇൻഡോർ പ്ലാന്റുകളെ വളർത്തിയും വിൽപ്പന നടത്തിയും പഠനകാലത്തേ സ്വന്തം വഴി ഈ യുവാവ് കണ്ടെത്തിയിരുന്നു. പക്ഷേ, വാടക സ്ഥലങ്ങൾക്ക് പരിമിതികളുണ്ട്.
കാരണം പെട്ടെന്ന് സ്ഥലം മാറുമ്പോഴൊക്കെയും ഈ ചെടികളെ പാക്ക് ചെയ്ത് മറ്റൊരു സ്ഥലത്തേക്കു കൊണ്ടു പോവുക, അവയെ വീണ്ടും പരിപാലിച്ചു വളർത്തുക അൽപ്പം റിസ്കാണ്.
ചിലപ്പോൾ ഏറെ പ്രിയപ്പെട്ട ചെടികൾ നശിച്ചു പോകാനുള്ള സാധ്യതയുമുണ്ട്. സ്വന്തമായി അൽപ്പം സ്ഥലം അതിലൊരു നഴ്സറി എന്ന സ്വപ്നം അങ്ങനെ മൻമോഹന്റെയുള്ളിൽ കടന്നു കൂടി.
Kerala
കല്പ്പറ്റ: കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'കേര' പദ്ധതിയിലൂടെ വയനാട്ടില് കാപ്പിക്കൃഷി മേഖലയുടെ ആധുനികവത്കരണത്തിനും ഉത്പാദനക്ഷമത വര്ധിപ്പിക്കുന്നതിനും 25 കോടി രൂപയുടെ പദ്ധതിയൊരുങ്ങുന്നു. ഉത്പാദനക്ഷമത കുറഞ്ഞ തോട്ടങ്ങളില് പുതിയ തൈകള് വച്ചുപിടിപ്പിക്കുന്നതിനുള്ള സഹായധനമാണ് പദ്ധതിയുടെ പ്രധാന ആകര്ഷണം. ഹെക്ടറിന് 1,10,000 രൂപയാണ് സഹായം.
25 സെന്റ് മുതല് 10 ഹെക്ടര് വരെ കാപ്പിക്കൃഷിയുള്ളവര്ക്ക് അപേക്ഷിക്കാമെങ്കിലും ഒരാള്ക്ക് പരമാവധി 2.2 ലക്ഷം രൂപയാണ് സഹായം. ഹെക്ടറിന് 77,000 രൂപ ആദ്യവര്ഷവും 33,000 രൂപ രണ്ടാംവര്ഷവും വിതരണം ചെയ്യും.
കാപ്പിക്കൃഷിക്ക് അത്യന്താപേക്ഷിതമായ ശാസ്ത്രീയ ജലസേചന സൗകര്യങ്ങള് ഒരുക്കുന്നതിന് ഹെക്ടറിന് 50,000 രൂപ വരെ സഹായം നല്കും. ജലസംഭരണി നിര്മാണത്തിന് 18,000 രൂപയും സ്പ്രിങ്ക്ളര് യൂണിറ്റിന് 32,000 രൂപയുമാണ് അനുവദിക്കുക. ഗുണമേന്മയുള്ള സര്ട്ടിഫൈഡ് തൈകള് ഉത്പാദിപ്പിക്കുന്ന 30 നഴ്സറികള്ക്ക് ആറ് ലക്ഷം രൂപ വീതം നല്കി കാപ്പിത്തൈകളുടെ ഗുണനിലവാരം ഉറപ്പാക്കും.
വയനാടന് കാപ്പിയുടെ വിപണി മൂല്യം ഉയര്ത്തുന്നതിന് നാഷണല്/ഇന്റര്നാഷണല് സര്ട്ടിഫിക്കേഷന്, ജിഐ ടാഗിംഗ് എന്നിവയ്ക്ക് ആകെ ചെലവിന്റെ 75 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) കര്ഷകര്ക്കും എഫ്പിഒകള്ക്കും റീഇംബഴ്സ്മെന്റായി നല്കും. പുനര്നടീലിനും ഡ്രിപ് ഇറിഗേഷനും കുറഞ്ഞ നിരക്കില് ടേം ലോണ് ലഭ്യമാക്കാന് പിസിജിഎസ് പദ്ധതി നടപ്പാക്കും.
കര്ഷകര്ക്ക് നേരിട്ട് സഹായത്തിനും ശാസ്ത്രീയ പരിശീലനത്തിനും കേര ഫീല്ഡ് ഓഫീസര്മാരുടെ സേവനം ലഭ്യമാണ്. കോഫീ ബോര്ഡിന്റെ സഹകരണത്തോടെ ഏകദേശം 32,000 കര്ഷകര്ക്ക് ബോധത്കരണ പരിപാടികളും 16,000 കര്ഷകര്ക്ക് ഗ്രാമതല ശില്പശാലകളും 3,400 കര്ഷകര്ക്ക് ശാസ്ത്രീയ കൃഷിരീതികളില് സമഗ്ര പരിശീലനവും പദ്ധതിയുടെ ഭാഗമാണ്.
താത്പര്യമുള്ള കര്ഷകര് https://keraplantation.kerala.gov.in എന്ന പോര്ട്ടല് വഴി ഓണ്ലൈനായി അപേക്ഷിക്കണം. കൂടുതല് വിവരത്തിന് 8089775400 എന്ന നമ്പറിലോ [email protected] എന്ന വിലാസത്തിലോ ബന്ധപ്പെടാം.
Agriculture
നാടനും വിദേശിയുമായ അറുനൂറിലേറെ ഇനം വാഴകളെ പരിപാലിക്കുന്ന ഒരാൾ കേരളത്തിലുണ്ട്. വാഴച്ചേട്ടൻ എന്ന ഖ്യാതിയിൽ 2015ൽ ലിംക ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ പാറശാല കൊടിവിളാകം വിനോദ് സഹദേവൻ നായർ.
അച്ഛൻ ടി.സി.ആർ. സഹദേവൻ നായരാണ് വിനോദിനെ കൃഷിയിടത്തിലേക്കിറക്കിയത്. ഏഴാം ക്ലാസിൽ നാടൻ വാഴകൾ നട്ടു തുടങ്ങിയ വിനോദിന് വാഴക്കൃഷി എക്കാലവും ആവേശവും ആദായവുമാണ്.
പുതിയ ഇനം വാഴകളെക്കുറിച്ച് ഓണ്ലൈനിൽ വായിച്ചറിഞ്ഞ് കൃഷിയിടത്തിൽ എത്തിക്കുക മാത്രമല്ല കൈമോശം സംഭവിച്ചു വന്നുകൊണ്ടിരിക്കുന്ന നാടൻ ഇനങ്ങൾ കരുതലോടെ ഇദ്ദേഹം പരിപാലിച്ചു സംരക്ഷിക്കുകയും ചെയ്യുന്നു.
നെൽകൃഷി നിലച്ചു തിരിശു കിടന്ന നാലരയേക്കർ പാടം ഇന്നൊരു വൻ വാഴത്തോട്ടമാണ്. ഓരോ ഇനം വാഴയും ഏത് ഇനം, ഏത് രാജ്യത്തേത്, വിളവു തരാൻ എത്ര കാലം, വാഴക്കുലയുടെ വിശേഷങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും അടങ്ങുന്ന ഡേറ്റ ബുക്കും സ്വന്തം.
എംടെക്കുകാരനും വാഴക്കൃഷിയിൽ തത്പരനുമായ മകൻ അബനീഷാണ് ഡേറ്റാ ബുക്കിന്റെ ചുമതലക്കാരൻ. അച്ഛനെപ്പോലെ വാഴക്കൃഷിയിൽ അപാര അറിവാണ് അബനീഷും പറഞ്ഞുതരിക. ഇത്രത്തോളം ഇന വൈവിധ്യമുള്ള മറ്റൊരു വാഴത്തോപ്പ് വേറെയുണ്ടാവില്ല.
തോട്ടത്തിലെ ഓരോ ഇനം വാഴയെക്കുറിച്ചും ആധികാരികമായി പറയാനുള്ള അറിവനുഭവങ്ങൾ 65കാരനായ വിനോദിനുണ്ട്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തു വേണം വാഴ നടാൻ എന്നതാണ് ആദ്യപാഠം.
ചാണകപ്പൊടി, കടലപ്പിണ്ണാക്ക് എന്നിവയ്ക്കൊപ്പം യൂറിയ, പൊട്ടാഷ് എന്നിവയും വളമായി ചേർക്കാം. ഞാലിപ്പൂവൻ, പാളയംകോടൻ കന്നുകൾ അറുത്തു മാറ്റരുതെന്നും തള്ളയെക്കാൾ നല്ല കുല പിള്ളയ്ക്ക് കിട്ടുമെന്നുമാണ് ഇവർ പറയുക.
വാഴത്തോട്ടത്തിൽ കളയും പുല്ലും വളരാൻ അനുവദിക്കണമെന്നാണ് വിനോദിന്റെ പക്ഷം. വലിയ തോതിൽ പുല്ലുവളരുന്പോൾ ചെത്തി വാഴച്ചുവട്ടിൽ വളമാകാൻ ഇടും. പുല്ലുവളർന്നാൽ വാഴച്ചുവട്ടിൽ ഈർപ്പം നിൽക്കുമെന്നും വാഴയ്ക്ക് ഉണക്കൽ ബാധിക്കില്ലെന്നുമാണ് ഇവർ പറയുക.
ബംഗാളിലെ ബോജി മനോഹർ, തായ്ലാൻഡിലെ പിസാൻ നവാക്ക, ഉത്തര കർണാടകയിലെ രാജാപുരി, ഓസ്ട്രേലിയയിലെ ഷുഗർ ബാനൻ, അൾസറിനു മരുന്നായ പൂങ്കള്ളി എന്നിങ്ങനെ പോകുന്നു വിശേഷാൽ ഇനങ്ങൾ.
വാഴ മാത്രമല്ല പച്ചക്കറിയും കോഴിയും താറാവുമൊക്കെ വിനോദിനു വരുമാനമാണ്. ബിഎസ്സി ഫിസിക്സ് പൂർത്തിയാക്കി കുറേക്കാലം സോഫ്റ്റ്വെയർ ബിസിനസ് നടത്തിയെങ്കിലും വാഴ കന്പത്തിൽ മുഴുവൻ സമയ കർഷകനായി.
എൻജിനിയറായ മകനും അച്ഛനൊപ്പം കൃഷിയിൽതന്നെ. പന്ത്രണ്ട് ഇനം വാഴകളിലായിരുന്നു തുടക്കം. പതിറ്റാണ്ടുകളുടെ ശ്രമകരമായ അന്വേഷണത്തിലും യാത്രയിലുമാണ് ഇത്രയും ഇന വൈവിധ്യം സ്വന്തമാക്കിയത്.
ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, ബംഗാൾ, ഒഡിഷ, ആസാം, അരുണാചൽ പ്രദേശ്, മണിപ്പൂർ ഇവിടങ്ങളിലൊക്കെ ട്രെയിനിൽ പോയി വിശേഷാൽ ഇനം വാഴക്കന്നുകൾ ശേഖരിച്ചു.
പലതും കേരളത്തിലെ കാലാവസ്ഥയ്ക്കു പാകമല്ലെങ്കിലും ശ്രദ്ധയോടെ പരിപാലിച്ചു പച്ചപിടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഹോർട്ടികൾച്ചർ, കൃഷി വകുപ്പ്, ഗവേഷണ സ്ഥാപനങ്ങൾ, കൃഷിവിജ്ഞാന കേന്ദ്രങ്ങൾ, ഫാമുകൾ എന്നിവിടങ്ങളിൽനിന്നു കന്നുകൾ സ്വന്തമാക്കി.
വാഴവിത്തുകൾ തേടിയുള്ള ഓരോ യാത്രയും ഏറെ സഹനങ്ങളും ദുരിതങ്ങളും നിറഞ്ഞതായിരുന്നു. തെക്കൻ ജില്ലകളിൽ മുൻപു സമൃദ്ധമായിരുന്ന തിരുവനന്തപുരം വാഴ കണ്ടെത്തിയത് കർണാടകയിലെ ഒരു ഫാമിൽ നിന്നാണ്.
നാലാം മാസം കുലയ്ക്കുന്ന സിവി റോസ് ഫിലിപ്പീൻസിൽ നിന്നുള്ളതാണ്. അഗസ്ത്യാർകൂടത്തിൽനിന്നു കിട്ടിയതാണ് ഒറ്റമുംഗിലിയും കിളിച്ചുണ്ടനും. ആയിരം കാ പൂവൻ എന്ന ഇനം വാഴക്കുലയ്ക്കു മോഹവിലയാണ്.
ആഫ്രിക്കൻ ഏത്തവാഴയായ ബിഗ് യബാംഗ, സാൻസിബാർ എന്നിവയും കാഴ്ചയാണ്. ഗോത്തിയ എന്ന ഇനം കുലയ്ക്ക് ഒരു പടല മാത്രമേയുണ്ടാകൂ. എട്ടോ പത്തോ കായ്കളുമായി പൂ കണക്കെ ഒറ്റ പടല കുല കാണാൻ ഏറെ രസം.
ഉത്തര കർണാടകയിലെ രാജാപുരി, കന്യാകുമാരിയിലെ മട്ടി, പഴനി ക്ഷേത്രത്തിൽ പൂജകൾക്ക് ഉപയോഗിക്കുന്ന വിരുപാക്ഷി, തമിഴ്നാട് നാമക്കല്ലിലെ കോരിമലകളിലുള്ള മനോരഞ്ജിതം, ശ്രീലങ്കൻ പാളയംകോടൻ, പഴത്തിനു നീല നിറമുള്ള ഐസ്ക്രീം ബനാന, ത്രിപുരയിലെ പൂവൻ പഴമായ സബായി, തായ്ലാൻഡിൽ നിന്നുള്ള പിസാൻ അവാക്ക, നീല നിറത്തിലുള്ള പഴം തരുന്ന സാന്പാൾ നെയ് വർണൻ, ബംഗാളിലെ ബോജി മനോഹർ, കുലയ്ക്കാൻ രണ്ടര വർഷം വേണ്ടിവരുന്ന നമ്മ റോയ്, അസമിലെ ബോർ ചന്പ, ഇറച്ചി വാഴ, ബാരാ ബംഗ്ല എന്ന ബംഗാളി കറിക്കായ, തേൻ മധുരമുള്ള ഇനം 2390 എന്നിങ്ങനെ നീളുന്നു വാഴ വൈവിധ്യം.
Agriculture
വരണ്ടുണങ്ങിയ മണ്ണിൽ മഴ വീണ് നനഞ്ഞു കുതിർന്നാൽ റംബുട്ടാൻ നടാൻ സമയമായി. വളർച്ചയുടെ ഘട്ടത്തിലും കായ്കളാകുമ്പോഴും സദാ നനവ് ആവശ്യമായതിനാൽ ജലസേചന സൗകര്യം പ്രധാനം. മേയ്-ജൂണ് മാസങ്ങളിൽ പുതുകൃഷി ആരംഭിക്കാം.
പൈനാപ്പിൾ കൃഷിയുമായി താരതമ്യം ചെയ്യുന്പോൾ പരിപാലന ചെലവ് കുറവാണെന്നും എന്നാൽ, വിളവെടുപ്പിനോടനുബന്ധിച്ചാണ് കൂടുതലായി ഉത്പാദന ചെലവ് ഉണ്ടാകുന്നതെന്നും കഴിഞ്ഞ മൂന്നു വർഷമായി 35 ഏക്കറോളം റംബുട്ടാൻ കൃഷി ചെയ്യുന്ന വാഴക്കുളത്തെ മന്ന പൈനാപ്പിൾസ് ഉടമകളായ ഗ്രീൻ വിൻസെന്റ്, സിബി ജോർജ് എന്നിവർ പറയുന്നു.
ഇടുക്കി ജില്ലയിലെ ഉടുന്പന്നൂർ, എറണാകുളം ജില്ലയിലെ പെരുന്പാവൂർ, ആയവന, കാവക്കാട്, എന്നിവിടങ്ങളിലാണ് നിലവിൽ ഇവർക്ക് കൃഷിയുള്ളത്. നീർവാർച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതും ജലസേചന സൗകര്യം ഉള്ളതുമായ സ്ഥലമാണ് റംബുട്ടാൻ കൃഷിക്ക് ഏറ്റവും ഉത്തമം.
ഒന്നര മുതൽ രണ്ടര വരെ അടി ആഴത്തിലും വിസ്തൃതിയിലും കുഴിയെടുത്ത് അതിൽ പച്ചില കന്പോസ്റ്റ്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, മണ്ണിര കന്പോസ്റ്റ് തുടങ്ങിയവ ഉൾപ്പെടെ അടിവളമായി ചേർത്ത് കുഴി മൂടുന്നു.
ഇതിലേക്കു തൈ ഇറക്കിയാണ് നടുന്നത്. ബഡ് ചെയ്ത തൈകളാണ് നടാൻ ഉപയോഗിക്കുന്നത്. എൻ പതിനെട്ട് എന്ന ഇനമാണ് ഇവർ ഉപയോഗിച്ചിട്ടുള്ളത്. കുഴികൾ തമ്മിൽ 20-30 അടി അകലം പാലിച്ചിട്ടുണ്ട്.
മരം ഉയർന്ന് ഇല ചൂടും വരെ തന്നാണ്ട് ഇടവിള കൃഷികൾ ചെയ്യാവുന്നതാണ്. ഇല ചൂടി തണൽ ആകുന്നതിനാൽ പൈനാപ്പിൾ കൃഷി ചെയ്താൽ മൂന്നാം തവണ ഉത്പാദന നഷ്ടം ഉണ്ടാകും. മൂന്നു മാസം തോറും തോട്ടങ്ങളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള ചാണക സ്ലറിയിൽനിന്ന് ജീവാമൃത ലായനി വളമായി ചേർക്കുന്നു.
വളർച്ചയുടെ തോതനുസരിച്ച് വിവിധ ഘട്ടങ്ങളിൽ യൂറിയ, പൊട്ടാഷ് തുടങ്ങിയവ ആവശ്യമെങ്കിൽ മണ്ണിൽ ചേർത്തു നൽകും. തോട്ടത്തിൽ വളരുന്ന പാഴ് പുല്ലും ഇതര ചെടികളും മുറിച്ച് മണ്ണിൽ ചേർക്കുന്നു. ഇവ ദ്രവിച്ചും പൊടിഞ്ഞും വളമായി മാറുന്നു.
കീടബാധ പൊതുവേ കുറവാണ്. ഉണ്ടായാൽ തന്നെ സാധാരണ തോതിലുള്ള ജൈവ കീടനാശിനി തന്നെ ഫലപ്രദമാണ്. അഥവാ കീടബാധിതമായ ശിഖരങ്ങൾ മുറിച്ചു നീക്കം ചെയ്തും കീടബാധ നിയന്ത്രിക്കാം.
തോട്ടങ്ങളിൽ സ്പ്രിങ്ക്ളർ ഉപയോഗിച്ചാണ് ജലസേചനം. ചെടികൾക്ക് എപ്പോഴും നനവു നിലനിർത്തുന്ന രീതിയിൽ ജലവിതരണം ക്രമീകരിക്കും. മൂന്നാം വർഷം മുതൽ ഉത്പാദനക്ഷമത കൂടും.
Agriculture
പ്രതിസന്ധികളിലും കൃഷിയെ കൈവിടാത്ത ഒരു കാർഷിക സംരംഭകനാണ് കൊല്ലം കടയ്ക്കൽ മുക്കുന്നത്ത് ഫൗറുദീൻ. എമു ഫാം നടത്തിയിരുന്ന ഇദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ രോഗം പോലും വഴിമാറി.
നല്ല നിലയിൽ പോയിരുന്ന എമു ഫാം ശാരീരിക അവശതകളെത്തുടർന്ന് അടച്ചുപൂട്ടേണ്ടി വന്നു. എങ്കിലും മണ്ണിനോടും കൃഷിയോടുമുള്ള അഭിനിവേശം വീണ്ടും കൃഷിക്കാരനും കാർഷിക സംരംഭകനുമാക്കി.
തിരിച്ചുവരവിൽ പ്ലാവ്, മലവേപ്പ്, അൽപീസിയ മരങ്ങളുടെ കൃഷിയാണ് ഇദ്ദേഹം നടത്തുന്നത്. കൂടാതെ, ആവശ്യക്കാർക്ക് തൈകൾ നൽകുന്ന നഴ്സറിയും.
ഗൾഫിൽനിന്ന് കൃഷിയിലേക്ക്
കടയ്ക്കൽ മുക്കുന്നം മുഹമ്മദ് കണ്ണിന്റെ മകനായ ഫൗറുദീൻ 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തി. ഗൾഫിൽ ആക്രി ബിസിനസിലൂടെ സന്പാദിച്ച പണം കൊണ്ട് 15 ഏക്കർ ഭൂമി വാങ്ങി.
ആദ്യഘട്ടത്തിൽ റബർ, തെങ്ങ്, വാഴ, തന്നാണ്ടു വിളകൾ കൃഷി ചെയ്തു. കൂടാതെ, പശു, ആട് ഫാമും തുടങ്ങി. 110 കിലോ തൂക്കമുള്ള ആടുകൾ ഫാമിലുണ്ടായിരുന്നു. പിന്നീട്, 1990ൽ കടയ്ക്കൽ മുക്കുന്നത്ത് എമു ഫാം ആരംഭിച്ചു.
എമു മുട്ട, ഇറച്ചി, തീറ്റ എന്നിവയുടെ കച്ചവടം നടത്തിയിരുന്നു. നല്ല നിലയിൽ കൃഷിയും ഫാമുകളും മുന്നേറിയപ്പോഴാണ് ഫൗറുദിനു വൃക്കരോഗം പിടിപെട്ടത്. വൃക്ക മാറ്റിവച്ച ഇദ്ദേഹത്തിനു ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ ഫാമുകൾ ഓരോന്നായി ഉപേക്ഷിക്കേണ്ടിവന്നു.
വീണ്ടും കൃഷിയിലേക്ക്
നോക്കാൻ ആളില്ലാത്തതിനാൽ കുറച്ചു ഭൂമി വിൽക്കേണ്ടി വന്നെങ്കിലും തിരിച്ചടികളിൽ തളരാതെ ഫൗറുദീൻ വീണ്ടും കൃഷിയിലേക്ക് ഇറങ്ങി. റബർ കൃഷി നഷ്ടമായതിനാൽ പ്ലാവ്, മലവേപ്പ്, അൽപീസിയ മരങ്ങളുടെ കൃഷിയാണ് ഇത്തവണ തെരഞ്ഞെടുത്തത്.
വീടിനോടു ചേർന്നുള്ള ഏഴേക്കറോളം സ്ഥലത്താണ് കൃഷി. വിയറ്റ്നാം ഏർലി പ്ലാവാണ് കൃഷി ചെയ്തിരിക്കുന്നത്. ആദ്യ വർഷം തന്നെ ചക്ക ലഭിക്കും. മൂന്നാമത്തെ വർഷം മുതൽ മികച്ച വിളവ് ലഭിക്കും.
ഒരു ഏക്കറിൽ തൊണ്ണൂറ് പ്ലാവ് കൃഷി ചെയ്തിട്ടുണ്ട്. ഓഫ് സീസണിൽ വലിയ ചക്ക അറുനൂറ് രൂപയ്ക്കു വരെ വിറ്റിട്ടുണ്ട്. ആറ് ഏക്കർ സ്ഥലത്ത് മലവേപ്പ്, അൽപീസിയ മരങ്ങൾ കൃഷി ചെയ്തിട്ടുണ്ട്.
പൾപ്പ്, പ്ലൈവുഡ് എന്നിവയ്ക്കാണ് മലവേപ്പിന്റെ തടി ഉപയോഗിക്കുന്നത്. റബറിനെ അപേക്ഷിച്ച് കുറച്ച് പരിചരണം മതി. കുറച്ചു നാളിനുള്ളിൽ വരുമാനം വേണ്ടവർക്ക് മലവേപ്പ് മികച്ച തീരുമാനമാണെന്ന് ഫൗറുദീൻ പറഞ്ഞു.
ആവശ്യക്കാർക്ക് പ്ലാവ്, മലവേപ്പ്, അൽപീസിയ തൈകൾ വിതരണം ചെയ്യാൻ ആർഎഫ് ഫാം എന്ന പേരിൽ നഴ്സറിയും നടത്തുന്നുണ്ട്. കൃഷി കാര്യങ്ങൾ നോക്കി നടത്താൻ ഒരു സഹായിയും കൂടെയുണ്ട്.
കടയ്ക്കൽ മുക്കുന്നത്ത് അൽഅസ എന്ന പേരിൽ സ്വർണക്കടയും നടത്തുന്ന ഹൗറുദീനു പിന്തുണയുമായി ഭാര്യ റാഹില ബീവിയും വിവാഹിതരായ മൂന്നു പെണ്മക്കളുമുണ്ട്.
ഫോണ്: 9447407499
മലവേപ്പ്
മലവേപ്പ് (കാട്ടുകടുക്ക/കാട്ടുവേപ്പ്) 6-7 വർഷം കൊണ്ട് വളർത്തിയെടുക്കാം. ഏക്കറിൽ 400 മരം നടാം. പ്ലൈവുഡ് വ്യവസായത്തിന് ആവശ്യമായ പാഴ്മരങ്ങളിൽ ഒന്നാണ്. ഏഴു വർഷം കൊണ്ട് 35 ഇഞ്ച് വരെയെത്തും.
ഈ പ്രായത്തിൽ ഒരു മരത്തിൽനിന്ന് ശരാശരി 750 കിലോ തടി പ്രതീക്ഷിക്കാം. പാഴ്തടികളിൽ വളരെ വേഗത്തിൽ വളരുന്നതിനാൽ, മലവേപ്പ് കൃഷി പ്രചാരത്തിലായിട്ടുണ്ട്.
Agriculture
കാഴ്ചയിൽ അരളിപ്പൂവിനു സമാനമെന്നു തോന്നുമെങ്കിലും ആളൊരൽപം പരിഷ്കാരിയാണ്. കേരളത്തിന്റെ മണ്ണിലേക്ക് എത്തിയിട്ട് അധിക കാലമായിട്ടില്ലെങ്കിലും മലയാളികൾ ഇദ്ദേഹത്തെ അങ്ങട് സ്വീകരിച്ചിരുത്തി.
അഡീനിയത്തെ കുറിച്ചാണ് പറഞ്ഞുവന്നത്. അപ്പോസൈനേസി കുടുംബത്തിൽപ്പെട്ട കട്ടിയുള്ള തണ്ടോടു കൂടിയ ഒരു സക്യുലൻറ് ചെടിയാണിത്. കാഴ്ചയിലുള്ള ഭംഗി മാത്രമല്ല കൈനിറയെ കാശും തരുന്നു.
പാലക്കാട്ട് പൊൽപ്പുള്ളി കൂളിമൂട്ടത്തെ വീട്ടിലിരുന്ന് മുരളി എന്ന അന്പത്തൊന്പതുകാരൻ അഡീനിയം കൃഷി ചെയ്തു സന്പാദിക്കുന്നതു ചില്ലറകളല്ല. 25 വർഷം മുൻപ് പാലക്കാട്ട് നടന്നൊരു പുഷ്പമേളയിലാണ് ആദ്യമായി അഡീനിയത്തെ മുരളി കാണുന്നത്.
ആദ്യ കാഴ്ചയിൽതന്നെ നന്നേ ബോധിച്ചു. തടിച്ചുകൊഴുത്ത് തവിട്ടു നിറത്തിലെ തണ്ടോടു കൂടിയ ചെടിയിൽ നല്ല പിങ്ക് നിറത്തിൽ പൂക്കളിങ്ങനെ വിരിഞ്ഞ് നിൽക്കുന്ന അഡീനിയത്തിന്റെ തൈ ഒരെണ്ണം അവിടെനിന്നു വാങ്ങി.
ബോണ്സായി പ്രകൃതമുള്ള ചെടിയിനമാണെന്നും എന്നും ചില്ലകൾ പൂക്കളാൽ സന്പന്നമാകുമെന്നും കടക്കാരൻ പറഞ്ഞതു വിശ്വസിച്ചു. വെറുമൊരു കൗതുകത്തിനു വാങ്ങിയ ആ ആറ് തൈകൾ ഇന്നു തന്റെ ജീവനും ജീവിതവുമായി മാറുമെന്നു മുരളിച്ചേട്ടൻ അന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
തുച്ഛമായ മുതൽ മുടക്കിൽനിന്നു വളർത്തിയെടുത്ത അഡീനിയം തൈകൾ മുരളിച്ചേട്ടനു പ്രതിഫലമായിക്കൊടുക്കുന്നത് മാസം 30,000 മുതൽ ലക്ഷങ്ങൾ വരെയാണ്. തണ്ടിൽ വെള്ളം സംഭരിച്ചു സൂക്ഷിക്കുന്ന വലുപ്പമേറിയ കോഡക്സ് ആണ് അഡീനിയത്തിന്റെ പ്രത്യേകത.
ഡെസേർട് റോസുകൾ ആയതിനാൽ അഡീനിയം ചെടികൾക്ക് ലളിതമായ പരിചരണം മാത്രം മതി. എന്നാൽ, ചെടികൾ നന്നായി വളരുകയും പൂക്കളാൽ സന്പന്നമാകണമെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണം.
പരിപാലനം
ആറ് ഇഞ്ച് വലുപ്പമുള്ള ചട്ടികൾ അഡീനിയം തൈകൾ നടുന്നതിനായി തെരഞ്ഞെടുക്കാം. നാരു കലർന്ന ചകിരിച്ചോറിനൊപ്പം ചാണകപ്പൊടിയോ എല്ലുപൊടിയോ കരിയിലപ്പൊടിയോ കലർത്തി ചെടി നടാനുള്ള മിശ്രിതം തയാറാക്കാം.
ചെടി നട്ടതിനുശേഷം ഈ മിശ്രിതം നന്നായി കുതിരുന്ന രൂപത്തിൽ നനകൊടുക്കണം. തുടർന്നുള്ള നന മിശ്രിതത്തിലെ ഈർപ്പം ഉണങ്ങിയശേഷം നൽകിയാൽ മതി. ഇതോടൊപ്പം നന്നായി പൂക്കൾ ലഭിക്കാൻ നാനോ ഡിഎപിയും നൽകാം.
ചെടിയുടെ വളർച്ചയ്ക്ക് നന്നായി സൂര്യപ്രകാശവും ലഭ്യമാക്കണം. നാലോ അഞ്ചോ ദിവസത്തേക്ക് ഇത് നനച്ചില്ലെങ്കിലും കുഴപ്പമില്ല. മഴയും അഡീനിയത്തിന്റെ വളർച്ചയ്ക്കു തടസമില്ല. വെള്ളം വാർന്നു പോകാനുള്ള സൗകര്യം ചട്ടിയിൽ സജ്ജമാക്കിയാൽ മതിയാകും.
അതുമല്ലെങ്കിൽ മഴയുള്ള ദിവസങ്ങളിൽ ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാതെ ചരിച്ചിട്ടാലും മതിയാകും.
Agriculture
കേരളത്തിൽ പൂന്തോട്ടത്തിലും പൂന്തോട്ട സംരംഭത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുയാണ്. പൂച്ചെടികൾ, തണൽമരങ്ങൾ, ഇലച്ചെടികൾ, വെള്ളച്ചാട്ടങ്ങൾ, പ്രതിമകൾ, പുൽത്തകിടികൾ, ഇരുപ്പിടങ്ങൾ എന്നിവയുള്ള പൂന്തോട്ടങ്ങൾ പുത്തൻസാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഒരുങ്ങുന്നത്.
ഉപഭോക്താവിന്റെ താത്പര്യത്തിന് അനുസരിച്ച് വീട്, ഓഫീസ് എന്നിവിടങ്ങളിൽ വന്പൻ ഉദ്യാനങ്ങൾ സജ്ജീകരിച്ചുകൊടുക്കുന്ന സംരംഭങ്ങൾ നിരവധിയുണ്ട്. സൂര്യപ്രകാരം കടന്നെത്തുന്ന അകത്തളങ്ങളിൽ ഇൻഡോർ പ്ലാന്റുകൾ വയ്ക്കുന്നതും പുതിയ ട്രെൻഡാണ്.
സ്നേക് പ്ലാന്റ്, പീസ് ലിലി, അലോ, ഫിറ്റോണിയ, അലങ്കാര കള്ളിച്ചെടികൾ എന്നിവയാണ് സാധാരണ ഉപയോഗിക്കുന്നത്. ചെടികൾക്കും മുറിയുടെ ഭംഗിക്കും ഇണങ്ങുന്ന രീതിയിലുള്ള സെറാമിക്, ഫൈബർ, ഗ്ലാസ്, വിയറ്റ്നാം പോട്ടുകളിലാണ് ഇൻഡോർ പ്ലാന്റുകൾ വയ്ക്കുന്നത്.
ഓഫീസുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിലും ഇൻഡോർ പ്ലാന്റുകൾ സ്ഥലം പിടിച്ചിട്ടുണ്ട്. മുറികളിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ ഇൻഡോർ പ്ലാന്റുകൾക്കു സാധിക്കുന്നതിനാൽ വൻ ഡിമാൻഡ് ആണ്.
നമ്മുടെ കാലാവസ്ഥയിൽ വളരുന്ന അലങ്കാരച്ചെടികൾക്കും പൂച്ചെടികൾക്കും ഓർക്കിഡിനും പിന്നാലെ, കടൽ കടന്നെത്തുന്ന ഡിസൈൻഡ് ടോപ്പിയറി വൃക്ഷങ്ങളും പൂന്തോട്ടങ്ങളിൽ പ്രധാനിയാണ്.
ടോപ്പിയറി ചെയ്തു വിവിധ ആകൃതിയിൽ വളർത്തിയെടുക്കുന്ന മാൽപീജിയ, കോണിഫർ, പോഡോകാർപസ്, ബൊഗേൻവില്ല, ഫീക്കസ്, പാംസ് എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്.
ടോപ്പിയറി ചെയ്ത മൾട്ടി കളേർഡ് ബൊഗേണ്വില്ലയാണ് വിപണിയിലെ താരം. ആൽവർഗത്തിൽപെട്ട ടോപ്പിയറി ചെയ്ത ഫീക്കസ് മരങ്ങൾക്കു ലക്ഷങ്ങളാണ് മാർക്കറ്റ് വില. പുൽത്തകിടിയിൽ പേൾ ഗ്രാസാണ് എല്ലാവരും ഉപയോഗിക്കുന്നത്.
ചിതലിന്റെയോ കുമിളിന്റെയോ ശല്യമില്ലാത്തതിനാൽ പരിചരണം കുറച്ചുമതി. മെക്സിക്കൻ ഗ്രാസ്, ബഫലോ ഗ്രാസ് എന്നിവയ്ക്കു പകരമാണ് പേൾ ഗ്രാസ് ഉപയോഗിക്കുന്നത്.
കൂടാതെ, ആർട്ടിഫിഷൽ ഗ്രാസിനും ചെടികൾക്കും നല്ല ഡിമാൻഡുണ്ട്. കൃഷി അനുബന്ധ മേഖലയിൽ ഉദ്യാനപരിപാലനം ലാഭകരമായ സംരംഭമേഖലയാണ്.
Agriculture
കാട്ടുമൃഗശല്യവും റബർ കൃഷിയിലെ അനിശ്ചിതത്വവും പ്രതിസന്ധികളായപ്പോൾ പരന്പരാഗത വിളകൾ ഉപേക്ഷിച്ച് പുതുകൃഷിയിൽ പരീക്ഷണം നടത്തുകയാണ് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കടുത്ത് കിഴക്കഞ്ചേരി പട്ടേംപ്പാടം മുല്ലമംഗലം ബേബി എന്ന കർഷകൻ.
കോട്ടേകുളം പൂതനക്കയം മലഞ്ചെരിവിലാണ് ബേബിയുടെ ചെറുനാരക കൃഷി. മലമുകളിൽ കവുങ്ങ് കൃഷി തന്നെ പുതുമയുള്ളതാണ്. ഇതിനൊപ്പമാണ് ചെറുനാരകത്തെ പരിഗണിച്ചിട്ടുള്ളത്. മൂന്ന് ഏക്കറിലുണ്ടായിരുന്ന റബർ മരങ്ങൾ മുറിച്ചു മാറ്റിയാണ് കവുങ്ങും നാരക കൃഷിയും.
ഇതിനായി നാടൻ തൈകൾക്കു പുറമെ ആന്ധ്രയിൽനിന്നും ഹൈബ്രീഡ് ഇനത്തിൽപ്പെട്ട 300 ബഡ് നാരകതൈ എത്തിച്ചാണ് കൃഷി ചെയ്തിട്ടുള്ളത്. തൈകൾക്ക് ഒരു വർഷമാകും മുന്പെ പൂവിട്ട് കായ്ക്കാൻ തുടങ്ങി.
ചെടിയുടെ വളർച്ചയും കരുത്തും കാണുന്പോൾ അടുത്ത സീസണോടെ വില്പനക്കായി കൂടുതൽ നാരങ്ങ വിളയുമെന്നാണ് ബേബിയുടെ പ്രതീക്ഷ. ഇനവും പരിചരണവും നന്നാകുന്പോൾ വിളവിലും കുറവു വരാനിടയില്ല.
തൈകൾക്ക് നാലു വർഷമാകുമ്പോൾ ഒരു തൈയിൽനിന്നുതന്നെ ഒരു സീസണിൽ 15 കിലോ വരെ നാരങ്ങ കിട്ടുമെന്നാണ് കണക്ക്. പ്രായപൂർത്തിയാകുന്നതോടെ ഒരു നാരക മരത്തിൽനിന്ന് എണ്പത് മുതൽ നൂറ് കിലോ വരെയാകും വിളവ്.
ചെറിയ തോതിൽ വിളവ് തുടങ്ങിയപ്പോൾ തന്നെ ആവശ്യക്കാരുടെ ബഹളമാണെന്ന് ബേബി പറയുന്നു. എത്രയുണ്ടായാലും ഒന്നിച്ച് എടുക്കാമെന്ന് പറഞ്ഞ് വാക്ക് ഉറപ്പിച്ച് പോകുന്നവരുമുണ്ട്.
Agriculture
ഐടി മേഖലയിൽ ജോലി ചെയ്യുമ്പോഴും കത്തുന്ന സൂര്യനു കീഴിലെ കൃഷിയിടത്തെയും കർഷകരെയും മറക്കാതെ, കിട്ടുന്ന സമയമൊക്കെ മണ്ണിൽ പൊന്നുമത്തൻ വിളയിക്കുകയാണ് മൂവാറ്റുപുഴ ആയവന ഉപ്പൂട്ടുങ്കൽ ഷോണ് ജോഷി.
പച്ചക്കറി കൃഷിക്കു നൽകുന്ന സാധാരണ പരിചരണവും അൽപം ശ്രദ്ധയും നൽകി തണ്ണിമത്തൻ കൃഷി വിജയിപ്പിക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവ കർഷകൻ. വേനൽ വിളയായി പച്ചക്കറി കൃഷി ചെയ്തു വരുന്നതിനിടയിലാണ് തണ്ണിമത്തൻ കൃഷി പരീക്ഷിച്ചാലോ എന്ന ഒരു തോന്നൽ ഷോണിനുണ്ടാവുന്നത്.
പരീക്ഷണമെന്ന നിലയിൽ നോക്കിയ തണ്ണിമത്തൻ എന്ന വേനൽക്കാല കൃഷി ഇപ്പോൾ വിജയകരമായി നാലു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. പരമാവധി നനവു നിൽക്കുന്ന എന്നാൽ, വെയിൽ ലഭിക്കുന്ന മണ്ണാണ് കൃഷിക്ക് അനുയോജ്യമെന്ന് ഷോണ് പറഞ്ഞു.
നെൽപ്പാടം പോലെയുള്ള താഴ്ന്ന, നിരപ്പായ കൃഷിയിടം പരിപാലനം എളുപ്പമാക്കും. ഉയർന്ന് അല്പം ചെരിവുള്ള പ്രതലത്തിലാണ് ഷോണ് കൃഷി ചെയ്യുന്നത്. കൃഷി ആണ്ടുവട്ടം തുടർച്ചയായി ചെയ്യാൻ പദ്ധതിയുള്ളതിനാൽ കൃഷിയിടം മുഴുവൻ പൈപ്പു സ്ഥാപിച്ച് ഡ്രിപ്പ് ഇറിഗേഷനിലൂടെയാണ് തണ്ണിമത്തന് ജലസേചനം ക്രമീകരിച്ചിരിക്കുന്നത്.